
ദോഹ: ആഗോളതലത്തില്‍ ചെറിയ രാജ്യങ്ങളുടെ പ്രാധാന്യവും പങ്കും ഉയര്‍ത്തിക്കാട്ടി ഖത്തര്‍. ന്യുയോര്‍ക്കില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് ഖത്തര്‍ ഉള്‍പ്പടെയുള്ള ചെറിയ രാജ്യങ്ങളുടെ പ്രാധാന്യം വിശദീകരിച്ചത്. ദോഹ ഫോറം കോണ്‍കോര്‍ഡിയ വാര്‍ഷിക ഉച്ചകോടിയുടെ സഹകരണത്തോടെയായിരുന്നു ചര്‍ച്ചാസെഷന്‍ സംഘടിപ്പിച്ചത്.
രാജ്യാന്തര രാഷ്ട്രീയത്തില്‍ ചെറിയ രാജ്യങ്ങളുടെ പങ്ക് പുനര്‍വിചിന്തനം ചെയ്യുക എന്ന പ്രമേയത്തിലായിരുന്നു ചര്‍ച്ച. സമാധാനപാലകരെന്ന നിലയില്‍ ഖത്തറിന്റെ പങ്ക് വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചുവ്യക്തമാക്കി. ഒരു രാജ്യം വലുപ്പത്തില്‍ ചെറുതായിരിക്കാമെങ്കിലും, ഇത് ആഗോളതലത്തില്‍ അതിന്റെ അന്താരാഷ്ട്ര ഗുണപരമായ സ്വാധീനം പരിമിതപ്പെടുത്തുന്നില്ല. വര്‍ധിച്ചുവരുന്ന ബഹുസ്വര ലോകത്ത് പല ചെറിയ രാജ്യങ്ങള്‍ക്കും പ്രത്യേകവും സവിശേഷവും അതുല്യവുമായ സ്വത്തുക്കളുണ്ട്.
അത് അവയുടെ പ്രകൃതിവിഭവങ്ങളോ ഗുണപരമായ ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളോ ആകട്ടെ ഇവയെല്ലാം പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള ചെറിയ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനും സാധ്യമായ തര്‍ക്കങ്ങള്‍ സമാധാനപരമായ രീതിയില്‍ പരിഹരിക്കുന്നതിനും ബഹുരാഷ്ട്ര സംവിധാനങ്ങളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്യക്ഷമത, വഴക്കം, പൊരുത്തപ്പെടുത്തല്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ചെറിയ രാജ്യങ്ങളുടെ ശക്തിയും അദ്ദേഹം എടുത്തുകാട്ടി. യുഎന്‍ പൊതുസഭയില്‍ റഷ്യ, ചൈന, യുഎസ് തുടങ്ങി വലിയ രാജ്യങ്ങള്‍ക്കുള്ള അതേ വോട്ടു തന്നെയാണ് ചെറിയ രാജ്യങ്ങള്‍ക്കുമുള്ളത് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യാന്തര സഹകരണത്തെക്കുറിച്ചും യൂറോപ്യന്‍ യൂണിയന്‍ പോലുള്ള പൊതു വിപണനകേന്ദ്രങ്ങളെക്കുറിച്ചും തന്റെ ചിന്തകള്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതൊരു രാജ്യത്തിനും സഖ്യമുണ്ടാക്കുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആസിയാനെ ഒരു ബ്ലോക്കായി നോക്കിയാല്‍ 600 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു വിപണിയെ അവര്‍ പ്രതിനിധീകരിക്കുന്നു. ഇത് പ്രധാനമാണ്. എന്നാല്‍ ആസിയാനുള്ളിലെ നിര്‍ദ്ദിഷ്ട രാജ്യങ്ങളിലേക്ക് നിങ്ങള്‍ നോക്കുകയാണെങ്കില്‍, ഉദാഹരണത്തിന് സിംഗപ്പൂര്‍.
വിജയകരമായ ഒരു ചെറിയ മോഡലാണെന്ന് തെളിയിച്ച രാജ്യമാണ അന്‍പത് ലക്ഷം ജനസംഖ്യയുള്ള സിംഗപ്പൂര്‍. തങ്ങളുടെ മേഖലയെയും ജിസിസിയെയും പരിശോധിച്ചാല്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ജിസിസി ഇതുവരെ പരാജയപ്പെട്ടുവെന്ന് മനസിലാക്കാനാകും- വിദേശകാര്യമന്ത്രി പറഞ്ഞു.