in

അശ്ഗാല്‍: ഉപരിതല, ഭൂഗര്‍ഭ ജല സേവനങ്ങള്‍ക്കും ഫീസ് നിശ്ചയിച്ചു

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായി. വിവിധ സേവനങ്ങള്‍ക്ക് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം മലിനജലം അശ്്ഗാലിന്റെ മലിനജല ശംൃഖലകളിലേക്ക് ഒഴുക്കുന്നതിനും മലിനജല വാട്ടര്‍ ടാങ്കറുകള്‍ക്കായി പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഉള്‍പ്പടെ ഫീസ് ഈടാക്കും. 2019ലെ 211-ാം നമ്പര്‍ മന്ത്രിതല തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
ഉപരിതല, ഭൂഗര്‍ഭ ജല സേവനങ്ങള്‍ക്കും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഡിവാട്ടര്‍(ഖര പദാര്‍ത്ഥത്തില്‍ നിന്നും അല്ലെങ്കില്‍ മണ്ണില്‍ നിന്നും വെള്ളത്തെ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ) പെര്‍മിറ്റിനും പെര്‍മിറ്റ് പുതുക്കുന്നതിനും കരാറുകാരും ഡെവലപ്പര്‍മാരും സേവനഫീസായി 300 റിയാല്‍ അടക്കണം. ഭൂഗര്‍ഭജലം ഉപരിതല, ഭൂഗര്‍ഭ ജല സേവന(എസ്ജിഡബ്ല്യ) ശൃംഖലയിലേക്ക് പമ്പ് ചെയ്യുന്നതിന് ഒരു ക്യുബിക് മീറ്ററിന് പത്ത് ദിര്‍ഹം ഫീസ് ഈടാക്കും. ഉപഭോക്താവിന് തങ്ങളുടെ കെട്ടിടമോ ഇന്‍സ്റ്റലേഷനോ എസ്ജിഡബ്യ്യു നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കണമെങ്കില്‍ ഇതിനാവശ്യമായിവരുന്ന യഥാര്‍ഥ ബന്ധിപ്പിക്കല്‍ ചെലവ് ഉപഭോക്താവ് നല്‍കണം. എസ്ജിഡബ്ല്യു ശൃംഖലയിലേക്ക് തണുത്ത മലിനജലം പമ്പ് ചെയ്യുന്നതിന് ഒരു ക്യുബിക്ക് മീറ്ററിന് 10 ദിര്‍ഹം ഫീസ് ഈടാക്കും. ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ശുദ്ധീകരണ ജല ശൃംഖലയിലേക്ക്(ട്രീറ്റഡ് വാട്ടര്‍ നെറ്റ്‌വര്‍ക്ക്)കണക്റ്റുചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും യഥാര്‍ത്ഥ കണക്ഷന്‍ ചെലവ് നല്‍കുകയും വേണം. കൃഷി, കാലിത്തീറ്റ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നതിന് ഒരു ക്യുബിക് മീറ്ററിന് ഒരു ദിര്‍ഹവും സൗന്ദര്യവല്‍ക്കരണത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കുമാണെങ്കില്‍ ഒരു ക്യുബിക് മീറ്ററിന് 25 ദിര്‍ഹവുമായിരിക്കും ഫീസ്.ശുദ്ധീകരിച്ച മലിനജലം ഹരിത പ്രദേശങ്ങളിലെ ജലസേചനം, കാലിത്തീറ്റ കൃഷി, റോഡുകളുടെ ഭംഗി വര്‍ധിപ്പിക്കല്‍, ശീതീകരണ സംവിധാനം, മണല്‍ ഫാക്ടറികള്‍, റോഡ് പ്രോജക്ടുകള്‍ എന്നിവക്കുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. നിരത്തുകളിലൂടെ സാധാരണയിലും കവിഞ്ഞ ഭാരമോ മറ്റോ സവിശേഷതകളോ ഉള്ള ലോഡുകള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക റോഡ് പെര്‍മിറ്റ് ആവശ്യമാണ്. രൂപകല്‍പ്പന ചെയ്ത റോഡിന്റെ ശേഷിയിലധികം വലുപ്പവും ഭാരവും കാരണ റോഡ് സുരക്ഷയെ ബാധിക്കുന്ന ലോഡുകള്‍ നീക്കുന്നതിനാണ് റോഡ് പെര്‍മിറ്റ് ആവശ്യമായി വരിക. അത്തരം ലോഡുകള്‍ നിരത്തുകളിലൂടെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ആവശ്യമായതിനാലാണ് പെര്‍മിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസാധാരണമായ ലോഡുകള്‍ നീക്കുന്നതിന് പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ട ഫീസായി 5000 റിയാല്‍ നിശ്ചയിച്ചിട്ടുണ്ട്. അപകടങ്ങള്‍ കാരണം സ്ട്രീറ്റ്ലൈറ്റ് പോസ്റ്റുകള്‍, ദിശാസൂചന ചിഹ്നങ്ങള്‍, ബാരിയറുകള്‍ എന്നിവ ഉള്‍പ്പടെ അശ്ഗാല്‍ ആസ്തികള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ വില കണക്കാക്കുന്നതിനുള്ള പരിശോധനയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓരോ പരിശോധനാ അപേക്ഷക്കും നൂറു റിയാല്‍ വീതം ഫീസ് അടക്കണം. റോഡു ഇടനാഴികളുടെ പ്രവര്‍ത്തനങ്ങളുടെ സംഘാടനം സംബന്ധിച്ച 2015ലെ 14-ാം നമ്പര്‍ നിയമപ്രകാരം അശ്ഗാല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുണ്ട്. ഏതെങ്കിലും ഉത്ഖനന പ്രവര്‍ത്തനങ്ങള്‍, റോഡ് വഴിതിരിച്ചുവിടലുകള്‍, റോഡുകള്‍ അടക്കല്‍, യൂട്ടിലിറ്റി ലൈനുകളുടെ വിപുലീകരണവും അറ്റകുറ്റപ്പണികളും എന്നിവക്കെല്ലാം അശ്ഗാല്‍ പെര്‍മിറ്റ് നല്‍കും. അശ്ഗാല്‍ വെബ്സൈറ്റിലെ ഉപഭോക്തൃ മേഖലാ പോര്‍ട്ടല്‍ മുഖേന വിവിധ സേവനങ്ങളും അനുമതികളും നല്‍കും. ഓരോ സേവനത്തെയും കുറിച്ചുള്ള വിശദാംശങ്ങളും ആവശ്യമായ രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.പേയ്മെന്റ് പ്രക്രിയ ലളിതമാക്കുന്നതിന് അശ്ഗാല്‍ ഇമെയില്‍ വഴി ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘എ പാസേജ് ടു ഇന്ത്യ’ ഇന്നും നാളെയും

വഖ്‌റ മാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഓട്ടോമേറ്റഡ് അറവുശാല