in , ,

ആടുകളുടെ പ്രദര്‍ശനവും ലേലവും; ഹലാല്‍ ഫെസ്റ്റിവല്‍ കത്താറയില്‍

ദോഹ: ഖത്തറിന്റെ കാര്‍ഷിക മൃഗസംരക്ഷണ പൈതൃകം പ്രതിഫലിപ്പിക്കുന്ന ഹലാല്‍ ഫെസ്റ്റിവലിനായി കത്താറ സജ്ജമായി. വൈവിധ്യമാര്‍ന്ന ആടുകളുടെ സൗന്ദര്യമത്സരവും പ്രദര്‍ശനവു വിപണനവും ലക്ഷ്യമിട്ടുള്ള ഹലാല്‍ ഫെസ്റ്റിവലിന്റെ ഒന്‍പതാമത് എഡീഷനാണ് ഇത്തവണ നടക്കുന്നത്. ഫെബ്രുവരി 2 മുതല്‍ 10 വരെയാണ് ഫെസ്റ്റിവല്‍. ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയ ആഘോഷപരിപാടികളിലൊന്നാണിത്. വിവിധയിനം ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യമത്സരമാണ് പ്രധാന ആകര്‍ഷണം. കത്താറ പൈതൃകഗ്രാമത്തിന്റെ തെക്കുഭാഗത്താണ് ആടുകളുടെ സൗന്ദര്യമത്സരവും വിപണനവും നടക്കുക.
അറബ് ,ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, പൂര്‍വികരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന ബോധം അവരിലുണ്ടാക്കുക, ഖത്തറില്‍ കന്നുകാലി വളര്‍ത്തലില്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്കു പകര്‍ന്നുകൊടുക്കുക, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സമ്പത്ത് പ്രദര്‍ശിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പൈതൃകത്തെ പരിചയപ്പെടുത്തുക, മാംസ ലഭ്യതയില്‍ ഖത്തറിനെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തുക എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. എല്ലാ ദിവസവും രാവിലെ സ്‌കൂളുകള്‍ക്ക് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നതിനുള്ള അവസരം സജ്ജമാക്കും. വൈവിധ്യമാര്‍ന്ന സ്റ്റാളുകളുണ്ടാകും. ക്ഷീര, കന്നുകാലി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപിണനവും ഈ സ്റ്റാളുകള്‍ മുഖേന നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ എല്ലാവര്‍ഷവും ഹലാല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ആസ്വദിക്കാനും എത്തുന്നുണ്ട്. അല്‍ മസൈന്‍ എന്നപേരിലുള്ള ആടുകളുടെ സൗന്ദര്യമത്സരമാണ് മേളയുടെ മുഖ്യാകര്‍ഷണം. വിവിധതരം കന്നുകാലികളുടെ പ്രദര്‍ശനമായ ബാണ്‍സ് ആണ് മറ്റൊരാകര്‍ഷണം. ആടുകളെ ലേലത്തില്‍ വില്‍ക്കുന്ന അല്‍ മസാദ് ചന്തയും ഇതോടൊപ്പമുണ്ടാകും. ഖത്തറിലെ പഴയകാല ചന്തകള്‍ എങ്ങനെയായിരുന്നു എന്നറിയാനും ഫെസ്റ്റിവലില്‍ അവസരമുണ്ടാകും. കരകൗശലമേളയും പരമ്പരാഗത ഭക്ഷണമേളയും ഇതിനൊപ്പം സംഘടിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പരമ്പരാഗത മത്സരങ്ങളും അരങ്ങേറും. ചെമ്മരിയാടുകളുടെ ആലയങ്ങളുടെ അവതരണം (ഷീപ്പ് ബാണ്‍ പ്രസന്റേഷന്‍), കരകൗശലകൈത്തറി ഉത്പന്ന പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേള, പരമ്പരാഗത കൂടാരങ്ങള്‍, ചികിത്സാ സേവനം എന്നിവയും മേളയുടെ ഭാഗമായി നടക്കും.
ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും നേരിട്ട് അനുഭവിക്കാനും അടുത്തറിയാനുമുള്ള അവസരമാണ്. ഇത്തവണയും വര്‍ധിച്ച ജനപങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമുള്ള സവാരി തുടങ്ങി അനുബന്ധ പരിപാടികളും ക്രമീകരിക്കും. കാലികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പുരാതന സംസ്‌കാരത്തിന്റെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നതിനും കഴിഞ്ഞുപോയ കാലത്തെ വര്‍ത്തമാന കാലവുമായി ബന്ധിപ്പിക്കുന്നതിനുമായാണ് കത്താറ ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലാദ്യമായി ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് പോയിന്റ്‌

ഇന്‍കാസ് പേരാമ്പ്ര മണ്ഡലം ‘പ്രയാണ്‍ 2020’ സംഘടിപ്പിച്ചു