in ,

അല്‍ജസീറ മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ കോടതി ഉത്തരവ്

മഹ്മൂദ് ഹുസൈന്‍

ദോഹ: വിചാരണയോ ഔദ്യോഗിക ചാര്‍ജോ ചുമത്താതെ 880ലധികം ദിവസമായി നിയമവിരുദ്ധമായി തടവില്‍ കഴിയുന്ന അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ കോടതി ഉത്തരവിട്ടു. ഈജിപ്ഷ്യന്‍ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അല്‍ജസീറ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

ഹുസൈനെ മോചിപ്പിക്കണമെന്ന് ചൊവ്വാഴ്ചയായിരുന്നു കോടതി ഉത്തരവിട്ടത്. അതേസമയം പ്രോസിക്യൂഷന്റെ അപ്പീലിനെത്തുടര്‍ന്ന് ഹുസൈനെ വ്യാഴാഴ്ച മറ്റൊരു കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കിലും കോടതി മുന്‍തീരുമാനം ശരിവെയ്ക്കുകയായിരുന്നു. എന്നിരുന്നാലും ഖത്തര്‍ ആസ്ഥാനമായുള്ള ഈജിപ്ഷ്യന്‍ പ്രൊഡ്യൂസര്‍ ഹുസൈന്‍ എന്ന് ജയിലില്‍ നിന്നും മോചിതനാകുമെന്നതില്‍ അവ്യക്ത തുടരുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പിതാവ് മുന്‍കരുതല്‍ നടപടികളുമായി മോചിതനാകുമെന്നും ജയിലില്‍ നിന്നും ഉടന്‍തന്നെ പൊലീസ് സ്റ്റേഷനിലേക്ക് അദ്ദേഹത്തെ മാറ്റുമെന്നും ഹുസൈന്റെ മകള്‍ അസ് സഹ്‌റ ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈജിപ്ഷ്യന്‍ നിയമപ്രകാരം ഹുസൈനൈ 24 മണിക്കൂറിനകം മോചിപ്പിക്കേണ്ടതാണെന്ന് അറബിക് നെറ്റ്‌വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ഫര്‍മേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗമാല്‍ ഈദ് പറഞ്ഞു. ഇന് അന്തിമ കോടതിവിധിയാണെങ്കിലും സുരക്ഷാസേനകള്‍ മോചിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ മോചനം വൈകിക്കാന്‍ അവര്‍ക്കാവും.

ചില മുന്‍കാല കേസുകളില്‍ മോചന ഉത്തരവ് നടപ്പാക്കുന്നതിന് നിരവധി മാസങ്ങള്‍ എടുത്തിരുന്നു- ഈദ് ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടറുടെ അപ്പീല്‍ വ്യാഴാഴ്ച കെയ്‌റോ ക്രിമിനല്‍ കോടതി തള്ളിയതായി ഹുസൈന്റെ അഭിഭാഷകന്‍ താഹിര്‍ അബു അല്‍നാസര്‍ അനദോളു ന്യൂസ് ഏജന്‍സിയോടു പറഞ്ഞു. വിചാരണക്കു മുമ്പായി തടവില്‍വെയ്ക്കുന്നത് ദുരുപയോഗം ചെയ്ത കേസാണ് ഹുസൈന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബവുമായി അവധി ആഘോഷിക്കാന്‍ കെയ്‌റോയിലെത്തിയപ്പോള്‍ 2016 ഡിസംബറിലാണ് മഹ്മൂദ് ഹുസൈനെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണങ്ങളുടെ പേരു പറഞ്ഞ് ഇദ്ദേഹത്തിന്റെ തടവ് ഈജിപ്ഷ്യന്‍ അധികൃതര്‍ തുടര്‍ച്ചയായി പുതുക്കിവരികയായിരുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്നാരോപിച്ചാണ് ഇദ്ദേഹത്തെ തടവിലിട്ടിരിക്കുന്നത്.

മഹ്മൂദ് ഹുസൈനെതിരായ മുഴുവന്‍ ആരോപണങ്ങളും തള്ളിക്കളഞ്ഞ അല്‍ജസീറ പ്രാദേശിക സോഷ്യല്‍ മീഡിയകളിലൂടെ ഈജിപ്ഷ്യന്‍ അധികൃതരുടെ നടപടികളെ അപലപിക്കുകയും രാജ്യാന്തര നിയമങ്ങളുടെയും പത്ര മാധ്യമ സ്വാതന്ത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. 2013 മുതല്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ഷ്യന്‍ അതോറിറ്റികള്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ മെട്രോ യാത്ര സുരക്ഷിതമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ റെയില്‍

ഖത്തര്‍ എയര്‍വേയ്‌സ് തുര്‍ക്കിയിലെ ഇസ്മിറിലേക്ക് സര്‍വീസ് തുടങ്ങി