in ,

ആഭ്യന്തരമന്ത്രാലയത്തിന്റെ ഈദ് ആഘോഷങ്ങളില്‍ ആയിരങ്ങളുടെ പങ്കാളിത്തം

ഏഷ്യന്‍ പ്രവാസികള്‍ക്കായി മന്ത്രാലയം സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടിയില്‍ അല്‍ഫസ പോലീസിലെ ലെഫ്റ്റനന്റ് അലി മുഹമ്മദ് അല്‍മര്‍റി സംസാരിക്കുന്നു.

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏഷ്യന്‍ പ്രവാസി സമൂഹങ്ങള്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഈദ് ആഘോഷങ്ങളില്‍ വന്‍ജനപങ്കാളിത്തം. തൊഴിലാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പ്രവാസികളാണ് ആഘോഷപരിപാടികളില്‍ പങ്കാളികളായത്.

ഏഷ്യന്‍ ടൗണ്‍, ഇന്‍ഡസ്ട്രിയല്‍ സോണിലെ ബര്‍വ അല്‍ബറാഹ, അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ് എന്നിവിടങ്ങളിലായി നടന്ന ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറി.

കമ്യൂണിറ്റി ഈദ് ആഘോഷങ്ങള്‍ വീക്ഷിക്കാനെത്തിയ ജനക്കൂട്ടം

പ്രവാസികളില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു ആഘോഷ പരിപാടികള്‍. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പൊതു സുരക്ഷ, കമ്മ്യൂണിറ്റി പൊലീസിങ് എന്നിവ മുന്‍നിര്‍ത്തിയുള്ള ബോധവല്‍ക്കരണ പദ്ധതികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നേതൃത്വം നല്‍കി.

താമസാനുമതി, തൊഴില്‍ നിയമങ്ങളെ കുറിച്ചും, തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും, പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും വിശദീകരിച്ചു.

രാജ്യത്തിന്റെ ഗതാഗത, തൊഴില്‍ നിയമങ്ങള്‍, തൊഴിലിടങ്ങളിലെ സുരക്ഷാ ചട്ടങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, തീപിടുത്തത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ബോധവത്കരണം.

മന്ത്രാലയത്തിലെ ഗതാഗത വകുപ്പ്, അല്‍ഫസ പൊലീസ്, സിവില്‍ ഡിഫന്‍സ്, കമ്യൂണിറ്റി പൊലീസിങ്, സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ്, ഡ്രഗ്സ് എന്‍ഫോഴ്സ്മെന്റ് മനുഷ്യാവകാശം എന്നീ ഏഴു വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടികള്‍. പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പങ്കാളിത്തത്തിലായിരുന്നു പരിപാടികള്‍.

തൊഴിലാളികളുമായുള്ള മന്ത്രാലയത്തിന്റെ അടുപ്പം ശക്തിപ്പെടുത്തുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ സഹകരണത്തിലായിരുന്നു പരിപാടികള്‍. നാലിടങ്ങളിലും സംഗീത പരിപാടികളും നാടോടി നൃത്തങ്ങളും മാജിക് ഷോയുമൊക്കെയായിരുന്നു പ്രധാന പരിപാടികള്‍.

ഇബ്‌നു അജ്യാന്‍ പ്രൊജക്റ്റ്‌സ്, നാസ് ഗ്രൂപ്പ്, സഫാരി മാള്‍, ഗ്രാന്‍ഡ് മാള്‍, എംകോ ഖത്തര്‍ എന്നിവരായിരുന്നു പ്രധാന സ്‌പോണ്‍സര്‍മാര്‍. ഏഷ്യന്‍ ടൗണിലെ പരിപാടികള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലായിരുന്നു.

ലേബര്‍ സിറ്റിയിലെ പരിപാടികളില്‍ പ്രവേശനം അവിടത്തെ താമസക്കാര്‍ക്കുമാത്രമായിരുന്നു. കമ്യൂണിറ്റി ഓര്‍ക്കസ്ട്ര ടീമുകളും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സംഗീത പരിപാടികള്‍, പരമ്പരാഗത തീമാറ്റിക് ഷോ, സാംസ്‌കാരിക പ്രകടനങ്ങള്‍, മാജിക് ഷോ എന്നിവ അരങ്ങേറി.

സഫാരി ഗ്രൂപ്പും ഗ്രാന്‍ഡ്മാളും സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രത്യേക സമ്മാനങ്ങള്‍ പരിപാടികളിലുടനീളം ഭാഗ്യശാലികള്‍ക്ക് സമ്മാനിച്ചു. റാഫിള്‍ ഡ്രോയിലൂടെയായിരുന്നു സമ്മാനവിതരണം. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന സുരക്ഷാ ബോധവല്‍ക്കരണ ക്വിസ്സിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

ഹിന്ദി, ബംഗ്ലാദേശി, നേപ്പാളീസ്, ഭോജ്പുരി ഭാഷകളില്‍ ഗാനാലാപനവും നടന്നു. കമ്പനികളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ഉള്‍പ്പടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായി. വിവിധ പ്രോഗ്രാമുകളില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കമ്പനികള്‍ ഉചിതമായ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദ് അവധിദിനങ്ങളില്‍ അല്‍ബിദ പാര്‍ക്കില്‍ സന്ദര്‍ശകത്തിരക്കേറി

അയക്കൂറ ഇനത്തില്‍പ്പെട്ട കന്‍ആദ് മത്സ്യം പിടിക്കുന്നതിന് നാളെ മുതല്‍ നിരോധനം