
ദോഹ: അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍താനി ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നിര്‍വഹിച്ചു. അല്‍ വജ്ബയിലെ പ്രാര്‍ഥനാസ്ഥലത്തു നടന്ന നമസ്‌കാരത്തിലും പ്രാര്‍ഥനയിലും പൗരന്‍മാര്‍ക്കൊപ്പമായിരുന്നു അമീര്‍ പങ്കെടുത്തത്.
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ അല്‍താനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസ്സിം ബിന്‍ ഖലീഫ അല്‍താനി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പ്രാര്‍ഥനയില്‍ പങ്കാളികളായി.

ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ്, മന്ത്രിമാര്‍, ശൈഖുമാര്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവരും അല്‍ വജ്ബയിലെ പ്രാര്‍ഥന സ്ഥലത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു.
സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അംഗവും സുപ്രീംകോടതി ജഡ്ജിയുമായ ഡോ. തഖീല്‍ സെയര്‍ അല്‍ ഷമ്മാരി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ഈദുല്‍ ഫിത്വറിന്റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം നല്‍കി.

വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇസ് ലാമിന്റെ തത്വങ്ങള്‍ പിന്തുടരണമെന്ന് അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
നല്ല കാര്യങ്ങള്‍ ചെയ്യാനും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും തയാറാകണം. ക്ഷമയും സഹകരണവും പരിഷ്‌കരണവും പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ഇസ് ലാമിന്റെ നന്‍മകള്‍ അദ്ദേഹം എടുത്തുകാട്ടി.