in ,

ആദ്യപകുതിയില്‍ കഹ്‌റമ പ്രാദേശിക കമ്പനികള്‍ക്ക് നല്‍കിയത് 34 കരാറുകള്‍

ദോഹ: ഈ വര്‍ഷം ആദ്യപകുതിയില്‍ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റമ) പ്രാദേശിക കമ്പനികള്‍ക്ക് അനുവദിച്ചത് 34 കരാറുകള്‍. 565 മില്യണ്‍ ഖത്തര്‍ റിയാലാണ് ഈ കരാറുകളുടെ മൂല്യം. പ്രവൃത്തികള്‍, സേവനങ്ങള്‍, വിതരണ കരാറുകള്‍ എന്നിവയാണ് പ്രാദേശിക കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കുമായി അനുവദിച്ചത്.

പ്രാദേശികമായി ഉത്പാദിപ്പിച്ച ഇലക്ട്രിക്കല്‍ കേബിളുകളുടെയും ഇലക്ട്രിക് പവര്‍പ്ലേറ്റുകളുടെയും വിതരണത്തിന്റെ മൂല്യം ഈ കാലയളവില്‍ ഏകദേശം 250 മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു. പ്രാദേശിക വ്യവസായങ്ങളെയും ഉത്പന്നങ്ങളെയും പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കഹ്‌റമ പ്രാദേശിക കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കും കരാറുകള്‍ അനുവദിക്കുന്നത്.

രാജ്യത്ത് കഹ്‌റമ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ഉത്പന്നങ്ങളും സാമഗ്രികളും വിതരണം ചെയ്യുന്നതിന് കഹ്‌റമ പ്രാദേശിക സംരംഭങ്ങള്‍ക്ക് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ്. പ്രാദേശികവിപണിയില്‍ നിന്ന് ബദലുകള്‍ ലഭ്യമാക്കുന്നതിനും ദേശീയ കമ്പനികളെ പിന്തുണയ്ക്കുകയും പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതിലൂടെ വെള്ളം, വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിനും കഹ്‌റമ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് എന്‍ജിനിയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരി പറഞ്ഞു.

പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സംഭരണപ്രക്രിയകളില്‍ പ്രാദേശിക കമ്പനികളുടെ പങ്ക് വര്‍ധിപ്പിക്കാന്‍ കഹ്‌റമ ശ്രമങ്ങള്‍ നടത്തുകയാണ്. കഹ്‌റമയുടെ ടെണ്ടറുകളില്‍ പങ്കാളിത്തം തുടരാന്‍ പ്രാദേശിക ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക കമ്പനികള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലോ പ്രഷര്‍ മീഡിയം പ്രഷര്‍ കേബിളുകളുടെ ആവശ്യകത നിറവേറ്റാനും കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതികളുടെ വിപുലീകരണത്തിന്റെയും കേബിളുകളുടെ തുടര്‍ച്ചയായ ആവശ്യകതയുടെയും വെളിച്ചത്തില്‍ ഉന്നത ഗുണനിലവാരത്തിലും ഉയര്‍ന്ന മാനദണ്ഡങ്ങളോടെയും വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. വരുംകാലയളവില്‍ ഈ കമ്പനികള്‍ അയല്‍രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുന്നുണ്ട്.

പ്രാദേശിക വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും കമ്പനികള്‍ക്കും രാജ്യം സൗകര്യങ്ങളും ഇന്‍സെന്റീവുകളും ഉള്‍പ്പടെ ലഭ്യമാക്കുന്നുണ്ട്. ഇത് കാരണം മിക്കവരും ഉത്പാദനം വര്‍ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. കേബിളുകള്‍, സ്വിച്ചുകള്‍, ഇലക്ട്രിക് പാനലുകള്‍, ഈ വ്യവസായവുമായി ബന്ധപ്പെട്ട മറ്റുത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിനായി പുതിയ ഫാക്ടറികളും തുടങ്ങിയിട്ടുണ്ട്.

വരുംകാലയളവില്‍ രാജ്യത്തിന്റെ പിന്തുണയോടെ വൈദ്യുതി, ജല മേഖലയില്‍ കൂടുതല്‍ നിക്ഷേപാവസരങ്ങളുണ്ടാകും. 2018ല്‍ പവര്‍ കേബിളുകളുടെ വിതരണത്തിനായി കഹ്‌റമ രണ്ടു കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ദോഹ കേബിള്‍സ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ കേബിള്‍സ് എന്നിവയുമായാണ് രണ്ടുവര്‍ഷത്തെ വിതരണ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പുവച്ചത്. 1.9 ബില്യണ്‍ റിയാലാണ് കരാറിന്റെ ആകെ മൂല്യം.

വൈദ്യതി ജല പദ്ധതികള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യവികസനപദ്ധതികളില്‍ പ്രാദേശിക കമ്പനികള്‍ക്ക് വലിയ മുന്‍ഗണനയാണ് നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 169 വാഹനങ്ങള്‍ നീക്കി

ഖത്തര്‍- ഫ്രാന്‍സ് വ്യാപാരം 14 ബില്യണ്‍ റിയാലിലേക്കെത്തി