
ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ ഫീസ് ഈടാക്കും. അശ്ഗാലിന്റെ സേവനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്കുകളിലേക്ക് ബന്ധിപ്പിക്കല്‍, നെറ്റ്വര്‍ക്കുകളുടെ ഉപയോഗം, ഡ്രെയിനേജ്, റോഡ് ശൃംഖലകളുടെ പ്രവര്‍ത്തനവും പരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കല്‍ എന്നിവയാണവ. വീടുകളില്‍ നിന്നും സ്ഥാപനങ്ങൡ നിന്നും മലിന ജല ശൃംഖലയിലേക്ക് മലിനജലം ഒഴുകുന്നത് ഫൗള്‍ വാട്ടര്‍ നെറ്റ്വര്‍ക്ക് സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. ഖത്തരി വീടുകളില്‍ ഈ സേവനം സൗജന്യമാണ്. ഖത്തരി ഇതര വീടുകള്‍ക്കും എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ സേവനത്തിനുള്ള ഫീസ് കഹ്‌റമ നല്‍കുന്ന പ്രതിമാസ വാട്ടര്‍ ബില്ലിന്റെ മൂല്യത്തിന്റെ 20ശതമാനം ആയി കണക്കാക്കും. ഖത്തരികള്‍ക്ക് ആദ്യ വീടിന് ഈ സേവനം സൗജന്യമായിരിക്കുമെങ്കിലും ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വീടുകള്‍ക്ക് ഫീസ് ഈടാക്കും. 12,000റിയാലായാരിക്കും ഫീസ്. ഖത്തരികളല്ലാത്തവര്‍ക്കുള്ള ആദ്യത്തെ വീടിനെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവന ഫീസ് 6000 ഖത്തരി റിയാലായിരിക്കും. രണ്ടാമത്തെ വീട് (അല്ലെങ്കില്‍ കൂടുതല്‍) കണക്ഷനുള്ള സേവനത്തിന് ഫീസ് 12,000 റിയാല്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവന ഫീസ് 12,000റിയാലായിരിക്കും. മലിനജല വാട്ടര്‍ ടാങ്കറുകള്‍ക്കായി പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഫീസ് 50 റിയാല്‍. അതേസമയം മലിനജലം ടാങ്കറുകള്‍ മുഖേന സംസ്‌കരണ പ്ലാന്റുകളിലേക്ക് പുറന്തള്ളുന്നതിനുള്ള ഫീസ് ഒരു ക്യുബിക് മീറ്റര്‍ മലിനജലത്തിന് ഒരു റിയാലായിരിക്കും.