
ദോഹ: കതാറ ആര്‍ട്ട് സെന്ററിലെ അല്‍മര്‍ക്കിയ ഗ്യാലറിയില്‍ അടുത്തിടെ ആരംഭിച്ച ചിത്രപ്രദര്‍ശനം വേറിട്ട രചനാ ശൈലികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. അറബ് സംസ്‌കാരത്തിന്റെയും മറ്റും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശിപ്പിക്കപ്പെട്ട 20 കലാസൃഷ്ടികളും ആശയത്തില്‍ വ്യത്യാസമുണ്ടെങ്കിലും കരിയും മഷിയും മാധ്യമമായി ഉപയോഗിച്ചുവെന്നതാണ് പ്രത്യേകത. കാഴ്ചക്കാരില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നതാണ് എല്ലാവരകളും. ഖത്തരി കലാകാരന്മാരായ അബീര്‍ അല്‍കുവാരി, അഹമ്മദ് അല്‍ജുഫൈരി എന്നിവര്‍ തങ്ങളുടെ വരകളിലെ സവിശേഷമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
താന്‍ പങ്കെടുക്കുന്ന ഇരുപതാമത്തെ എക്‌സിബിഷനാണ് ഇതെന്നും അതിനാല്‍ വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണെന്നും അല്‍ജുഫൈരിയെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് കരി, മഷി എന്നിവ ഉപയോഗിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും എന്റെ അത്തരത്തിലുള്ള കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. പെയിന്റിംഗ്, ശില്‍പം, പ്രിന്റ്‌മെയ്കിങ്, വീഡിയോ പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ഇത് കൂടി ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ബോധ്യമായിരിക്കുകയാണ്. എല്ലാവരും ഇത് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഷിയും കരിയും ഉപയോഗിച്ച് ജുഫൈരി ഗ്രീക്ക് പുരാണ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
കഥാപാത്രങ്ങള്‍ക്കു ചുറ്റും വളരെ ചെറിയ രൂപത്തില്‍ അറബിയില്‍ പ്രതീകാത്മക പദങ്ങളും ചേര്‍ത്തുവെച്ച് വരച്ച ചിത്രം ശ്രദ്ധേയമാണ്. ഇതു വളരെ സങ്കീര്‍ണ്ണമായ ഒരു കലാസൃഷ്ടിയാണെന്നും ഖത്തറില്‍ ഇതുവരെ ആരും ചെയ്തിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും അതിനാല്‍ ഇവ പ്രദര്‍ശിപ്പിക്കുന്നതില്‍ വളരെ സന്തുഷ്ടനാണെന്നും ജുഫൈരി പറഞ്ഞു.
ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ വരകള്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണെന്നും പിതാവ് മകനെ ദേശീയ വസ്ത്രം എങ്ങനെ ധരിക്കണമെന്ന് പഠിപ്പിക്കുന്നതാണ് ചിത്രം പ്രതിഫലിപ്പിക്കുന്നതെന്നും അല്‍കുവാരി തന്റെ ചിത്രത്തെ കുറിച്ച് പറഞ്ഞു. പിതാവ് അപ്രത്യക്ഷമാകുമ്പോഴും ഐഡന്റിറ്റി കുട്ടികളോടൊപ്പം നിലല്‍ക്കുന്നു. ഇത് തങ്ങള്‍ നിത്യേന ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇത് എത്ര പ്രധാനമാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്നും അതിനാലാണ് ചിത്രങ്ങളിലൂടെ ശ്രദ്ധകൊടുക്കാന്‍ ആഗ്രഹിച്ചതെന്നും അല്‍കുവാരി പറഞ്ഞു.
ഇബ്തിസം അല്‍സഫര്‍, ഹയാന്‍ മുനവര്‍, ഷൗക്ക് അല്‍മന, മസൂദ് അല്‍ബുലോഷി, ഇസ്മായില്‍ അസം, നാസര്‍ അല്‍അത്തിയ, മഹമൂദ് അല്‍മസ്രി, സുസാന ജൗമ എന്നിവരാണ് എക്‌സിബിഷനിലെ മറ്റ് കലാകാരന്മാര്‍.