in ,

അല്‍ദുഹൈല്‍ അമീര്‍ കപ്പ് ജേതാക്കള്‍: അമീര്‍ കിരീടം സമ്മാനിച്ചു

അമീര്‍ കപ്പ് ജേതാക്കളായ അല്‍ദുഹൈല്‍ ടീം കിരീടവുമായി

ദോഹ: അമീര്‍ കപ്പ് അല്‍ദുഹൈല്‍ നിലനിര്‍ത്തി. 2022 ഫിഫ ലോകകപ്പിനായി സജ്ജമായ വഖ്‌റയിലെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ അല്‍സദ്ദിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ദുഹൈല്‍ കിരീടം നിലനിര്‍ത്തിയത്.

കിരീട നേട്ടത്തോടെ വിരമിക്കാമെന്ന സദ്ദ് ക്യാപ്റ്റന്‍ സാവി ഹെര്‍ണാണ്ടസിന്റെ സ്വപ്‌നം പൊലിഞ്ഞു. മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ സദ്ദ് ഗോള്‍ സ്‌കോര്‍ ചെയ്‌തെങ്കിലും പിന്നീട് ദുഹൈലിന്റെ സര്‍വാധിപത്യമായിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദുഹൈലിന് അമീര്‍ കപ്പും സ്വര്‍ണമെഡലുകളും അല്‍സദ്ദ് താരങ്ങള്‍ക്ക് വെള്ളിമെഡലുകളും സമ്മാനിച്ചു.

വഖ്‌റ സ്റ്റേഡിയം ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനും അമീര്‍ കപ്പ് ഫൈനല്‍ വീക്ഷിക്കുന്നതിനുമായി ശൈഖ് അബ്ദുല്‍അസീസ് ബിന്‍ ഖലീഫ അല്‍താനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ്, ശൈഖുമാര്‍, മന്ത്രിമാര്‍ എന്നിവര്‍ എത്തിയിരുന്നു.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോര്‍ഗെ ബ്രെന്‍ഡെ, ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(സിഎഎഫ്) പ്രസിഡന്റും ഫിഫ കൗണ്‍സില്‍ അംഗവുമായ അഹമ്മദ് അഹമ്മദ്, സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായ അലെജാന്‍ഡ്രോ ഡൊമിങ്ഗ്വസ്, കോണ്‍ഫഡറേഷന്‍ ഓഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ അസോസിയേഷന്‍ ഫുട്‌ബോള്‍(കോണ്‍കാഫ്) പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായ വിറ്റോറിയോ മോന്റഗ്ലിയാനി എന്നിവരും നയതന്ത്രതലവന്‍മാരും കായിക ഫെഡറേഷനുകളുടെ തലവന്‍മാരും അറബ്, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റികളിലെ അംഗങ്ങളും അതിഥികളും ഉള്‍പ്പടെയുള്ളവരും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യാസ് ഖത്തറിന് പുതിയ ഭാരവാഹികള്‍

വഖ്‌റ സ്റ്റേഡിയം അമീര്‍ കായികലോകത്തിനു സമര്‍പ്പിച്ചു