in ,

ആഭ്യന്തരമന്ത്രാലയത്തിലെ നാഷണല്‍ കമാന്‍ഡ് സെന്ററിന് രാജ്യാന്തര അംഗീകാരം

എന്‍സിസി സാങ്കേതികകാര്യ വിഭാഗം ഡയറക്ടര്‍ ആരിഫ് ഹുസൈന്‍ ഇബ്രാഹിം, ജിഐഎസ് ഡിവിഷന്‍ മേധാവി ക്യാപ്റ്റന്‍ ഹസന്‍ അലി അല്‍മാലികി എന്നിവര്‍ പുരസ്‌കാരവുമായി

ദോഹ: സാങ്കേതികമേഖലയിലെ മികവിന് ആഭ്യന്തരമന്ത്രാലയത്തിന് രാജ്യാന്തര അംഗീകാരം. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മേഖലയിലുള്ള പ്രശസ്തമായ അമേരിക്കന്‍ കമ്പനി ഇഎസ്ആര്‍ഐയുടെ പുരസ്‌കാരമാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്. ജിഐഎസില്‍ പ്രത്യേക പുരസ്‌കാരത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നാഷണല്‍ കമാന്‍ഡ് സെന്ററാണ്(എന്‍സിസി) അര്‍ഹമായത്.

136 രാജ്യങ്ങളില്‍നിന്നായി 25,000ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 336 ആഗോള കമ്പനികളും സ്ഥാപനങ്ങളും സാന്നിധ്യമറിയിച്ചു. അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ നടന്ന ഇഎസ്ആര്‍ഐ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരവിതരണം നടന്നു. നാഷണല്‍ കമാന്‍ഡ് സെന്ററിലെ സാങ്കേതികകാര്യ വിഭാഗം ഡയറക്ടര്‍ ആരിഫ് ഹുസൈന്‍ ഇബ്രാഹിം, ജിഐഎസ് ഡിവിഷന്‍ മേധാവി ക്യാപ്റ്റന്‍ ഹസന്‍ അലി അല്‍മാലികി എന്നിവര്‍ യുഎസ് ഇഎസ്ആര്‍ഐ സിഇഒ ജാക്ക് ഡേഞ്ചര്‍മോണ്ടില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

സ്വതന്ത്ര സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് നേടുന്ന കമ്പനികള്‍ക്കും സംഘടനകള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്നും ഇത്തവണ എന്‍സിസിക്കു പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്നും കേണല്‍ അലി മുഹമ്മദ് അല്‍മുഹന്നദി പറഞ്ഞു. 2013ല്‍ എന്‍സിസിയുടെ നജാം സെക്യൂരിറ്റി സംവിധാനത്തിന് എ ഗ്രേഡ് റേറ്റിങ് ലഭിച്ചിരുന്നു.

അപകടങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് പ്രതീക്ഷിക്കുന്ന അപകടസാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നജാം സുരക്ഷാ സംവിധാനം നടപ്പാക്കുന്നത്. നാഷണല്‍ കമാന്‍ഡ് സെന്ററിന് ഇത്തരം അവാര്‍ഡുകള്‍ ലഭിക്കുന്നത് ഇതാദ്യമല്ലെന്ന് ലെഫ്റ്റനന്റ് കേണല്‍ ആരിഫ് ഹസന്‍ ഇബ്രാഹിം പറഞ്ഞു.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഏറ്റവും അത്യാധുനികവും സുപ്രധാനവുമായ സുരക്ഷാ പദ്ധതികളിലൊന്നാണ് നജാം സംവിധാനം. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ കമാന്‍ഡ് സെന്ററിലെ കേന്ദ്ര ഓപ്പറേഷന്‍ വകുപ്പ് മുഖേനയാണ് വിവരകൈമാറ്റം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം.

അടിയന്തര പ്രതികരണത്തിന്റെ തോത് ഉയര്‍ത്തുന്നതിനും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും സംവിധാനം സഹായകമാണ്. പ്രത്യേക വിശകലനത്തിലൂടെ പ്രതീക്ഷിക്കുന്ന അപകടസാധ്യതകള്‍ സംഭവിക്കുന്നതിനു മുമ്പ് പ്രവചിക്കുന്നതിനും ഇടപെടല്‍ നടത്തുന്നതിനും സഹായകമാകുന്നു.

ഏറ്റവും ഉയര്‍ന്ന രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ താല്‍പര്യം പ്രതിഫലിപ്പിക്കുന്നതാണ് പുരസ്‌കാരം. സുരക്ഷ ഉറപ്പാക്കുന്നതിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആഭ്യന്തരമന്ത്രാലയം വിവര സാങ്കതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. സമൂഹത്തിന് പരമാവധി സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയം നിരവധി ഇലക്ട്രോണിക് സേവനങ്ങള്‍ അവതരിപ്പിച്ചു.

നേട്ടങ്ങളുടെ പട്ടികയില്‍ പുതിയൊരു പൊന്‍തൂവല്‍കൂടി ചേര്‍ത്താണ് ജിഐസില്‍(ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്) രാജ്യാന്തര അംഗീകാരം ആഭ്യന്തരമന്ത്രാലയം സ്വന്തമാക്കിയത്. സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യയുടെ പങ്കിലും ഭാവിയിലും ആഭ്യന്തരമന്ത്രാലയത്തിന് ഉറച്ച വിശ്വാസമാണുള്ളത്. പൊതുജനങ്ങളെ സേവിക്കുന്നതിനായി സുരക്ഷയും സേവനപ്രകടനസംവിധാനവും മെച്ചപ്പെടുത്തുന്നതിന് വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

സമൂഹത്തിന് പരമാവധി സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനായി ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് സംവിധാനങ്ങളാണ് മന്ത്രാലയം വികസിപ്പിച്ചത്. ലോകത്തെ പല രാജ്യങ്ങളെക്കാളും മികച്ച രീതിയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ നൂതനവും പുരോഗതിയും നേടാന്‍ മന്ത്രാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇമിഗ്രേഷന്‍ പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു

ദോഹ മെട്രോ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി