
ദോഹ: 2022 ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരവേദിയായ അല്‍ ഖോര്‍ ‘അല്‍ ബയ്ത്ത്’ സ്റ്റേഡിയം നിര്‍മാണ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി.
ലോകകപ്പിനായി സജ്ജമാകുന്ന എട്ടു സ്റ്റേഡിയങ്ങളിലൊന്നായ അല്‍ബയ്ത്ത് സ്റ്റേഡിയത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സംഘാടക ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടു. സ്റ്റേഡിയത്തിന്റെ ഉള്ളിലേക്കു മടക്കാവുന്ന മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ ബാഹ്യമുഖം, റൂഫ് മെംബ്രേന്‍ എന്നിവയുടെ ജോലികളും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികളും ഏറെക്കുറെ പൂര്‍ത്തിയായി. പ്രാദേശികമായി നിര്‍മിച്ച 60,000 സീറ്റുകളില്‍ മിക്കവയും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ആന്തരിക വാസ്തുവിദ്യാഘടന ഏറെക്കുറെ പൂര്‍ത്തിയായി.
സ്റ്റേഡിയത്തിനു പുറത്ത് പുല്ലും മരങ്ങളും ഏകദേശം പൂര്‍ണമായും നട്ടുപിടിപ്പിച്ചു. തടാകങ്ങളും ജലധാരകളും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ കളിസ്ഥലത്തെ ടര്‍ഫ് സ്ഥാപിക്കുന്നത് ഏപ്രിലില്‍ പൂര്‍ത്തിയാക്കിയിരുന്നു. ആറു മണിക്കൂര്‍ 41 മിനുട്ട് എന്ന റെക്കോര്‍ഡ് സമയത്തിലാണ് പൂര്‍ത്തീകരിച്ചത്.
റിട്രാക്റ്റബിള്‍(ഉള്ളിലേക്ക് മടക്കാവുന്ന) റൂഫ് സ്ട്രക്ചര്‍ സംവിധാനം അസംബിള്‍ ചെയ്താണ് സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത നാടോടി ടെന്റുകളെ അനുസ്മരിപ്പിക്കുന്നതാണ് സ്റ്റേഡിയം. 60,000ത്തോളം പേര്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സീറ്റിങ് കപ്പാസിറ്റി.
മത്സരം വീക്ഷിക്കാനെത്തുന്ന ഓരോരുത്തര്‍ക്കും പരമാവധി ആസ്വാദനം ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഇരിപ്പിടങ്ങള്‍. ലോകകപ്പിനുശേഷം സീറ്റിങ് കപ്പാസിറ്റി 30000 ആയി കുറയ്ക്കും. പരമ്പരാഗത ബദൂവിയന്‍ തമ്പിന്റെ മാതൃകയിലാണ് നിര്‍മാണം. തറനിരപ്പ് 14 മീറ്ററോളം ഉയര്‍ത്തി കുന്നായ സ്ഥലത്ത് ഉയര്ന്നുനില്ക്കുന്ന തമ്പിന്റെ ആകൃതിയിലാണ് സ്റ്റേഡിയം