in ,

ആദ്യ നാലു ദിവസങ്ങളില്‍ വിനോദനഗരം സന്ദര്‍ശിച്ചത് 15,000ലധികം പേര്‍

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരത്തില്‍ നിന്നുള്ള ദൃശ്യം

ദോഹ: വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളുടെ വിസ്മയക്കാഴ്ചകളുമായി ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണ്‍ ശ്രദ്ധേയമാകുന്നു. ഈദുല്‍ഫിത്വര്‍ പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

ഓഗസ്റ്റ് 16വരെയാണ് സമ്മര്‍ ഇന്‍ ഖത്തര്‍. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലാണ് പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദനഗരത്തില്‍ സന്ദര്‍ശകത്തിരക്കേറുന്നു. ജൂണ്‍ നാലു മുതല്‍ ഏഴുവരെയുള്ള ആദ്യ നാലു ദിവസങ്ങളില്‍ മാത്രം 15,000ലധികം പേരാണ് വിനോദനഗരം സന്ദര്‍ശിച്ചത്.

മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ മാത്രം സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വിനോദനഗരത്തിനു ചുക്കാന്‍പിടിക്കുന്ന ക്യുസ്‌പോര്‍ട്‌സിന്റൈ ബിസിനസ് ഡെവലപ്‌മെന്റ് യൂണിറ്റ് ഹെഡ് അയ എം കസബ് പറഞ്ഞു. വിനോദനഗരത്തിലെ എല്ലാ വിഭാഗങ്ങളും ഇതിനോടകംതന്നെ ജനപ്രിയമായിട്ടുണ്ട്.

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലാണ് വിനോദനഗരത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3500പേര്‍ വിനോദ നഗരം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കിയിരിക്കുന്നത്.

29,000 സ്‌ക്വയര്‍മീറ്ററിലായിട്ടാണിത്. 6000 സ്‌ക്വയര്‍ മീറ്ററിലായി വിര്‍ച്വല്‍ റിയാലിറ്റി-ഗെയിമിങ് സോണും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 800 സ്വ്കയര്‍മീറ്ററിലായിരുന്നു വിആര്‍- ഗെയിമിങ് സോണ്‍. മികച്ച പ്രതികരണത്തിന്റെയും ആവശ്യകത വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ വിശാലമാക്കിയത്.

ബൗണ്‍സി കാസ്റ്റില്‍സ്, മിനി ഗോള്‍ഫ് കോഴ്‌സ്, റൈഡുകള്‍, സ്‌കില്‍ ഗെയിമുകള്‍, വീഡിയോ ഗെയിമുകള്‍, തല്‍സമയ വിനോദഷോകള്‍, ഭക്ഷ്യ- പാനീയ- ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 47 ഓളം ഫുഡ് ഔട്ട്‌ലെറ്റുകളാണുള്ളത്. ഇതില്‍ 70ശതമാനവും പ്രാദേശിക ഔട്ട്‌ലെറ്റുകളാണ്. വിനോദ നഗരത്തിലെ റീട്ടെയ്ല്‍ വിഭാഗത്തിലും സന്ദര്‍ശകത്തിരക്കേറുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്‍മാരുടെ തല്‍സമയ പ്രകടനം ആസ്വദിക്കാനുള്ള അവസരവുമുണ്ടാകും.

ആദ്യ മൂന്നു ദിനങ്ങളില്‍ പ്രമുഖമായ ജോര്‍ജിയന്‍ നാഷണല്‍ ബാലറ്റിന്റെ ഷോ വലിയതോതില്‍ സന്ദര്‍ശക ശ്രദ്ധ നേടി. മൂന്നു ദിവസങ്ങളിലായി പതിനഞ്ച് ഷോകളാണ് അരങ്ങേറിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഒന്നര മുതല്‍ രാത്രി പതിനൊന്നുവരെയുമാണ് പ്രവേശനം.

പ്രവേശന ടിക്കറ്റിന് 15 റിയാലാണ് ഫീസ്. ഡേ പാസുകളും സീസണ്‍ പാസുകളും ലഭ്യമാണ്. ഗോള്‍ഡ് പാസ്, ഗെയിമിങ് പാസ്, സീസണ്‍ പാസ്, സീസണ്‍ ഗെയിമിങ് പാസ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 165 റിയാല്‍ മുതല്‍ 1250റിയാല്‍വരെയാണ് ഇവയുടെ വില. വ്യക്തിഗത ഗെയിമുകളില്‍ പങ്കെടുക്കുന്നതിന് 10 മുതല്‍ 35 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 31വരെ വിനോദ നഗരത്തിലെ പരിപാടികള്‍ തുടരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇലക്‌ട്രോണിക് മാലിന്യ പുന:സംസ്‌കരണ ക്യാമ്പയിന് മികച്ച പ്രതികരണം

ലോകകപ്പ് സ്റ്റേഡിയങ്ങളുടെയും സൗകര്യങ്ങളുടെയും ബജറ്റ് ആറു ബില്യണ്‍ ഡോളര്‍