in ,

അവധിക്ക്് നാട്ടിലെത്തി; അസ്്‌ലം ഇന്ത്യയെ കാണാന്‍ ബൈക്കില്‍ ചുറ്റുകയാണ്

റൂബിനാസ് കൊട്ടേടത്ത്്

ദോഹ


ഖത്തര്‍ പ്രവാസിയായ അസ്്‌ലമിന്റെ വര്‍ഷങ്ങളായുള്ള  ആഗ്രഹമാണ് ഇന്ത്യയൊന്ന് ചുറ്റിക്കാണണമെന്നത്. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഒന്നും ആലോചിച്ചില്ല, തന്റെ ബൈക്കില്‍ യാത്ര തുടങ്ങി; വൈവിധ്യങ്ങളുടെ ഇന്ത്യയെ നേരിട്ടറിയാന്‍. 

വടകര സ്വദേശിയായ  ഇദ്ദേഹം 20 ദിവസമായി  യാത്രയിലാണ്. വടകരയില്‍ നിന്ന് തുടങ്ങിയ യാത്ര ഇതിനകം മൈസൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, തെലുങ്കാന, നാഗ്പുര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ആഗ്ര, ഡല്‍ഹി, ഹരിയാന, അമൃത്്‌സര്‍, വാഗ, പത്താന്‍ കോട്ട്, ചത്തീസ്ഖഢ്, ജമ്മു, കാത്‌വ, ശ്രീനഗര്‍, കാര്‍ഗില്‍, ദ്രാസ്, ലഡാക്ക്, നുബ്രവാലി, കഡ്ദുങ്ക്‌ല എന്നീ പ്രദേശങ്ങളെല്ലാം പിന്നിട്ടു കഴിഞ്ഞു.ഒടുവില്‍ മണാലിയില്‍ എത്തി നില്‍ക്കുന്ന യാത്ര തിരിച്ച് വടകരയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ്. 

വേറിട്ടതും വ്യത്യസ്തങ്ങളുമായ അനുഭവങ്ങളാണ് യാത്രയിലുടനീളം തനിക്കുണ്ടായതെന്ന് അസ്്‌ലം പറയുന്നു. പഞ്ചാബിലെയും കശ്മീരിലെയുമൊക്കെ ഗ്രാമീണ, നഗര ജീവതങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞു. സ്‌നേഹത്തോടെയുള്ള അവരുടെ പെരുമാറ്റ രീതിയും ജീവിത സാഹചര്യങ്ങളുമൊക്കെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് നമ്മള്‍ പലതവണ കേട്ടതാണ്. എന്നാല്‍ താഴ്‌വരയിലൂടെ യാത്ര ചെയ്യുമ്പോള്‍ അതു നമുക്ക് നേരിട്ട് ബോധ്യപ്പെടും.

ഝലം നദീ തീരവും ശ്രീനഗര്‍ പട്ടണവും തടാകങ്ങളും മുഗള്‍ പൂന്തോട്ടങ്ങളുമെല്ലാം കാഴ്ചകളുടെ സ്വപ്‌ന ലോകമാണ്്. ഹൗസ് ബോട്ടുകളും മഞ്ഞ് മൂടിയ മലനിരകളും മഴ നനഞ്ഞ റോഡുകളും കണ്ണിന് കുളിര്‍മയും സന്തോഷ ദായകവുമാണെന്നും അസ്ലം വിശദീകരിക്കുന്നു. 

പ്രകൃതിയുടെ സൗന്ദര്യത്തോടൊപ്പം ചരിത്രപരവും പൗരാണികവുമായ നിരവധി സ്മാരകങ്ങളുടെയും കെട്ടിടങ്ങളുടെയും നഗരം കൂടിയാണ് ശ്രീനഗറെന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും മഞ്ഞുപെയ്യുന്ന ഈ മലംചെരുവുകളിലൂടെ യാത്ര ചെയ്യണമെന്നും അസ്ലം പറയുന്നു. ഏകദേശം  5700 കിലോമീറ്റര്‍ ഇതിനകം അസ്ലം പിന്നിട്ടു കഴിഞ്ഞു. ഒരു ലക്ഷം രൂപയോളം ചെലവിലാണ് 32കാരനായ യുവാവിന്റെ ഈ ബൈക്ക് യാത്ര.

ദോഹ സലാം പെട്രോളിയത്തില്‍  ജീവനക്കാരനായ ഇദ്ദേഹം വടകര വടക്കേ പറമ്പത്ത് ഉസ്മാന്റെയും പരേതയായ നഫീസയുടെയും മകനാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍- ഫ്രാന്‍സ് വ്യാപാരം 14 ബില്യണ്‍ റിയാലിലേക്കെത്തി

സമ്മര്‍ ഫെസ്റ്റിവല്‍: ട്രെവര്‍ നോഹിന്റെ കോമഡി ഷോ ആകര്‍ഷകമായി