in ,

അല്‍സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങള്‍

സെയ്‌ലിയയിലെ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യം

ദോഹ: അല്‍സെയ്‌ലിയയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അത്യാധുനിക ക്രമീകരണങ്ങള്‍. എല്ലാവിധ സൗകര്യങ്ങളോടെയുമാണ് മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്. കശാപ്പുശാല, പഴം- പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യമാര്‍ക്കറ്റ് എന്നിവയും സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ട്. നിര്‍മ്മാതാവ്, വ്യാപാരി, ഉപഭോക്താവ് തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏറ്റവും പുതിയ അന്തര്‍ദ്ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാര്‍ക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. അസ്വാഖ് ഫോര്‍ ഫുഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റിനാണ് പ്രവര്‍ത്തനചുമതല. സെയ്‌ലിയ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയതായി അസ്വാഖ് അറിയിച്ചു. 78,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് സെയ്‌ലിയയുടെ കേന്ദ്രഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ദോഹയുടെ ഹൃദയഭാഗത്ത് നിന്ന് 25 മിനുട്ടാണ് ഇവിടേക്കുള്ള യാത്രാസമയം. പഴം, പച്ചക്കി വ്യാപാരം സുഗമമാക്കുന്നതിനായി മര്‍ക്കറ്റിനെ ബന്ധിപ്പിച്ചതും എയര്‍കണ്ടീഷന്‍ ചെയ്തതുമായ നിരവധി വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഉപഭോക്താവിന് തിരക്കില്ലാതെ സൗകര്യപ്രദമായി ഉത്പന്നങ്ങള്‍ വാങ്ങാനാകും. നിര്‍മാതാക്കള്‍്ക്കും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും മികച്ച സേവനമാണ് മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും ഈ മേഖലയിലെ കുതിച്ചുചാട്ടമാണ് സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റെന്നും അസ്വാഖ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഗനീം അല്‍കുബൈസി പറഞ്ഞു. 52 ഷോപ്പുകള്‍ അടങ്ങുന്ന പരമ്പരാഗത മാര്‍ക്കറ്റും 102 ഷോപ്പുകളോടെ റീട്ടെയ്ല്‍ മാര്‍ക്കറ്റും 50ഷോപ്പുകള്‍ അടങ്ങിയ മൊത്തക്കച്ചവട മാര്‍ക്കറ്റും ഉള്‍പ്പെട്ടതാണ് സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്.
8,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഇറക്കുമതി ഉല്‍പന്ന ലേല ഹാളും മാര്‍ക്കറ്റിന്റെ ഭാഗമാണ്. ഇതിനു പുറമെ 2600 ചതുരശ്ര മീറ്ററിലായി ഒന്‍പത് കോള്‍ഡ് സ്‌റ്റോറേജുകളുമുണ്ട്- അല്‍കുബൈസി വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ സുഗമമായും കാര്യക്ഷമമായും നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ലേലഹാളിനായി സമഗ്രമായ പ്രവര്‍ത്തന മൊഡ്യൂള്‍ വികസിപ്പിച്ചിട്ടുണ്ട്. നി്ശ്ചിത പാര്‍ക്കിങില്‍ ട്രക്കുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. തുടര്‍ന്ന് മാര്‍ക്കറ്റിന്റെ എന്‍ട്രി പോയിന്റില്‍ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുകയും ക്രോസ് ചെക്ക് ചെയ്യുകയും ചെയ്യും. തുടര്‍ന്നായിരിക്കും ഉത്പന്നങ്ങള്‍ ലേലഹാളിലേക്ക് മാറ്റുക. ലേലം പൂര്‍ത്തിയാകുമ്പോള്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലേക്കോ അതല്ലെങ്കില്‍ മൊത്തക്കച്ചവട കേന്ദ്രത്തിലേക്കോ കോള്‍ഡ് സ്‌റ്റോറേജിലേക്കോ മാറ്റും. ബാങ്ക് ബ്രാഞ്ച്, പൂക്കളുടെയും ചെടികളുടെയും വിപണനത്തിനായി പൂക്കട(ഫ്‌ളോറിസ്റ്റ് ഷോപ്പ്), ഗ്രോസറി സ്‌റ്റോര്‍, വെയര്‍ഹൗസ്, കോള്‍ഡ് സ്‌റ്റോറേജ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ലേബര്‍ ക്യാമ്പുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
മതിയായ കാര്‍ പാര്‍ക്കിങ് സ്ഥലം, പള്ളി, ഇലക്ട്രിസിറ്റി സബ്‌സേറ്റഷന്‍ എന്നിവയും നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അല്‍റയ്യാന്‍, അബുഹമൂര്‍, അല്‍സെയ്‌ലിയ ഉള്‍പ്പടെയുള്ള മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായിരിക്കും മാര്‍ക്കറ്റ്. ദോഹയിലെ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ക്കും പ്രയോജനപ്പെടുത്തക്കവിധത്തിലാണ് മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നത്. രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി കൂടുതല്‍ മാര്‍ക്കറ്റുകള്‍ നിര്‍മിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മന്ത്രാലയത്തിന്റെ പരിശോധന; പിടികൂടിയത് 160 ലംഘനങ്ങള്‍

ഔഖാഫ് മന്ത്രാലയം രണ്ടാമത് ഇഹ്‌സാന്‍ സ്‌കൂള്‍ തുറന്നു