in ,

ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പായിരിക്കും ഖത്തറിലേത്: അമീര്‍

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ 100 മില്യണ്‍ ഡോളറിന്റെ സംഭാവന പ്രഖ്യാപിച്ചു

ന്യുയോര്‍ക്കില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തപ്പോള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സമീപം

ദോഹ: ന്യുയോര്‍ക്കില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ആതിഥേയത്വത്തില്‍ യുഎന്‍ ആസ്ഥാനത്തായിരുന്നു ഉച്ചകോടി.

ഭരണത്തലവന്‍മാരുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും രാജ്യാന്തരതലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഉച്ചകോടി. യുഎന്‍ പൊതുസഭയുടെ 74-ാമത് സെഷനോടനുബന്ധിച്ചുകൂടിയായിരുന്നു ഉച്ചകോടി.

ക്ലൈമറ്റ് ഫിനാന്‍സ് ആന്റ് കാര്‍ബണ്‍ പ്രൈസിങ് കോളീഷന്‍ സെഷനിലാണ് അമീര്‍ പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ജമൈക്ക പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നസ്സും ഒപ്പം പങ്കെടുത്തു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന വിധത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പിനായിരിക്കും 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുകയെന്ന് സെഷനില്‍ സംസാരിക്കവെ അമീര്‍ ചൂണ്ടിക്കാട്ടി.

ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമെന്ന നിലയില്‍ പരിസ്ഥിതി സൗഹൃദ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയങ്ങളുടെ ഉപയോഗത്തിലൂടെയും വെള്ളവും വൈദ്യുതിയും സംരക്ഷിച്ചുകൊണ്ട് ശീതികരണ, ലൈറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചും ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പായിരിക്കും ഖത്തര്‍ സംഘടിപ്പിക്കുക.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ എന്നിവ നേരിടാനും അവയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ നേരിടാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും ചെറിയ വികസ്വര ദ്വീപ് രാജ്യങ്ങളെയും കുറഞ്ഞ വികസിത രാജ്യങ്ങളെയും ഖത്തര്‍ പിന്തുണക്കും. ഇതിനായി നൂറു മില്യണ്‍ ഡോളറിന്റെ സംഭാവനയും അമീര്‍ പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് സജീവപങ്ക് വഹിക്കുന്നുണ്ട്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ സംരംഭത്തിനനുസൃതമായി സ്ഥാപിതമായ ഗ്ലോബല്‍ സോവറിന്‍ വെല്‍ത്ത്ഫണ്ടായ വണ്‍ പ്ലാനറ്റിലെ സ്ഥാപകാംഗമാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. ഖത്തര്‍ സോവറിന്‍ വെല്‍ത്ത്ഫണ്ട് ഹരിതനിക്ഷേപ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കുറഞ്ഞ കാര്‍ബണ്‍ സാമ്പത്തിക വളര്‍ച്ചയാണ് സ്വീകരിക്കുന്നത്. ഇത് പാരീസ് കരാറിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സുസ്ഥിര പ്രകൃതിവിഭവങ്ങളില്‍ നിക്ഷേപം അനുവദിക്കാനും സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഭാസം നമ്മുടെ കാലത്തെ ഗുരുതരമായ വെല്ലുവിളികളില്‍ ഒന്നാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാന പ്രതിഭാസത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹത്തിലെ സജീവ പങ്കാളിയെന്ന നിലയില്‍ ഖത്തര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ദേശീയാടിസ്ഥാനത്തിലും രാജ്യം വിവിധ നടപടികള്‍ കൈക്കൊണ്ടതായി അമീര്‍ പറഞ്ഞു.

ദീര്‍ഘകാല പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഖത്തര്‍ നിശ്ചിത ലക്ഷ്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 200 മെഗാവാട്ട് സൗരോര്‍ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ്. ഇതു പിന്നീട് 500 മെഗാവാട്ടായി ഉയര്‍ത്തും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ മ്യൂസിയംസ് സീഷോര്‍ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു

യുഎന്‍ യുവ കാലാവസ്ഥാ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു