
ആര്‍ റിന്‍സ്
ദോഹ
ഒന്‍പതാമത് ദേശീയ കായികദിനം രാജ്യം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ രാജ്യം ഒന്നാകെ കായികദിനാഘോഷങ്ങളില്‍ പങ്കാളികളായി. കാലാവസ്ഥയും അനുകൂലമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. കേവലം പുറംപ്രകടനങ്ങള്‍ക്കപ്പുറം സജീവമായ പരിപാടികളാണ് രാജ്യത്തൊട്ടാകെ അരങ്ങേറിയത്.
സ്വദേശികളും പ്രവാസികളും ഉള്‍പ്പടെ ആയിരക്കണക്കിന് പേര്‍ വിവിധ വേദികളിലായി നടന്ന പരിപാടികളില്‍ പങ്കാളികളായി. കൂടുതല്‍ ആകര്‍ഷകമായും വര്‍ണപ്പകിട്ടോടെയുമായിരുന്നു ഇത്തവണത്തെ കായികദിനപരിപാടികള്‍ അരങ്ങേറിയത്. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കായികദിനം എല്ലാ വേദികളിലും മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുരുന്നുകളും മുതിര്‍ന്നവരുമടക്കം പ്രായഭേദമന്യേ എല്ലാവരും കായികപരിപാടികളില്‍ പങ്കാളികളായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വ്യത്യസ്ത മേഖലകളിലായിട്ടായിരുന്നു പരിപാടികള്‍. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ മാത്രം 55 സ്ഥാപനങ്ങളും സംരംഭങ്ങളും പരിപാടികളില്‍ പങ്കാളികളായി.
ഇതില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്്ഥാപനങ്ങളും കായിക ക്ലബ്ബുകളും അക്കാഡമിക് സ്ഥാപനങ്ങളും സ്‌കൂളുകളും ഉള്‍പ്പെടും. പടിഞ്ഞാറന്‍ മേഖലയില്‍ 25 പ്രസ്ഥാനങ്ങളും വടക്കന്‍ മേഖലയില്‍ 12 സ്ഥാപനങ്ങളും തെക്കന്‍ മേഖലയില്‍ 13 സംരംഭങ്ങളും ഏജന്‍സികളും കായികദിനപരിപാടികളില്‍ പങ്കാളികളായി. അല്‍ബിദ പാര്‍ക്ക്, ദോഹ കോര്‍ണീഷ് എന്നിവിടങ്ങളില്‍ 25 സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും പരിപാടികള്‍ നടന്നു. ലുസൈല്‍ സര്‍ക്യൂട്ട് ക്ലബ്ബ്, വിമണ്‍സ് സ്‌പോര്‍ട്‌സ് കമ്മിറ്റി, തെരഞ്ഞെടുത്ത പാര്‍ക്കുകള്‍, ജിമ്മുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ വനിതകള്‍ക്കായി പരിപാടികള്‍ ഒരുക്കിയിരുന്നു.
ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റിയില്‍ നടന്ന ആഘോഷങ്ങളില്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തു. ശൂറാ കൗണ്‍സിലിന്റെ കായികദിന പരിപാടികളില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ് പങ്കെടുത്തു.
ശൂറാ കൗണ്‍സിലിലെ ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടികളില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയത്തിന്റെ പരിപാടികള്‍ ഡിപ്ലോമാറ്റിക് ക്ലബ്ബില്‍ നടന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി, സെക്രട്ടറി ജനറല്‍ ഡോ.അഹമ്മദ് ബിന്‍ ഹസന്‍ അല്‍ഹമ്മാദി എന്നിവരും നയതന്ത്രപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു. നീതിന്യായ മന്ത്രാലയത്തിന്റെ പരിപാടികള്‍ അല്‍മര്‍ഖിയ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് നടന്നത്. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സാദ് അല്‍ജഫാലി അല്‍നുഐമിയും കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടറി ജനറല്‍ ഹമദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദിയും പങ്കെടുത്തു.
ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യയുടെ കാര്‍മികത്വത്തിലായിരുന്നു ഖത്തര്‍ സായുധസേനയുടെ കായികദിനാഘോഷം. ഖത്തരി സായുധസേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ പൈലറ്റ് ഗാനിം ബിന്‍ ഷഹീന്‍ അല്‍ഗാനിം, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുബാറക്ക് ബിന്‍ മുഹമ്മദ് അല്‍ കുമൈത് അല്‍ഖയാറിന്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും പങ്കെടുത്തു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ കായികദിനപരിപാടികളും ആകര്‍ഷകമായി. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നടന്ന പരിപാടികളില്‍ പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി പങ്കെടുത്തു. ജീവനക്കാരുടെ വര്‍ധിച്ച പങ്കാളിത്തവുമുണ്ടായിരുന്നു. മന്ത്രാലയത്തിലെയും പിഎച്ച്‌സിസിയിലെയും എച്ച്എംസിയിലെയും ജീവനക്കാര്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരവും ആകര്‍ഷകമായി.
പിഎച്ച്‌സിസിയുടെ പരിപാടികള്‍ വിവിധ ഹെല്‍ത്ത് സെന്ററുകളിലും ലബൈബ് സെന്ററിസമീപത്തുള്ള പൊതുപാര്‍ക്കിലും നടന്നു. ദോഹ കോര്‍ണീഷില്‍ നടന്ന പബ്ലിക് പ്രോസിക്യൂഷന്റെ കായികദിന പരിപാടികളില്‍ അറ്റോര്‍ണി ജനറല്‍ ഡോ.അലി ബിന്‍ ഫെതായിസ് അല്‍മര്‍റിയും ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരും പബ്ലിക് പ്രോസിക്യൂഷന്‍ ജീവനക്കാരും പങ്കെടുത്തു. ലുസൈല്‍ മറീനയിലായിരുന്നു സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിപാടികള്‍ നടന്നത്. കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി പ്രസിഡന്റുമായ ഡോ. ഹസന്‍ ബിന്‍ ലഹ്ദാന്‍ അല്‍മുഹന്നദി, കോടതി പ്രസിഡന്റുമാര്‍, ജഡ്ജിമാര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഖത്തര്‍ ടെന്നീസ് സ്‌ക്വാഷ്, ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പരിപാടികള്‍ കത്താറ, മുഷൈരിബ് ഡൗണ്‍ടൗണ്‍, താരിഖ് ബിന്‍ സിയാദ് സ്‌കൂള്‍, ഖലീഫ രാജ്യാന്തര ടെന്നീസ് സ്‌ക്വാഷ് കോംപ്ലക്‌സ് എന്നിവിടങ്ങളിലായി നടന്നു.