
ദോഹ: അല്‍ഫുറൂസിയ സ്ട്രീറ്റ് പൂര്‍ണമായും ഗതാഗതത്തിന് തുറന്നുനല്‍കിയതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. പ്രദേശത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതിലും ഫിഫ ലോകകപ്പ് മത്സരവേദികളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിലും നിര്‍ണായകപങ്ക് വഹിക്കുന്നതാണ് ഈ സ്ട്രീറ്റ്. പ്രധാന പാര്‍പ്പിട മേഖലകളായ മുറൈഖ്, അല്‍ റയ്യാന്‍ അല്‍ ജദീദ്, ബായാ, മൈദര്‍, അല്‍ അസീസിയ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് പുറമേ നിരവധി പൊതുസൗകര്യങ്ങളിലേക്കും ആസ്പയര്‍ സോണ്‍ കോംപ്ലക്‌സ്, വില്ലാജിയോ മാള്‍, ഇക്വസ്ട്രിയന്‍ ക്ലബ്ബ് എന്നിവയിലേക്കും സുഗമമായ പ്രവേശം ഉറപ്പാക്കുന്നതില്‍ അല്‍ഫുറൂസിയ സ്ട്രീറ്റിന്റെ പങ്ക് പ്രധാനമാണെന്ന് അശ്ഗാല്‍ റോഡ്‌സ് പ്രൊജക്റ്റ്‌സ് വകുപ്പ് മാനേജര്‍ എന്‍ജിനിയര്‍ സഊദ് അല്‍തമീമി പറഞ്ഞു. നിരവധി ഹോട്ടലുകള്‍, വാണിജ്യ, സേവന കേന്ദ്രങ്ങള്‍, കാല്‍ഗറി സര്‍വകലാശാല, ആസ്പയര്‍ അക്കാദമി തുടങ്ങിയ വിദ്യാഭ്യാസ സൗകര്യങ്ങളിലേക്കും സുഗമമായ പ്രവേശനം ഉറപ്പാക്കാനാകും.
ഇപ്പോള്‍ തുടരുന്ന ഫിഫ ക്ലബ് ലോകകപ്പിനും പ്രയോജനകരമാണ്. സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന ഖലീഫ സ്റ്റേഡിയത്തിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പാക്കുന്നതാണ് ഫുറൂസിയ സ്ട്രീറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗത ഒഴുക്ക് കാര്യക്ഷമമാക്കാനും പ്രദേശത്തെ തിരക്ക് കുറക്കാനും സ്ട്രീറ്റ് വികസനത്തിലൂടെ സാധിക്കും. ഓരോ ദിശയിലും പാതകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയും ചുറ്റുമുള്ള സ്്ട്രീറ്റുകളുടെ പ്രവേശ, നിര്‍ഗമന സൗകര്യങ്ങള്‍ നവീകരിച്ചും സേവന റോഡുകള്‍ ലഭ്യമാക്കിയുമാണ് ഫുറൂസിയ സ്ട്രീറ്റിന്റെ വാഹന ശേഷി മെച്ചപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ സല്‍വ റോഡ്, അല്‍വാബ് സ്ട്രീറ്റ്, മൈദര്‍ സ്ട്രീറ്റ്, അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റ്, ഹുവാര്‍ സ്ട്രീറ്റ് തുടങ്ങിയവയുമായി അല്‍ഫുറൂസിയ സ്ട്രീറ്റിനെ ബന്ധിപ്പിക്കുന്നുണ്ട്.
അല്‍ മനാസീര്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ ഫുറൂസിയ ഇന്റര്‍സെക്ഷനിലേക്കുളള സ്ട്രീറ്റില്‍ പാതകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ട്രീറ്റിന്റെ
ഇരുവശത്തും സര്‍വീസ് റോഡുകളുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമായിരുന്നു. അല്‍മനാസീര്‍ ഇന്റര്‍സെക്ഷന്‍ നവീകരിക്കുകയും ഉംഅല്‍ജമാജിം സ്ട്രീറ്റില്‍ പുതിയ ഇന്റര്‍സെക്ഷന്‍ സ്ഥാപിക്കുകയും അല്‍ഫുറൂസിയ, മൈദര്‍ റൗണ്ട്എബൗട്ടുകളെ സിഗ്നല്‍ ഇന്റര്‍സെക്ഷനുകളാക്കി മാറ്റുകയും ചെയ്തു. പ്രദേശത്തെ ഏറ്റവും തിരക്കേറിയ രണ്ടു റൗണ്ട്എബൗട്ടുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയായിരുന്നു ലക്ഷ്യം.
ലൈറ്റിംഗ് സംവിധാനം നവീകരിക്കുന്നതിനൊപ്പം 573 പാര്‍ക്കിംഗ് ബേകളുടെ നിര്‍മ്മാണവും 233 ലൈറ്റിംഗ് തൂണുകള്‍ സ്ഥാപിക്കുന്നതും പ്രദ്ധതിയിലുള്‍പ്പെട്ടു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്, 15.7 കിലോമീറ്റര്‍ കാല്‍നട പാതയും 5.6 കിലോമീറ്റര്‍ സൈക്കിള്‍ പാതകളും നിര്‍മ്മിച്ചു. 100 മരങ്ങളും നട്ടുപിടിപ്പിച്ചു. ഏകദേശം 250 മില്യണ്‍ റിയാലാണ് പദ്ധതിയുടെ ചെലവ്.