
ദോഹ:നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം തുറന്ന അല്‍ഖോര്‍ ഫാമിലി പാര്‍ക്കില്‍ സന്ദര്‍ശകപ്രവാഹം. പാര്‍ക്ക് തുറന്നശേഷമുള്ള ആദ്യ വാരാന്ത്യമായ വെള്ളിയാഴ്ച സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികളും കുടുംബങ്ങളുമായി ഒട്ടേറെപേരാണ് പാര്‍ക്കിന്റെ സൗന്ദര്യവും ഹരിതഭംഗിയും മൃഗശാലയിലെ വിസ്മയക്കാഴ്ചകളും ആസ്വദിക്കാനെത്തിയത്. പാര്‍ക്കിന്റെ പാര്‍ക്കിങ് സ്‌പേസ് വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.
പാര്‍ക്ക് വീണ്ടും തുറന്ന് ആദ്യ രണ്ടു ദിവസങ്ങളില്‍ മാത്രം 4,000 പേര്‍ സന്ദര്‍ശിച്ചിരുന്നു. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നു വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്കുശേഷം രണ്ടു മുതല്‍ രാത്രി പതിനൊന്നുവരെയുമാണ് പ്രവര്‍ത്തനസമയം. ചൊവ്വാഴ്ചകളില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. എന്നാല്‍ ഫെബ്രുവരി 25 ചൊവ്വാഴ്ച കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും പ്രവേശനം അനുവദിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് മാനേജ്‌മെന്റ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയും എല്ലാ കുടുംബങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധനവും പാര്‍ക്ക് വീണ്ടുംതുറക്കുന്നതിനായി കാത്തിരുന്ന ഒട്ടേറെപേര്‍ക്ക് പാര്‍ക്ക് കാണാന്‍ അവസരമൊരുക്കുക എന്നിവ മുന്‍നിര്‍ത്തിയാണ് ഈ രണ്ടു ചൊവ്വാഴ്ചകളിലും എല്ലാ കുടുംബാംഗങ്ങള്‍ക്കും പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്നവര്‍ക്ക് 15 റിയാലാണ് പ്രവേശനഫീസ്. പത്തുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പത്ത് റിയാലാണ് ഫീസ്.
പാര്‍ക്കിനുള്ളിലെ ട്രെയിന്‍ റൈഡിന് അഞ്ചു റിയാലാണ് ഫീസ്. ബാറ്ററിയില്‍ ഓടുന്ന തീവണ്ടിയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. ഒരുസമയം 36 പേര്‍ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യാം. വീണ്ടും തുറന്നതിനുശേഷം ആദ്യ രണ്ടുദിവസങ്ങളില്‍ മാത്രം 838 സന്ദര്‍ശകര്‍ തീവണ്ടിയിലെ റൈഡ് ആസ്വദിച്ചു. 32 മില്യണ്‍ റിയാലിന്റെ നവീകരണ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയത്. മൃഗശാലയാണ് പാര്‍ക്കിന്റെ മുഖ്യ ആകര്‍ഷണം. കാണ്ടാമൃഗം, ആന, ജിറാഫ്, സിംഹങ്ങള്‍, മുതലകള്‍, കുരങ്ങുകള്‍, പക്ഷികള്‍, ഒറിക്‌സ് എന്നിവയുടെയെല്ലാം സാന്നിധ്യം മൃഗശാലയുടെ വൈവിധ്യം പ്രകടമാക്കുന്നു. 49 ഇനങ്ങളിലായി 315 മൃഗങ്ങളാണ് പാര്‍ക്കിലുള്ളത്. പ്രതിവര്‍ഷം അഞ്ചുലക്ഷം സന്ദര്‍ശകര്‍ പാര്‍ക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ തരം മാനുകള്‍, സീബ്ര, ആഫ്രിക്കന്‍ ഒട്ടകപ്പക്ഷി, മയില്‍, ഗിനിക്കോഴി, ലാമ, കുള്ളന്‍ കുതിരകള്‍, ആമസോണ്‍ പക്ഷികള്‍ തുടങ്ങിയവയെല്ലാമുണ്ട്.
നവീകരിച്ച പാര്‍ക്കില്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ കോഫി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ടോയ്ലറ്റുകള്‍, മറ്റ് സൗകര്യങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2,40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക്.