
ദോഹ: സബാഹ് അല്‍അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായി അല്‍ലുഖ്തയില്‍ 850 മീറ്റര്‍ പുതിയ പാലം ഇന്ന്(ജൂലൈ 26 വെള്ളി) മുതല്‍ താല്‍ക്കാലികമായി തുറക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഏകോപനത്തോടെയാണിത്.
അല്‍ലുഖ്തയില്‍ നിന്നും അല്‍റയ്യാനിലേക്ക് രണ്ടു ലൈനുകളിലായാണ് ഗതാഗതം താല്‍ക്കാലികമായി തുറക്കുന്നത്. അല്‍റയ്യാനില്‍ നിന്നും ലുഖ്തയിലേക്ക് എതിര്‍ദിശയിലുള്ള രണ്ടു പാതകളും ഓഗസ്റ്റ് രണ്ടു മുതല്‍ ഗതാഗതത്തിനായി തുറക്കും. ലുഖ്തയില്‍ പുതിയ പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്ക് വലിയതോതില്‍ കുറക്കാനാകും.
അല്‍ഗരാഫ, ലുഖ്ത എന്നിവിടങ്ങളില്‍ നിന്നും അല്‍വാബ്, അല്‍റയ്യാന്‍ എന്നിവിടങ്ങളിലേക്ക് റോഡുഗതാഗതം കൂടുതല്‍ സുഗമമാകും. 2020 ഓടെ പാലം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ മേഖലയിലെ ഗതാഗതം കുറക്കാനും യാത്രാസമയത്തില്‍ 60ശതമാനം കുറക്കാനും സാധിക്കും. പാലത്തില്‍ ഓരോ ദിശയിലും നാലു ലൈനുകള്‍ വീതമുണ്ടാകും.
മണിക്കൂറില്‍ 16,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. സബാഹ് അല്‍അഹമ്മദ് ഇടനാഴിയുടെ വടക്കന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ആദ്യ നാഴികക്കല്ലാണ് പാലം തുറക്കുന്നതിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന പ്രൊജക്റ്റ് എന്‍ജിനിയര്‍ അലി ഇബ്രാഹിം പറഞ്ഞു.
ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതില്‍ പാലത്തിന് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ഗരാഫ, ലുഖ്ത, റയ്യാന്‍, വാബ് മേഖലകള്‍ക്ക് ഗുണകരമാണ് പുതിയ പാലം. റയ്യാന്‍ റോഡിലേക്കും ഖലീഫ അവന്യൂവിലേക്കും വേഗത്തിലും സൗകര്യപ്രദമായും പ്രവേശിക്കാന്‍ സഹായകമാണ് പാലം.
മക്ക സ്ട്രീറ്റിനെയും സബാഹ് അല്‍അഹമ്മദ് ഇടനാഴിയെയും ബന്ധിപ്പിക്കുന്ന പഴയ റൗണ്ട്എബൗട്ട് രണ്ടുലെവല്‍ ഇന്റര്‍ചേഞ്ചായി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് അശ്ഗാല്‍ ഇപ്പോള്‍ നടപ്പാക്കിവരുന്നത്. പുതിയ ജംക്ഷനില്‍ ഒരു പുതിയ പാലവും പാലത്തിനു കീഴില്‍ സിഗ്നല്‍ കേന്ദ്രീകൃത ജംക്ഷനുമുണ്ടാകും. 2020ന്റെ ആദ്യ പാദത്തില്‍ പൂര്‍ത്തിയാകും.
റോഡിന്റെ ശേഷി മണിക്കൂറില്‍ 24,000 വാഹനങ്ങളായി ഉയരും. ഗരാഫ, ലുഖ്ത, അല്‍വാബ്, റയ്യാന്‍ എന്നിവയുമായി ബന്ധിപ്പിച്ച് പ്രദേശത്തെ ഗതാഗതം മെച്ചപ്പെടുത്തുകയും ബിസിനസുകള്‍, സ്‌കൂളുകള്‍, ആസ്പത്രികള്‍ എന്നിവക്ക് ഗുണകരമാകുകയും ചെയ്യും.
പുതിയ പാലം തുറക്കല്‍, മക്ക അല്‍മുഖറമ്മ ഇന്റര്‍ചേഞ്ചിന്റെയും സര്‍വീസ് റോഡുകളുടെയും അവശേഷിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് അശ്ഗാല്‍ രണ്ടു ഘട്ടങ്ങളായി താല്‍ക്കാലിക ഗതാഗത വഴിതിരിച്ചുവിടല്‍ നടപ്പാക്കും.