
ദോഹ: പ്രമുഖ ഖത്തരി കലാകാരന് അഹമ്മദ് അല്ജുഫൈരിയുടെയും മാതാവ് ഹനാദി അല്ഉത്മാന്റെയും കലാപ്രദര്‍ശനത്തിന് തുടക്കമായി. ആഗസ്ത് 27വരെ ഡബ്ല്യു ഹോട്ടലിലാണ് കലാപ്രദര്‍ശനം. ഖത്തറില്‍ ഇതാദ്യമായാണ് മാതാവിന്റെയും പുത്രന്റെയും ഒന്നിച്ചുള്ള കലാപ്രദര്‍ശനം നടക്കുന്നതെന്ന സവിശേഷതയുണ്ട്.
വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയിട്ടുള്ള അഹമ്മദ് അല്‍ജുഫൈരി ഇതിനോടകം പന്ത്രണ്ട് ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചു. ഇതില്‍ നാലെണ്ണം സോളോ ഷോകളായിരുന്നു. പാരീസില്‍ രാജ്യാന്തര കലാപ്രദര്‍ശനവും നടത്തി. ഇത്തവണ ജുഫൈരിയുടെ കലാസൃഷ്ടികള്‍ക്കൊപ്പം അദ്ദേഹത്തിന്റെ മാതാവ് ഹനാദി അല്ഉത്മാന്റെ സൃഷ്ടികളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളികളെ അതിജീവിച്ചുള്ള ഹനാദിയുടെ കലാജീവിതത്തിലെ മികച്ച സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ഹനാദിക്ക് ഒരിക്കലും തന്റെ സര്‍ഗാത്മകതയെ കലയിലൂടെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, കാരണം ഇത് സ്വീകാര്യമായ ഒരു ജീവിത തെരഞ്ഞെടുപ്പല്ലെന്ന് കണക്കാക്കപ്പെടുകയായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും ഹനാദി ഒരിക്കലും പിന്മാറാതെ സ്വകാര്യമായി പെയിന്റ് ചെയ്യുന്നത് തുടര്‍ന്നു. എണ്ണയിലും അക്രിലിക് പെയിന്റിങിലുമായിരുന്നു അവരുടെ സൃഷ്ടികള്‍. ഹനാദി എല്ലായിപ്പോഴും മകന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കി.
തന്റെ മാതാവിന്റെ കലാപരമായ കഴിവുകള്‍ കാണുന്നതിന് ലോകത്തിന്റെ ദീര്‍ഘകാല കാലതാമസം മനസിലാക്കിയതിന്റെ തിരിച്ചറിവില്നിന്നുകൊണ്ടാ്ണ് ജുഫൈരി പെര്‍ഫക്റ്റ് ഡ്യുയറ്റ് എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയത്. മാതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകുന്നതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. ഈ പ്രദര്‍ശനം കല വ്യവസായം മാത്രമല്ല, വ്യക്തിഗതമാണെന്നും തെളിയിക്കുന്നു- അല്‍ജുഫൈരി പറഞ്ഞു.
ഖത്തര്‍ ഇന്ത്യ സാസ്കാരിക വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കലാസൃഷ്ടികളുടെ ശേഖരം ഇരുവരും ചേര്‍ന്ന് പ്രദര്‍ശിപ്പിക്കും. വിവിധ കലാമാധ്യമങ്ങളായ ശില്പ്പങ്ങള്, ഫാഷന്‍ സൂചകങ്ങള്‍, വീഡിയോ ഫൂട്ടേജുകള്‍, ഡിജിറ്റല്‍ പ്രിന്റുകള്‍, ത്രീഡി ഓയില്‍, അക്രിലിക് പെയിന്റിങുകള്‍ എന്നിവ ഉപയോഗിച്ചുള്ള 20ലധികം ഇന്‍സ്റ്റലേഷനുകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ പലനഗരങ്ങളിലൂടെ സഞ്ചരിച്ച് സ്മാരകങ്ങള്‍, കോട്ടകള്‍, നിറങ്ങള്‍, ശബ്ദങ്ങള്‍, രാജ്യത്തിന്റെ ഭൂപ്രകൃതി എന്നിവയുടെ ചിത്രങ്ങള്‍ പകര്ത്തിയതില്നിന്നാണ് പ്രദര്‍ശനത്തിനുള്ള പ്രചോദനം.
ജുഫൈരിയുടെ കലാസൃഷ്ടികളിലുടനീളം ഇതിന്റെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ഹനാദിയുടെ കലാസൃഷ്ടികള്‍ ഇന്ത്യയിലെ സ്ഥലങ്ങളേക്കാള്‍ ഉത്സവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. വര്‍ണങ്ങളുടെ ആഘോഷമായ ഹോളി വേറിട്ട രീതിയില്‍ ക്യാന്‍വാസിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
ഇത് എന്റെ ആദ്യത്തെ പ്രദര്‍ശനമാണ്, നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരിക്കലും വൈകില്ലെന്ന് കാണിക്കാന്‍ ഇതിനെ ഉപയോഗപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഹനാദി പറഞ്ഞു. ഡബ്ല്യു ഹോട്ടലിലെ 29-ാംനിലയിലെ ആര്‍ട്ട് 29 ഗ്യാലറിയിലാണ് പ്രദര്‍ശനം. രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെ പ്രദര്‍ശനം തുടരും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.