അശ്‌റഫ് തൂണേരി
ദോഹ

ഓണ്‍ലൈനിലൂടെ വായിച്ചറിഞ്ഞ് ഇന്ത്യന്‍ സംഗീതമറിയാന്‍ അവര്‍ മൂന്നുപേരെത്തിയത് സൂഫി സംഗീതം പെയ്തിറങ്ങിയ ഖത്തര്‍ നാഷണല്‍ തിയേറ്ററിലെ ഇരുണ്ട വെളിച്ചത്തിലേക്ക്. ചൈനയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന് തൊഴില്‍ തേടി ഖത്തറിലെത്തിയ ലൂസാവോ, ജിന്‍ ഹാവൂ, ജംഗ് ജാവെ എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മുമ്പ് തന്നെ കോര്‍ണിഷിലെ നാഷണല്‍ തിയേറ്ററില്‍ ഇരിപ്പിടമുറപ്പിച്ചിരുന്നു.
ആര്‍ഗണ്‍ ഗ്ലോബല്‍ ബേഖുദി സംഗീത വിരുന്നിനായി ഹാളിലേക്ക് കയറും മുമ്പ് ക്യുബിസ് ഇവന്റ്‌സ് ഓപ്പറേഷന്‍സ് മാനേജര്‍ നിഷാദ് ഗുരുവായൂരിനോട് അവര്‍ ആരാഞ്ഞു. ഇതിനൊപ്പം നൃത്തമുണ്ടാവുമോ. ഉണ്ടാവില്ലെന്ന നിഷാദിന്റെ മറുപടിയൊന്നും അവരെ നിരാശരാക്കിയില്ല. ഇന്ത്യയുടെ ഗസലറിയാന്‍ അവര്‍ ഇരുന്നു. മണിക്കൂറുകളോളം. ഭാഷയറിഞ്ഞില്ലെങ്കിലും അവര്‍ സാകൂതം പാട്ടിനൊപ്പം സഞ്ചരിച്ചു.
ഇടക്ക് താളം പിടിച്ചു. കൈയ്യടിയിലേക്ക് ചില നേരങ്ങളില്‍ ആവേശഭരിതരായി. ആഹ്ലാദത്തോടെ പുറത്തിറങ്ങിയ അവര്‍ക്ക് സംഗീതവിരുന്നിനെക്കുറിച്ച് മാത്രമല്ല ഇന്ത്യയെക്കുറിച്ചും പറയാനുണ്ടായിരുന്നു. ”ഇന്ത്യന്‍ സംസ്‌കാരമറിയാനും സംഗീതം നേരിട്ടു മനസ്സിലാക്കാനുമാണ് ഞങ്ങള്‍ വന്നത്. ആക്രോശങ്ങളില്ലാത്ത ഈ ഗസല്‍ ഏറെ ഇഷ്ടമായി. സൂഫി സംഗീതത്തെക്കുറിച്ചൊക്കെ കേട്ടിട്ടേയുള്ളൂ.
ഇന്ത്യന്‍ സംഗീതവും സിനിമയുമെല്ലാം ഇഷ്ടമാണ്. ആമിര്‍ ഖാനെ വല്ലാത്ത ഇഷ്ടമാണ്. ,,,,, സംഘത്തിലെ ആമിര്‍ഖാന്‍ ഭക്തനായ ജിന്‍ ഹാവൂ വാചാലനായി. ത്രീ ഇഡിയറ്റ്‌സ് എന്ന ഹിന്ദി സിനിമ 3 പ്രാവശ്യമാണ് താന്‍ കണ്ടതെന്നും ഇന്ത്യയില്‍ ആമിര്‍ ഖാനെ കാണാനെത്തുമെന്നും പെന്റ കമ്പനിയില്‍ ജോലി ചെയ്യുന്ന ജിന്‍ വിശദീകരിച്ചു.
നല്ല അനുഭവമായിരുന്നു ഈ സംഗീതവിരുന്നെന്ന് പറയാനാണ് സിവില്‍ എഞ്ചിനീയറായ ജംഗ് ജാവേക്ക് താത്പര്യം.സാമന്ത എന്നും അറബിയില്‍ ബാസിമ എന്നും വിളിപ്പേരുള്ള ലൂസാവോ പറഞ്ഞത് തങ്ങള്‍ ക്യുടിക്കറ്റ്‌സ് ആപ്പിലൂടെയാണ് ഈ സംഗീതം കേള്‍ക്കാനെത്തിയെത് എന്നായിരുന്നു. മൂവരും ഹാപ്പി, ചിരിയോടെ പുറത്തിറങ്ങി. തമാശ കലര്‍ത്തി ഒരു ചോദ്യമെറിഞ്ഞു, ചിരി ഡ്യൂപ്ലിക്കേറ്റല്ലല്ലോ.. ഉടന്‍ വന്നു ഒരേ താളത്തില്‍ മൂവരുടേയും മറുപടി; ഒറിജിനല്‍, ചൈനീസ് ഒറിജിനല്‍.