in

അശ്ഗാലിന്റെ ദക്ഷിണ മലിനജല ശുദ്ധീകരണ പദ്ധതിക്ക് രാജ്യാന്തര അംഗീകാരം

ദോഹ ദക്ഷിണ മലിനജല ശുദ്ധീകരണപദ്ധതിയുടെ നിര്‍വഹണ ടീം പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ ദോഹ ദക്ഷിണ മലിനജല ശുദ്ധീകരണപദ്ധതിക്ക് രാജ്യാന്തര അംഗീകാരം. റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ആക്‌സിഡന്റ്‌സ്(ആര്‍ഒഎസ്പിഎ) ഗോള്‍ഡ് പുരസ്‌കാരമാണ് പദ്ധതിക്ക് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് അശ്ഗാലിന് പുരസ്‌കാരം.

യുകെയിലെ ഗ്ലാസ്‌ഗോയില്‍ നടന്ന ചടങ്ങില്‍ അശ്ഗാലിന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റ്‌സ് ആന്റ് ടിഎസ്ഇ നെറ്റ്വര്‍ക്ക് പ്രൊജക്റ്റ് വിഭാഗം മേധാവി എന്‍ജിനിയര്‍ ഖാലിദ് മഹെര്‍ അല്‍ഖതമി പുരസ്‌കാരം ഏറ്റുവാങ്ങി. നേരത്തെ സിവില്‍ എന്‍ജിനിയറിങ് പാരിസ്ഥിതിക ഗുണനിലവാര വിലയിരുത്തല്‍ പുരസ്‌കാര സ്‌കീമും(സീക്വല്‍) അശ്ഗാല്‍ പദ്ധതിക്ക് ലഭിച്ചിരുന്നു.

ദോഹ ദക്ഷിണ മലിനജല ശുദ്ധീകരണപദ്ധതിയുടെ ഭാഗമായി അശ്ഗാല്‍ മെയിന്‍ ട്രങ്ക് സ്യുവറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. ജേക്കബ്‌സാണ് പദ്ധതിയുടെ രാജ്യാന്തര മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്. ദോഹയുടെ തെക്ക് ഭാഗങ്ങളില്‍ ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ആ ഭാഗങ്ങളില്‍ സേവനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എംടിഎസില്‍ മൂന്നു ശാഖകളാണ് പ്രധാനമായും ഉള്‍ക്കൊള്ളുന്നത്. വടക്ക്, പടിഞ്ഞാറ്, കിഴക്ക് എന്നിവ. ആകെ ദൈര്‍ഘ്യം ഏകദേശം 16 കിലോമീറ്ററാണ്.

പദ്ധതിയിലെ വടക്കന്‍ മേഖല റൗദത്ത് അല്‍ഖയ്ല്‍, നുഐജ പ്രദേശങ്ങളിലൂടെ ഏകദേശം നാലു കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മീസൈമീര്‍, അല്‍മാമൂറ മുതല്‍ ഫരീദ് അല്‍സൗദാന്‍ വരെ ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പടിഞ്ഞാറന്‍ മേഖല. ഇ-റിങ് റോഡ് മുഖേന അല്‍തുമാമ മുതല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് വരെ ഏഴു കിലോമീറ്ററാണ് കിഴക്കന്‍ മേഖലയുടെ ദൈര്‍ഘ്യം. ഈ ശാഖകള്‍ ഗുരുത്വാകര്‍ഷണ അധിഷ്ഠിത തുരങ്കങ്ങളാണ്.

മലിനജലം ഒഴുകുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം കുറക്കുന്നതിനും മലിനജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലൂടെ ദുര്‍ഗന്ധം നിയന്ത്രിക്കുന്നതിനും മലിനജല സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിനും പരിപാലത്തിനുമുള്ള ചെലവു കുറക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. ദോഹ ദക്ഷിണ മലിനജല ശുദ്ധീകരണപദ്ധതിയിലെ പ്രധാന അഴുക്കുചാല്‍ ശൃംഖലയുടെ രൂപീകരണത്തില്‍ നിര്‍ണായകമാണ് ഈ മൂന്നു ശാഖകള്‍.

പമ്പിങ് സ്റ്റേഷനുകളിലൂടെയുള്ള മലിനജലത്തിന്റെ ഒഴുക്ക് ശരിയായ ദിശയിലൂടെ കൊണ്ടുപോകുന്നതിനും തടസമില്ലാതെ പോകുന്നതിനും ഇതിലൂടെ സാധിക്കും. ദോഹയുടെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ മനസിലാക്കി അതിനനുസൃതമായി ഭൂമിയുടെ സമ്മര്‍ദ്ദം തുല്യതയിലാക്കി ടണലിങ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍മാണം. മുപ്പത് മുതല്‍ 40 മീറ്റര്‍ വരെ ആഴത്തിലായിരുന്നു പ്രവര്‍ത്തികള്‍ പുരോഗമിച്ചത്. ഗതാഗത ഒഴുക്കിനെയോ ചുറ്റുമുള്ള കെട്ടിടങ്ങളെയോ ബാധിക്കാതെയായിരുന്നു പ്രവര്‍ത്തനം.

രാജ്യത്തെതന്നെ ഏറ്റവും പ്രമുഖമായ മലിനജലശുദ്ധീകരണപ്ലാന്റുകളിലൊന്നാണിത്. പ്രതിദിനം 241 മില്യണ്‍ മലിനജലം ശുദ്ധീകരിക്കുന്നതിനു പ്ലാന്റിനു ശേഷിയുണ്ട്. മൂന്നു ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകള്‍, ആറു പമ്പിങ് ഹൗസുകള്‍, ഒരു സ്റ്റോംവാട്ടര്‍ ലഗൂണ്‍, മലിനജല ശുദ്ധീകരണ ലഗൂണ്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 24 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് കുറുകെയുള്ള ഓടകളുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ദോഹയുടെ മധ്യഭാഗത്ത് നിന്ന് പ്രധാന ടണലിലേക്ക് മലിന ജലം എത്തിക്കുന്നതിനായാണിത്.

ദക്ഷിണ ദോഹയിലെ 100 വര്‍ഷത്തെ ജനസംഖ്യാ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിലെ അടിസ്ഥാന വികസന പദ്ധതികളുമായി ഈ ചാലിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇത് പ്രവര്‍ത്തന സജ്ജമാവുന്നതോടെ നിലവില്‍ ദക്ഷിണ ദോഹയിലെ പാര്‍പ്പിട, വാണിജ്യകേന്ദ്രങ്ങളിലുള്ള ഇരുപതിലേറെ പഴയ പമ്പിങ് സ്റ്റേഷനുകള്‍ ഒഴിവാക്കാനാവും. മലിന ജലം പുറത്തേക്ക് ഒഴുകുന്നതു ഒഴിവാക്കാനും ശുചീകരണ ശാലകളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാനും പുതിയ പദ്ധതി വഴി സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ വസ്ത്രവൈവിധ്യം പ്രതിഫലിപ്പിച്ച ഫാഷന്‍ ഷോ ആകര്‍ഷമായി

കരിനിയമങ്ങളുടെ പേരില്‍ തടവിലായവരെ വെറുതെ വിട്ടപ്പോള്‍ മാധ്യമങ്ങള്‍ മൗനം പാലിച്ചു: കെ കെ സുഹൈല്‍