
ദോഹ: അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 1675 വാഹനങ്ങള്‍ നീക്കം ചെയ്തു. പൊതു നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെപ്തംബറില്‍ 770 പരിശോധനകളാണ് നടത്തിയത്. 528 നിയമലംഘന റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. പിഴയൊടുക്കി അനുരജ്ഞനത്തിലൂടെ 117 എണ്ണത്തില്‍ പരിഹാരം കണ്ടെത്തി. 425 റിപ്പോര്‍ട്ടുകളില്‍ ആവശ്യമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്കു കൈമാറി. റോഡരികുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്‍ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളെയാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.