
ദോഹ: ആണവസുരക്ഷയുടെ കാര്യത്തില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിക്ക്(ഐഎഇഎ) പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍. ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ചും ഖത്തര്‍ എടുത്തുപറഞ്ഞു.
പ്രത്യേകിച്ച് ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളില്‍ ആണവോര്‍ജത്തിന്റെ ഉപയോഗം തന്ത്രപരമായ പന്തയമാണെന്നും ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ലെ സമഗ്ര സാമ്പത്തിക സാമൂഹിക വികസനത്തിനായുള്ള പദ്ധതിയുടെ ഭാഗമാണെന്നും ഓസ്ട്രിയയിലെ ഖത്തര്‍ അംബാസഡറും വിയന്നയിലെ യുഎന്‍ സംഘടനകളിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയുമായ സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍മന്‍സൂരി പറഞ്ഞു.
വിയന്നയില്‍ ഐഎഇഎ സംഘടിപ്പിച്ച രാജ്യാന്തര മന്ത്രിതല ആണവസുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. റേഡിയോ ആക്ടീവ് വസ്തുക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഉചിതമായ നിയമനിര്‍മ്മാണങ്ങള്‍ ഖത്തര്‍ സ്വീകരിക്കുന്നുണ്ട്. ആണവ സുരക്ഷാ മേഖലയില്‍ ഏജന്‍സിയുടെ ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഐഎഇഎയുമായി ഖത്തര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആണവ സുരക്ഷ അന്താരാഷ്ട്ര സമാധാന-സുരക്ഷാ സംവിധാനത്തിന്റെ ഒരു പ്രധാന ഘടകമാണ്. ആണവ നിര്‍വ്യാപനം, നിരായുധീകരണം എന്നീ മേഖലകളില്‍ രാജ്യങ്ങളുടെ ബാധ്യതകള്‍ പൂര്‍ണ്ണമായും സമഗ്രമായും നടപ്പാക്കാനും ശ്രമിക്കുന്നതിലൂടെ ആണവ സുരക്ഷയെ ശക്തിപ്പെടുത്താനാകും. ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങള്‍ വികസിപ്പിക്കുന്നതിനും ആണവ ഭീകരതയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഫലപ്രദമായ ദേശീയ ആണവ സുരക്ഷാ സംവിധാനങ്ങള്‍ സഹായിക്കും.
ആണവ സുരക്ഷാ രംഗത്ത് കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആണവ സുരക്ഷാ സഹകരണത്തെ പിന്തുണയ്ക്കുന്നതിനും ആണവോര്‍ജത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താനുള്ള ഏജന്‍സിയുടെ ശ്രമങ്ങളുമായി സഹകരിക്കുന്നതിനുമുള്ള അവസരമാണ് ഈ സമ്മേളനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയരാജ്യമെന്ന നിലയില്‍ ലോകകപ്പുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന ഖത്തരി അതോറിറ്റികള്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട പരിപാടികളിലും മറ്റും ആണവ സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതിലൂടെ ഏജന്‍സി കൈവരിച്ച അനുഭവങ്ങളില്‍ നിന്നും പ്രയോജനം നേടുകയാണ് ലക്ഷ്യം. ആണവ സാങ്കേതിക സുരക്ഷാ രംഗത്ത് സമീപ വര്‍ഷങ്ങളില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാല്‍ ആണവ സുരക്ഷയുടെ സംസ്‌കാരം വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇനിയും വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ടെന്നും അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍മന്‍സൂരി ഊന്നിപ്പറഞ്ഞു.