
ദോഹ: ദോഹ മെട്രോയില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നു. പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് തുടങ്ങി ആദ്യ രണ്ടുദിവസത്തിനുള്ളില്‍ മാത്രം 80,000ലധികം പേര്‍ മെട്രോയില്‍ യാത്ര നടത്തി. മെയ് എട്ട് ബുധനാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങിയത്. ആദ്യദിനത്തില്‍ 37,451 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. രണ്ടാംദിനമായ വ്യാഴാഴ്ച യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു.
49,036 പേരുമാണ് രണ്ടാം ദിനത്തില്‍ മെട്രോയില്‍ യാത്ര ചെയ്തത്. രണ്ടു ദിനങ്ങളിലുമായി 86,487 പേര്‍ യാത്ര ചെയ്തു. റെഡ്‌ലൈന്‍ സൗത്ത് പാതയില്‍ അല്‍ ഖസ്സര്‍ മുതല്‍ അല്‍വഖ്‌റ വരെ പതിമൂന്ന് സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വടക്ക് അല്‍ഖസറില്‍നിന്നും ഡിഇസിസി, വെസ്റ്റ്‌ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്ബ ഇബ്‌നു നാഫി, ഇക്കോണിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്‌റയിലെത്തുന്നത്.
35 മിനുട്ടില്‍ താഴെയാണ് യാത്രാസമയം. വെസ്റ്റ്‌ബേയിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌റ്റേഷനില്‍നിന്നും മതാര്‍അല്‍ഖദീം സ്‌റ്റേഷനിലെത്താന്‍ എടുക്കുന്നത് കേവലം പതിനഞ്ച് മിനുട്ട്. സാധാരണഗതിയില്‍ പ്രഭാതസമയങ്ങളില്‍ കാറിലണെങ്കില്‍ ഈ യാത്രാദൂരം പിന്നിടാന്‍ വേണ്ടിവരുന്നത് ഒരുമണിക്കൂറാണ്.
റെഡ്‌ലൈന്‍ സൗത്തില്‍ കത്താറ, ലെഗ്‌തെയ്ഫിയ, ഖത്തര്‍ യൂണിവേഴ്‌സിറ്റി, സൂഖ് വാഖിഫ്, ലുസൈല്‍ സ്റ്റേഷനുകളും ഉടന്‍ തുറക്കും. രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നു വരെ ഓരോ ആറുമിനിട്ടിലുമാണ് സര്‍വീസ്. വാരാന്ത്യദിനങ്ങളായ വെള്ളിയും ശനിയും സര്‍വീസുണ്ടാകില്ല. കൂടുതല്‍ സ്‌റ്റേഷനുകളും ലൈനുകളും തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരുന്നതിനായാണ് വാരാന്ത്യങ്ങളില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്.
പ്രവര്‍ത്തനം തുടങ്ങി രണ്ടു ദിവസത്തിനുള്ളില്‍ യാത്രക്കാരില്‍ നിന്നും ലഭിച്ച പ്രതികരണം വളരെ മികച്ചതാണെന്നും സന്തോഷമുണ്ടെന്നും ഖത്തര്‍ റെയില്‍ വ്യക്തമാക്കി. ഖത്തറിലെ പൊതുഗതാഗത സമ്പ്രദായം മാറ്റിമറിക്കുന്നതില്‍ മെട്രോ വഹിക്കാന്‍ പോകുന്ന പങ്കിനെയാണ് യാത്രക്കാരുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും ഖത്തര്‍ റെയില്‍ ട്വിറ്ററില്‍ കുറിച്ചു.
For Videos Click Here https://www.facebook.com/middleeastchandrikaqatar/videos/298194337742685