in ,

അല്‍ഖര്‍സ സൗരോര്‍ജ പദ്ധതി: കരാറുകള്‍ ഒപ്പുവെച്ചു

ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ അല്‍ഖര്‍സ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ നിന്ന്‌

800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും,
2021ല്‍ 350 മെഗാവാട്ട് ഗ്രിഡില്‍ കൂട്ടിച്ചേര്‍ക്കും

ദോഹ: അല്‍ഖര്‍സ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറുകള്‍ ഒപ്പുവെച്ചു. ഫോട്ടോവോള്‍ട്ടെയിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വലിയ അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അല്‍കഅബിയും പങ്കെടുത്തു. പ്ലാന്റ് നിര്‍മാണ കരാര്‍, പദ്ധതി നടത്തിപ്പിനുള്ള കമ്പനി രൂപീകരണം, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച കരാര്‍ എന്നിവയിലാണ് ഒപ്പുവെച്ചത്.
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റമ) പ്രസിഡന്റ് എന്‍ജിനിയര്‍ ഇസ്സ ഹിലാല്‍ അല്‍കുവാരി, ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കമ്പനി(ക്യുഇഡബ്ല്യുസി) ജനറല്‍ മാനേജറും മാനേജിങ് ഡയറക്ടറും സിറാജ് എനര്‍ജി ബോര്‍ഡ് അംഗവുമായ ഫഹദ് ഹമദ് അല്‍മുഹന്നദി, ജപ്പാന്റെ മാരുബെനി കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഒയുമായ മസുമി കകിനോകി, ടോട്ടല്‍ ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായ പാട്രിക് പൗയന്നെ എന്നിവരാണ് കരാറുകളില്‍ ഒപ്പുവെച്ചത്. കരാറുകള്‍ക്ക് അനുസൃതമായി ഖത്തറിലെ പ്രസരണ വിതരണ സംവിധാനത്തിന്റെ ഉടമയും ഓപ്പറേറ്ററുമായ കഹ്‌റമ സിറാജ് 1ല്‍ നിന്നും വൈദ്യുതി വാങ്ങും. ഖത്തര്‍ പെട്രോളിയത്തിന്റെയും ക്യുഇഡബ്ല്യുസിയുടെയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ സിറാജ് എനര്‍ജിക്ക് 60ശതമാനവും ജപ്പാന്റെ മാരുബെനി കോര്‍പ്പറേഷനും ഫ്രാന്‍സിന്റെ ടോട്ടല്‍ സോളാര്‍ ഇന്റര്‍നാഷണലും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന് 40ശതമാനവും ഓഹരിപങ്കാളിത്തമുള്ള കമ്പനിയാണ് സിറാജ് 1. 1.7 ബില്യണ്‍ റിയാല്‍(467 മില്യണ്‍ ഡോളര്‍) ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 800 മെഗാവാട്ട് വരെ വൈദ്യുതോത്പാദനമാണ് ലക്ഷ്യമിടുന്നത്. ഖത്തറിലെ നിലവിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുടെ പത്ത് ശതമാനത്തോളം വരും ഖര്‍സ പ്ലാന്റിന്റെ ഉത്പാദനശേഷി.
രാജ്യാന്തര കമ്പനികളും കണ്‍സോര്‍ഷ്യങ്ങളും പദ്ധതിയില്‍ വലിയതാല്‍പര്യം അറിയിച്ചിരുന്നു. 16 രാജ്യാന്തര ഡെവലപ്പേഴ്‌സ് പദ്ധതിയ്ക്കായുള്ള യോഗ്യതാപട്ടികയില്‍ ഇടംനേടിയിരുന്നു. ഇതില്‍നിന്നാണ് യോഗ്യമായ കമ്പനിയെ തെരഞ്ഞെടുത്തത്. സാമ്പത്തിക വൈവിധ്യം കൈവരിക്കുന്നതില്‍ എണ്ണ വാതക മേഖലയില്‍ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പദ്ധതിയുടെ ഒന്നാം ഘട്ടം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. 2021ന്റെ ഒന്നാം പാദത്തില്‍ 350 മെഗാവാട്ട് വൈദ്യുതി വൈദ്യുതിഗ്രിഡിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. 2021ന്റെ ആദ്യപാദത്തോടെ പ്ലാന്റിന്റെ ശേഷിയുടെ പകുതിയും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022ന്റെ ആദ്യപാദത്തോടെ പദ്ധതി പൂര്‍ണശേഷിയിലെത്തും. വ്യാവസായികാടിസ്ഥാനത്തില്‍ പൂര്‍ണമായി കമ്മീഷന്‍ ചെയ്യും.
അല്‍ഖര്‍സയില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിനായി പത്ത് സ്്ക്വയര്‍ കിലോമീറ്ററിലായാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. 25 വര്‍ഷത്തേക്ക് ബൂട്ട്(ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. മികച്ച വിലയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനൊപ്പം പരമ്പരാഗത വൈദ്യുതോത്പാദനത്തില്‍ പ്രകൃതിവാതകം ഉപയോഗിക്കുന്നത് ലാഭിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയയ്ക്കുന്നതിനും പരിസ്ഥിതി പരിപാലനം സാധ്യമാക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. പദ്ധതികാലയളവില്‍ 26 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക വിതരണക്കാരായ ഖത്തര്‍ കൂടുതല്‍ സൗരോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഊര്‍ജമന്ത്രി സാദ് ഷെരിദ അല്‍കഅബി വ്യക്തമാക്കി. ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ഊര്‍ജമേഖല നല്‍കുന്ന സംഭാവനകളുടെ ഭാഗമായാണ് അല്‍ഖര്‍സ പദ്ധതി. ഖത്തര്‍ ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സൗരോര്‍ജത്തിന്റെ എട്ടിരട്ടി ശേഷിയിലായിരിക്കും പ്ലാന്റിലെ ഉത്പാദനം. കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ പദ്ധതി ഖത്തറിനെ സഹായിക്കും. ഒക്ടോബറില്‍ ഖത്തര്‍ കാര്‍ബണ്‍ ക്യാപ്ചര്‍, സ്റ്റോറേജ് പ്ലാന്റ് കമ്മീഷന്‍ ചെയ്തിരുന്നു. 2025ഓടെ എല്‍എന്‍ജി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഞ്ചു ദശലക്ഷം ടണ്‍ കാര്‍ബണ്‍ വേര്‍തിരിച്ചെടുക്കുകയാണ് ലക്ഷ്യം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നിയമലംഘനം: സീലൈനില്‍ 407 വാഹനങ്ങള്‍ പിടിച്ചെടുത്തു

ട്രോളിഗ്ടിവിസ് യാത്രാകപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു