in ,

ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്യൂണിറ്റി ഈദ് ആഘോഷങ്ങളില്‍ വന്‍ ജന്‍പങ്കാളിത്തം

ആഭ്യന്തര മന്ത്രാലയം പ്രവാസി കമ്യൂണിറ്റികള്‍ക്കായി സംഘടിപ്പിച്ച ഈദ് ആഘോഷപരിപാടികള്‍ വീക്ഷിക്കാനെത്തിയ ജനക്കൂട്ടം

ദോഹ: ആഭ്യന്തരമന്ത്രാലയം പ്രവാസി കമ്യൂണിറ്റികള്‍ക്കായി സംഘടിപ്പിച്ച ഈദുല്‍ ഫിത്വര്‍ ആഘോഷപരിപാടികളില്‍ വന്‍ ജന പങ്കാളിത്തം. ഏഷ്യന്‍ ടൗണ്‍, ഏഷ്യന്‍ അക്കോമഡേഷന്‍ സിറ്റി(ലേബര്‍ സിറ്റി), ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ ബറാഹ, അല്‍ഖോറിലെ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ് എന്നിവിടങ്ങളിലായിട്ടായിരുന്നു പരിപാടികള്‍.

ബര്‍വ ഗ്രൂപ്പുമായി സഹകരിച്ചാണ് ബര്‍വ പ്രോപ്പര്‍ട്ടീസിലെ ആഘോഷപരിപാടികള്‍ അരങ്ങേറിയത്. എല്ലാ കേന്ദ്രങ്ങളിലും തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളിലായി മ്യൂസിക് ഷോകള്‍, പരമ്പരാഗത തീമാറ്റിക് പ്രകടനങ്ങള്‍, കമ്യൂണിറ്റി ഓര്‍ക്കസ്ട്ര ടീമുകളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും സാംസ്‌കാരിക പരിപാടികള്‍, മാജിക് ഷോകള്‍ തുടങ്ങിയവ നടന്നു. പ്രോഗ്രാമുകളിലുടനീളം കാണികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു.

ട്രാഫിക്, സിവില്‍ഡിഫന്‍സ്, ഹ്യൂമന്‍ റൈറ്റ്‌സ്, അല്‍ഫസ പോലീസ്, സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പ്, കമ്യൂണിറ്റി പോലീസ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളും ശ്രദ്ധേയമായി. സുരക്ഷ, സേഫ്റ്റി, പ്രവാസികലുടെ വരവും പോക്കും താമസവും നിയന്ത്രിക്കുന്നതിനുള്ള നിയമം, തൊഴില്‍ വിപണി, മനുഷ്യാവകാശങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബോധവല്‍ക്കരണം.

അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അല്‍ഖോര്‍ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സില്‍ ഫുട്‌ബോള്‍, വോളിബോള്‍, ഓട്ടം ഉള്‍പ്പടെയുള്ള കായിക മത്സരങ്ങള്‍, ഓര്‍ക്കസ്ട്ര ട്രൂപ്പുകളുടെ പരിപാടികള്‍, ഇന്ത്യന്‍, ബംഗ്ലാദേശി, നേപ്പാളീസ് കമ്യൂണിറ്റികളുടെ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഈദിന്റെ ആദ്യ രണ്ടുദിനങ്ങളില്‍ നടന്നു.

ഖത്തറിലെ താമസക്കാരുടെ കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം പുലര്‍ത്തുന്ന വലിയ താല്‍പര്യവും കമ്യൂണിറ്റികള്‍ക്ക നല്‍കുന്ന പ്രാധാന്യവുമാണ് ഈദ് പരിപാടികളില്‍ പ്രതിഫലിക്കുന്നതെന്ന് അല്‍ശമാല്‍ ബ്രാഞ്ചിലെ കമ്യൂണിറ്റി പോലീസ് വകുപ്പ് തലവന്‍ ലെഫ്റ്റനന്റ് കേണല്‍ സഈദ് അമര്‍ അല്‍നുഐമി പറഞ്ഞു.

പോലീസിനും ജനങ്ങള്‍ക്കുമിടയിലുള്ള കണ്ണിയായാണ് കമ്യൂണിറ്റി പോലീസ് വര്‍ത്തിക്കുന്നതെന്നും ഇത്തരം പരിപാടികളില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ സോണിലെ റസിഡന്‍ഷ്യല്‍ നഗരത്തില്‍ നടന്ന പരിപാടിയില്‍ സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പിലെ ലെഫ്റ്റനന്റ് ഈസ്സ സലേഹ് അല്‍സുലൈത്തി, അല്‍ഫസയിലെ ഓഫീസര്‍ ഗാനിം ഹമദ് അല്‍സുലൈത്തി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

ഐഡി കാര്‍ഡ് എപ്പോഴും കരുതേണ്ടതിന്റെ ആവശ്യകത, സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സഹകരണം തുടങ്ങിയവ വിശദീകരിച്ചു. ഏഷ്യന്‍ സിറ്റിയില്‍ നടന്ന പരിപാടികളില്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആന്റ് അതോറിറ്റീസ് സെക്യൂരിറ്റി വകുപ്പിലെ ലെഫ്റ്റനന്റ് മുഹമ്മദ് സെയ്ഫ് അല്‍മര്‍റി പങ്കെടുത്തു. ബര്‍വ അല്‍ബറാഹയിലും വിവിധങ്ങളായ പരിപാടികള്‍ നടത്തി. ഏഷ്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വേറിട്ട സാംസ്‌കാരിക ഷോകളും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.

എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ശാന്തിനികേതന്‍ സ്‌കൂള്‍ എന്നിവയാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ആഭ്യന്തരമന്ത്രാലയവും രാജ്യത്തെ പ്രവാസിസമൂഹവും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തുകയെന്നതും ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നു.

വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള പരിപാടികളിലേക്ക് പരമാവധി തൊഴിലാളികളെയും ജീവനക്കാരെയും അയയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്പനികളുടെ മാനേജ്‌മെന്റുകള്‍ക്കു മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ വേദികളിലും പ്രവേശനം സൗജന്യമായിരുന്നു. അതേസമയം ലേബര്‍ സിറ്റിയില്‍ പ്രവേശനം ലേബര്‍ സിറ്റിയിലെ താമസക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദ് ദിനത്തില്‍ ദോഹ മെട്രോയിലൂടെ യാത്ര നടത്തിയത് 75,940 പേര്‍

ഖത്തരി റഫാല്‍ സേനാവിഭാഗത്തിന് ആവേശകരമായ വരവേല്‍പ്പ്: അമീര്‍ പങ്കെടുത്തു