
ദോഹ: അഞ്ചാമത് രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ച് അല്‍ഖോറില്‍ യോഗദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെയും ഭാരതിയുടെയും സഹകരണത്തോടെയായിരുന്നു പരിപാടികള്‍. അല്വഹ ക്ലബ്ബില്‍ നടന്ന യോഗാദിനാഘോഷത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് പങ്കെടുത്തു.
അല്‍ഖോറിലെ നിരവധി യോഗ പ്രേമികളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന്റെ അവതരണത്തോടെയായിരുന്നു പരിപാടികള്‍ തുടങ്ങിയത്.യോഗയുടെ ഗുണങ്ങളെക്കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിച്ചു. അല്‍ഖോര്‍ കമ്യൂണിറ്റി ഹെഡ് ഓഫ് ക്ലബ്സ് ജാസിം മുഹമ്മദ് അഷ്കനാനിയായിരുന്നു മുഖ്യാതിഥി. രാജ്യാന്തര യോഗ ദിനത്തെ പിന്തുണച്ച ജാസിം മുഹമ്മദിന് അംബാസഡര്‍ ഉപഹാരം നല്കി. ഭാരതി പ്രസിഡന്റ് ദീപ ബക്സി പരിപാടി നിയന്ത്രിച്ചു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് നിലാങ്ഷു ഡെ സ്വാഗതവും മോഹന്‍ കുമാരവേല്‍ നന്ദിയും പറഞ്ഞു.