
ദോഹ:ആഗോള ഫുട്‌ബോളിന്റെ വികസനത്തില്‍ ആസ്പയര്‍ അക്കാദമിക്ക് സുപ്രധാന പങ്കുണ്ടെന്ന് അര്‍ജന്റീന കോച്ച് സാന്റിയാഗോ സോളാരി. ആസ്പയര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഫുട്‌ബോള്‍ പ്രകടനവും ശാസ്ത്രവും സംബന്ധമായ ആഗോള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്‌ബോള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ആസ്പയറില്‍ കളിക്കാര്‍ക്ക് അസാധാരണമായ ഉപകരണങ്ങളുണ്ട്.
ഖത്തരി ഫുട്‌ബോളിന്റെ വികസനത്തിന് ഈ സൗകര്യങ്ങള്‍ മാത്രമാണ് കാരണമെന്ന് താന്‍ കരുതുന്നില്ല. ആസ്പയറിലെ ഈ സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമൊപ്പം മാനസികാവസ്ഥയും ഇച്ഛാശക്തിയുമാണ് ഖത്തരി ഫുട്‌ബോളിനെ ഏഷ്യന്‍ ഫുട്‌ബോളിന്റെ മുകളില്‍ എത്തിച്ചതെന്നും മുന്‍ റിയല്‍മാഡ്രിഡ് കോച്ച് കൂടിയായ സൊളാരി പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും യുവജനങ്ങള്‍ നാളത്തെ തലമുറയാണെന്ന് താന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നുവെന്നും അവര്‍ക്ക് വഴിയൊരുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്നും ഫുട്‌ബോള്‍ പ്രകടനവും ശാസ്ത്രവും സംബന്ധിച്ച ആസ്പയര്‍ ആഗോള ഉച്ചകോടിയില്‍ ഇതാണ് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫുട്‌ബോളില്‍ ഖത്തറിന്റെ പുരോഗതി പ്രശംസനീയമാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ രാജ്യാന്തര താരം ടിം കാഹില്‍ ചൂണ്ടിക്കാട്ടി. ആസ്പയര്‍ ഉച്ചകോടിയിലെ സ്ഥിരം സാന്നിധ്യമാണ് കാഹില്‍. ഇത്തവണയും ഉച്ചകോടിക്കായി ദോഹയിലെത്തിയതായിരുന്നു അദ്ദേഹം. എവര്‍ട്ടണ്‍ എഫ്‌സിയുടെ അക്കാഡമിയിലെ കോച്ചാണ് നിലവില്‍ കാഹില്‍.