in ,

അല്‍ബയ്ത്ത് സ്‌റ്റേഡിയം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു

al khor stadium

ദോഹ: 2022 ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരവേദിയായ അല്‍ ഖോര്‍ ‘അല്‍ ബയ്ത്ത്’ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതായി ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.

ലോകകപ്പിനായി സജ്ജമാകുന്ന എട്ടു സ്റ്റേഡിയങ്ങളിലൊന്നായ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സുപ്രീംകമ്മിറ്റി പുറത്തുവിട്ടു. സ്റ്റേഡിയത്തിന്റെ ഉള്ളിലേക്കു മടക്കാവുന്ന മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രവും പങ്കുവച്ചു. സ്റ്റേഡിയത്തിന്റെ ബാഹ്യമുഖം, റൂഫ് മെംബ്രേന്‍ എന്നിവയുടെ ജോലികളും ഏറെക്കുറെ പൂര്‍ത്തിയായി.
സ്റ്റേഡിയത്തിന്റെ കളിസ്ഥലത്തെ ടര്‍ഫ് സ്ഥാപിക്കുന്നത് ഏപ്രിലില്‍ പൂര്‍ത്തിയാക്കിയിരുന്നു.

ആറു മണിക്കൂര്‍ 41 മിനുട്ട് എന്ന റെക്കോര്‍ഡ് സമയത്തിലാണ് പൂര്‍ത്തീകരിച്ചത്. റിട്രാക്റ്റബിള്‍(ഉള്ളിലേക്ക് മടക്കാവുന്ന) റൂഫ് സ്ട്രക്ചര്‍ സംവിധാനം അസംബിള്‍ ചെയ്താണ് സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണമായും അസംബിള്‍ ചെയ്തതോടെ മേല്‍ക്കൂരയ്ക്ക് 1600 ടണ്ണാണ് ഭാരം.. ഏകദേശം 380 ഇടത്തരം മോട്ടോര്‍കാറുകള്‍ക്ക് തുല്യമായ ഭാരം.

ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മേല്‍ക്കൂര അടയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. മൂന്നൂഘട്ടങ്ങളിലായുള്ള നീക്കത്തിലൂടെ കേവലം 20 മിനിട്ടുകള്‍ക്കകം മേല്‍ക്കൂര അടയ്ക്കാനാകും. ഓരോ മേല്‍ക്കൂരയുടെയും ചട്ടക്കൂട് 94.4 മീറ്റര്‍ ഘനയളവും 82 മുതല്‍ 104 ടണ്‍വരെ ഭാരമുള്ളവയുമാണ്.

പരമ്പരാഗത നാടോടി ടെന്റുകളെ അനുസ്മരിപ്പിക്കുന്നതാണ് സ്റ്റേഡിയം. 60,000ത്തോളം പേര്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സീറ്റിങ് കപ്പാസിറ്റി. മത്സരം വീക്ഷിക്കാനെത്തുന്ന ഓരോരുത്തര്‍ക്കും പരമാവധി ആസ്വാദനം ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഇരിപ്പിടങ്ങള്‍. ലോകകപ്പിനുശേഷം സീറ്റിങ് കപ്പാസിറ്റി 30000 ആയി കുറയ്ക്കും. ഇതിനോടകം 53,000ലധികം സീറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

പരമ്പരാഗത ബദൂവിയന്‍ തമ്പിന്റെ മാതൃകയിലാണ് നിര്‍മാണം. തറനിരപ്പ് 14 മീറ്ററോളം ഉയര്‍ത്തി കുന്നായ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്ന തമ്പിന്റെ ആകൃതിയിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. അകത്തും പുറത്തും പരമ്പരാഗത ബിദൂയിന്‍ ടെന്റിന്റെ നിറവും നല്‍കും.

പരമ്പരാഗതമായി നാടോടികളായ മനുഷ്യര്‍ ഉപയോഗിക്കുന്ന കുറുപ്പും വെളുപ്പും കളറുകള്‍ ഇടകലര്‍ന്ന ബയ്ത്ത് അല്‍ ഷാര്‍ ടെന്റുകള്‍ ഖത്തറിന്റെ പ്രൗഡ പാരമ്പര്യത്തിന്റെ ഉദാഹരണമാണ്. ഇതിന്റെ മാതൃകയിലുള്ള അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയം പുതിയ കാഴ്ചാനുഭവം കൂടി സമ്മാനിക്കും. പരമ്പരാഗത ഖത്തരി കൂടാരത്തില്‍ ഇരുന്ന് ലോകകപ്പ് ഫുട്‌ബോള്‍ ആസ്വദിക്കാനുള്ള അവസരമാണ് അല്‍ ബെയ്ത്തില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്.

ദീര്‍ഘകാലംനില നില്‍ക്കുന്ന പോളിടെട്രാഫ്‌ളൂറോ എതിലീന്‍(പി.ടി.എഫ്.ഇ.) എന്ന വെളുത്ത പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചാണ് മേല്‍ക്കൂര തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ മുമ്പ് എവിടെയും കണ്ടിട്ടില്ലാത്ത പ്രസന്നത സ്റ്റേഡിയത്തിന് ഉണ്ടാകും. സ്‌പോര്‍ട്‌സ് സെന്റര്‍, കമ്യൂണിറ്റി ഹബ്, ആശുപത്രി, മാള്‍, പാര്‍ക്ക് എന്നിവയുള്‍പ്പെട്ട കോംപ്ലക്‌സും സ്റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബസുകള്‍ക്കും ട്രാമുകള്‍ക്കുമിടയില്‍ ഗതാഗതത്തിനായി നൂതന സര്‍വീസ്

തിമിഗംല സ്രാവുകളുടെ സംരക്ഷണം: മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു