in

അല്‍ഖോര്‍ റോഡ് വികസന പദ്ധതിയില്‍ അശ്ഗാല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-19 21:54:29Z | |
Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-19 21:54:29Z | |

ദോഹ: അല്‍ഖോര്‍ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അല്‍ഖോര്‍ റോഡ് വികസനപദ്ധതിയുടെ വശങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായി സഹകരിച്ചാണിത്.രാജ്യത്തെ നിരത്തുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിനും കുട്ടികളുടെ നേതൃത്വത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുമുള്ള കാമ്പയിന്റെ ഭാഗമാണിത്. അല്‍ഖോര്‍ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു പുറമെ നാകിലാത് കമ്പനി ജീവനക്കാരും അവരുടെ കുടുംബങ്ങളും കാമ്പയിനിന്റെ ഭാഗമായി മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
അശ്ഗാല്‍ പദ്ധതികാര്യ വകുപ്പ് ഡയറക്ടര്‍ എന്‍ജിനിയര്‍ യൂസുഫ് അല്‍ഇമാദി, നാകിലാത് ചീഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ റാഷിദ് ഹമദ് അല്‍മര്‍റി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക്‌സ് വകുപ്പിലെ പ്രൊജക്റ്റ്‌സ് വിഭാഗം മേധാവി ഖാലിദ് അഹമ്മദ് അല്‍സാന്‍ദി, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അബ്ദുല്ല മഗലാദ് അല്‍മുറൈഖി തുടങ്ങിയവര്‍ പങ്കെടുത്തു. എകസ്പ്രസ്സ് വേ പദ്ധതിയുടെ ഭാഗമായാണ് അശ്ഗാല്‍ 33 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അല്‍ഖോര്‍ റോഡ് നിര്‍മിക്കുന്നത്. 20ലധികം റസിഡന്‍ഷ്യല്‍ മേഖലകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
തര്‍ഫ റോഡ്, അല്‍മജ്ദ് റോഡ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ് എന്നിവയെയെല്ലാം നേരിട്ടു ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ലോകകപ്പ് വേദികളായ അല്‍ഖോര്‍ അല്‍ബയ്ത്ത് സ്്‌റ്റേഡിയം, ലുസൈല്‍ സ്‌റ്റേഡിയം എന്നിവയുമായും നേരിട്ട് ബന്ധിപ്പിക്കുന്നുണ്ട്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി അല്‍ഖോര്‍ റോഡ് പദ്ധതിയില്‍ 30,000ലധികം മരങ്ങള്‍ നട്ടുപിടിപ്പിക്കും.
33 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാതകളും പദ്ധതിയുടെ ഭാഗമാണ്. ഖത്തര്‍ പദ്ധതികളിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. 2021 അവസാനംവരെ കാമ്പയിന്‍ തുടരും. ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതില്‍ കാമ്പയിന്റെ പങ്കിനെക്കുറിച്ച് എന്‍ജിനിയര്‍ സാറാ കഫൗദ് വിശദീകരിച്ചു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഗതാഗത മന്ത്രാലയം, സാംസ്‌കാരിക കായിക മന്ത്രാലയം, ഖത്തര്‍ മ്യൂസിയംസ് അതോറിറ്റി, ഖത്തര്‍ റെയില്‍വെ കമ്പനി, പ്രൈവറ്റ് എന്‍ജിനിയറിങ് ബ്യൂറോ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അല്‍സിദര്‍, സുമുര്‍ മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.
പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി രാജ്യത്ത് ഹരിതസ്ഥലം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കാമ്പയിന്‍. കാമ്പയിന്റെ ഒന്നാംഘട്ടത്തിന് അടുത്തിടെ ഔദ്യോഗികമായി തുടക്കമായിരുന്നു.
നിരവധി പദ്ധതികളുടെ രൂപകല്‍പ്പനയും നടപ്പാക്കലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും നിര്‍മ്മാണം, ഹരിത പ്രദേശങ്ങളുടെ നിര്‍മ്മാണവും പരിപാലനവും, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, സുപ്രധാന മേഖലകളുടെ വികസനം, രാജ്യമെമ്പാടും കലാസൃഷ്ടികള്‍ ചേര്‍ക്കല്‍ എന്നിവയെല്ലാം കാമ്പയിന്റെ ഭാഗമാണ്.
കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും സംയോജിതവും സുരക്ഷിതവുമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക, ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുക, ദോഹ സൗന്ദര്യവല്‍ക്കരണം, കോര്‍ണീഷ് വികസനം എന്നിവ ഉള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. പവര്‍ സ്റ്റേഷനുകള്‍ പോലുള്ള മറ്റുചില മേഖലകള്‍ ഹരിത പ്രദേശങ്ങളാക്കി മാറ്റും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പേള്‍ ഖത്തറില്‍ 2019ല്‍ പ്രവേശിച്ചത് 15 മില്യണ്‍ വാഹനങ്ങള്‍

സക്കാത്ത് ഫണ്ട്: 2019ല്‍ വിതരണം ചെയ്തത് 250 മില്യണിലധികം റിയാല്‍