in ,

അവയവ ദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടു വരണമെന്ന് എച്ച്എംസി

ദോഹ: അവയവ ദാനത്തിനു കൂടുതല്‍പേര്‍ മുന്നോട്ടു വരണമെന്നും രജിസ്‌ട്രേഷനില്‍ പങ്കാളികളാവണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്.എം.സി) ആഹ്വാനം ചെയ്തു. എച്ച്.എം.സിയുടെ വാര്‍ഷിക അവയവദാന ക്യാമ്പയിനിന്റെ ഭാഗമായാണ് ആഹ്വാനം. കഴിഞ്ഞ ദിവസമാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. വിവിധ ഷോപ്പിങ് മാളുകളിലും പ്രധാന കേന്ദ്രങ്ങളിലും രജിസ്‌ട്രേഷനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ ഖത്തറില്‍ 345,000 പേരാണ് അവയവ ദാന രജിസ്ട്രിയില്‍ പേര്‍ ചേര്‍ത്തിട്ടുള്ളത്. ഇത് ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം വരും.

ഈ വര്‍ഷം അവസാനത്തോടെ അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം നാലു ലക്ഷത്തിലെത്തിക്കാനാകുമെന്നാണ് എച്.എം.സി പ്രതീക്ഷിക്കുന്നത്. വാര്‍ഷി റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി അവയവദാന രജിസ്ട്രിയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ ബൂത്തുകളില്‍ ഖത്തര്‍ അവയവദാന കേന്ദ്രം തങ്ങളുടെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

അവയവദാനം നടത്തുന്നതിനു വേണ്ട നടപടിക്രമങ്ങളും നേട്ടങ്ങളും പൊതുജനങ്ങള്‍ക്ക് അവര്‍ വിവരിച്ചു നല്‍കും.അവയവ ദാനവുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുകയും തെറ്റിദ്ധാരണകള്‍ മാറ്റുകയും ചെയ്യുക എന്നതാണ് ക്യാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് എച്.എം.സി അവയവദാന കേന്ദ്രം ഡയരക്ടര്‍ ഡോ. റിയാദ് ഫാദില്‍ പറഞ്ഞു.  

വൃക്ക, കരള്‍, സ്റ്റെം സെല്‍ കോര്‍ണിയ എന്നീ അവയവങ്ങളുടെ മാറ്റിവെക്കല്‍ പദ്ധതികള്‍ ഖത്തറില്‍ നടക്കുന്നുണ്ട്. അതിവിദഗ്ധരായ സംഘത്തിന്റെ നേതൃത്വത്തിലാണ് മാറ്റിവെക്കല്‍ ശസ്്ത്രക്രിയകള്‍ നടക്കുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തിലും ഒപ്പം സുരക്ഷിതവും അനുകമ്പയോടെയുള്ള പരിചരണവുമാണ് നല്‍കുന്നതെന്നും ഡോ.ഫാദില്‍ പറഞ്ഞു. അവയവം മാറ്റിവെക്കലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും.

വര്‍ഷങ്ങളായി അവയവ തകരാറിലൂടെ ബുദ്ധിമുട്ടുന്ന ഒരാള്‍ക്കു പുതിയയും സമാധാനപൂര്‍ണവുമായ ജീവിതം നല്‍കാനും കഴിഞ്ഞേക്കാം. ജീവത കാലത്ത് താന്‍ അവയവ ദാനത്തിന് തയ്യാറാണെന്ന് സമ്മതം നല്‍കിയ വ്യക്തി മരിച്ചതിന് ശേഷമാണ് ആവശ്യക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഇത്തരം അവയവങ്ങള്‍ ലഭിക്കുന്നത്. മരണപ്പെട്ട ഒരു അവയവദാതാവിന് എട്ടുപേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.

ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ  ഒരു വൃക്കയോ കരളിന്റെ ഭാഗമോ മറ്റൊരാള്‍ക്ക് ദാനം ചെയ്യാനും കഴിയും. ദോഹ ഡോണേഷന്‍ കരാര്‍ പ്രകാരം അവയവ ദാതാവിനും കുടുംബത്തിനും തങ്ങള്‍ പ്രത്യേക സംരക്ഷണം നല്‍കുന്നതാണ്. അവയവ ദാതാവിന് ജീവത കാലം മുഴവനുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സും അവയവമാറ്റ ഓപറേഷന്‍ സമയത്തോ വിശ്രമ കാലത്തോ നഷ്ടപ്പെട്ട ജോലി ദിനങ്ങളുടെ നഷ്ടപരിഹാരവും നല്‍കുകയും ചെയ്യും.

ദാതാക്കളെ ആദരിക്കാന്‍ വര്‍ഷത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പക്കാറുണ്ടെന്നും ഒരോ അവയവ ദാതാവിനും അദ്ദേഹം നല്‍കിയ നിസ്വാര്‍ഥ സംഭാവനക്ക് മെഡല്‍ നല്‍കി പ്രത്യേകം ആദരിക്കാറുണ്ടെന്നും ഡോ. ഫാദില്‍ വിശദീകരിച്ചു. അവയവദാനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയില്ലാതെ ഇതു കൈവരിക്കാന്‍ കഴിയില്ലെന്നും അതിന്റെ ഭാഗമായാണ് റമാദാന്‍ ക്യാമ്പയിനിലൂടെ ജനങ്ങളിലേക്ക് അവയവദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവത്കരണ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐക്യത്തിന്റെ സന്ദേശവുമായി യൂണിറ്റി സമൂഹ ഇഫ്താര്‍ സംഗമം

നേരിയ പൊടിക്കാറ്റിന് സാധ്യത