
ദോഹ: അല്‍ദായേന്‍ നേവല്‍ ബേസ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍താനി രാജ്യത്തിന് സമര്‍പ്പിച്ചു. വടക്കന്‍ ഖത്തറിലെ സിമൈസിമ ഏരിയയില്‍ തീര അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ പുതിയ കെട്ടിടമാണിത്. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
തീര അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദര്‍ശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. 1951ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍, സാധ്യതകള്‍, പ്രത്യേകതകള്‍, സവിശേഷതകള്‍, സമുദ്ര അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതില്‍ വഹിക്കുന്ന പങ്ക്, കള്ളക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതില്‍ വഹിക്കുന്ന പങ്ക്, തെരച്ചില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍, മറ്റു പ്രത്യേകതകള്‍ എന്നിവയെല്ലാം പ്രതിഫലിക്കുന്നതാണ് ഡോക്യുമെന്ററി.

വകുപ്പിന്റെ സേര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമിന്റെ അവതരണവും പ്രധാനമന്ത്രി വീക്ഷിച്ചു. തുടര്‍ന്ന് അദ്ദേഹം വകുപ്പിന്റെ നിരവധി പുതിയ കെട്ടിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഏറ്റവും സുപ്രധാനമായ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു. തീരദേശ അതിര്‍ത്തി സുരക്ഷാ ജോലികളുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്ന ഉപകരണങ്ങള്‍, സമുദ്രസുരക്ഷയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള പ്രകടനത്തിന്റെ തോത് ഉയര്‍ത്തുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രിയോടു വിശദീകരിച്ചു.
രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി സംരക്ഷിക്കാന്‍ ആവശ്യമായ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് അല്‍ ദായേന്‍ മറൈന്‍ ബേസ്. ജലാതിര്‍ത്തി ലംഘിക്കുന്നത് തടയുന്നത് ഉറപ്പുവരുത്തുന്നതിന് പുറമേ കടല്‍ മാര്‍ഗം നിരോധിത വസ്തുക്കള്‍ കള്ളക്കടത്തായി എത്തുന്നതും നിയന്ത്രിക്കാനാവും.
കടല്‍ നിയമങ്ങളുടെ ലംഘനത്തെ നിയന്ത്രിക്കാന്‍ പുതിയ നേവല്‍ ബേസിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും സമുദ്രസേവനങ്ങള്‍ നല്‍കുന്നതിനും സഹായകമാകും. മാരിടൈം പട്രോള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകും. ഖത്തറിന്റെ പാരമ്പര്യത്തെ ആധുനിക ഡിസൈനുകളുമായി കോര്‍ത്തിണക്കിയാണ് നാവിക ബേസിന്റെ രൂപകല്‍പന.
639,800 സ്‌ക്വയര്‍മീറ്ററിലായാണ് നേവല്‍ ബേസ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിട പരിസരം 143,164 സ്‌ക്വയര്‍ മീറ്ററാണ്. 25 കെട്ടിടങ്ങളാണ് ആകെയുള്ളത്. ജനറല്‍ ഡയറക്ടറേറ്റിന്റെ എല്ലാ യൂണിറ്റുകളെയും ഉള്‍ക്കൊള്ളാനാകും. നാലു വകുപ്പുകളായി ജനറല്‍ ഡയറക്ടറേറ്റിനെ തിരിച്ചിട്ടുണ്ട്.
ഭരണകാര്യ വകുപ്പ്, ഓപ്പറേഷന്‍സ്, എക്‌സ്റ്റേണല്‍ റീജിയണ്‍സ്, ലോജിസ്റ്റിക് വകുപ്പുകള്‍ എന്നിവയായാണ് തിരിച്ചിരിക്കുന്നത്. കൂടാതെ ആറു മീറ്റര്‍ താഴ്ചയുള്ള സമഗ്രവും ആധുനികവുമായ തുറമുഖവും നേവല്‍ ബേസിന്റെ ഭാഗമാണ്. കായിക, ആരോഗ്യ, പരിശീലന സൗകര്യങ്ങള്‍, ഷൂട്ടിങ്- ട്രെയ്‌നിങ് ഫീല്‍ഡുകള്‍, സിവില്‍ ഡിഫന്‍സ് ഓഫീസ്, മെഡിക്കല്‍ ക്ലിനിക്ക്, നിര്‍മാണ- അറ്റകുറ്റപ്പണി വര്‍ക്ക്‌ഷോപ്പുകള്‍, ഓപ്പറേറ്റിങ് റൂമുകള്‍, ഓഫീസര്‍മാര്‍ക്കുള്ള താമസകേന്ദ്രങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
നേവല്‍ ട്രെയ്‌നിങ് സെന്റര്‍, ആയുധ ഡിപ്പോ എന്നിവയുണ്ട്. ഓഫീസര്‍മാര്‍ക്കായുള്ള താമസസൗകര്യത്തില്‍ 150 കിടക്കകളാണുള്ളത്. മറ്റു റാങ്കുകളിലുള്ളവര്‍ക്കായി 1600 കിടക്കകള്‍ ഉള്‍പ്പടെയുള്ള സൗകര്യത്തോടെ ക്വാര്‍ട്ടേഴ്‌സുകളുണ്ട്. 50 റൂമുകളും 25 സ്യൂട്ടുകളുമുള്ള ഹോട്ടലുമുണ്ട്. ബിസിനസ് സെന്റര്‍, പള്ളി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.