in ,

അല്‍ഖന്‍സ വിദ്യാര്‍ഥികള്‍ അല്‍വതിയ്യത്ത് ഇന്റര്‍ചേഞ്ചില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു

അല്‍ഖന്‍സ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അല്‍വതിയ്യത്ത് ഇന്റര്‍ചേഞ്ചില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു

ദോഹ: അല്‍ഖന്‍സ ഗേള്‍സ് സ്‌കൂളിലെ മുപ്പത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ അല്‍വതിയ്യത്ത് ഇന്റര്‍ചേഞ്ചില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായി സഹകരിച്ചാണിത്.രാജ്യത്തെ നിരത്തുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിനും കുട്ടികളുടെ നേതൃത്വത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുമുള്ള കാമ്പയിന്റെ ഭാഗമാണിത്. ഖത്തര്‍ പദ്ധതികളിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. 2021 അവസാനംവരെ കാമ്പയിന്‍ തുടരും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഗതാഗത മന്ത്രാലയം, സാംസ്‌കാരിക കായിക മന്ത്രാലയം, ഖത്തര്‍ മ്യൂസിയംസ് അതോറിറ്റി, ഖത്തര്‍ റെയില്‍വെ കമ്പനി, പ്രൈവറ്റ് എന്‍ജിനിയറിങ് ബ്യൂറോ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അല്‍സിദര്‍, സുമുര്‍ മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി രാജ്യത്ത് ഹരിതസ്ഥലം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കാമ്പയിന്‍. സബാഹ് അല്‍ അഹ്മദ് ഇടനാഴിയിലെ അല്‍ വതിയ്യത്ത് ഇന്റര്‍ചേഞ്ചില്‍ 1,030 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും 1,030 ചതുരശ്ര മീറ്റര്‍ വികസനവും കാമ്പയിന്റെ ഭാഗമാണ്. കാമ്പയിന്റെ ഒന്നാംഘട്ടത്തിന് അടുത്തിടെ ഔദ്യോഗികമായി തുടക്കമായിരുന്നു. നിരവധി പദ്ധതികളുടെ രൂപകല്‍പ്പനയും നടപ്പാക്കലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും നിര്‍മ്മാണം, ഹരിത പ്രദേശങ്ങളുടെ നിര്‍മ്മാണവും പരിപാലനവും, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, സുപ്രധാന മേഖലകളുടെ വികസനം, രാജ്യമെമ്പാടും കലാസൃഷ്ടികള്‍ ചേര്‍ക്കല്‍ എന്നിവയെല്ലാം കാമ്പയിന്റെ ഭാഗമാണ്. കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും സംയോജിതവും സുരക്ഷിതവുമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക, ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുക, ദോഹ സൗന്ദര്യവല്‍ക്കരണം, കോര്‍ണീഷ് വികസനം എന്നിവ ഉള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫയര്‍‌സ്റ്റേഷനില്‍ മുഹമ്മദ് ഫരാജിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം തുടങ്ങി

ഖത്തര്‍ കപ്പിന് ഇന്ന് തുടക്കം