
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് നവീകരിച്ചു. സമഗ്രമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച www.moph.gov.qa എന്ന പുതിയ വെബ്സൈറ്റ് ആരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ആരോഗ്യസമ്മേളനം 2020നോടനുബന്ധിച്ചായിരുന്നു വെബ്‌സൈറ്റിന്റെ പ്രകാശനവും നടന്നത്. മന്ത്രാലയത്തിന്റെ സേവനങ്ങളും ജനങ്ങള്‍ക്കായുള്ള അറിയിപ്പുകളും വെബ്‌സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, സമ്മേളനങ്ങള്‍, പരിപാടികള്‍, പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം വെബ്‌സൈറ്റിലുണ്ടാകും. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമായിരിക്കും. സേവനങ്ങളുടെ പ്രവേശനക്ഷമത കൂടുതല്‍ ഫലപ്രദമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ഭാഗമായാണ് വെബസൈറ്റ് നവീകരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉപഭോക്്തൃസൗഹൃദവും കാര്യക്ഷമവുമായ രീതിയിലും ഏറ്റവും പുതിയ രാജ്യാന്തര വെബ്‌സൈറ്റ് മാനദണ്ഡങ്ങള്‍ക്കനുസൃതവുമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാഴ്ചാവൈകല്യം, വര്‍ണാന്ധത എന്നിവയുള്ളവര്‍ക്കും പിന്തുടരാവുന്ന വിധത്തിലാണ് വെബ്‌സൈറ്റ് സംവിധാനിച്ചിരിക്കുന്നത്.
മാഡ സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്‌നോളജിയുമായി സഹകരിച്ചാണ് വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ പതിപ്പ് എല്ലാത്തരം കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ക്കും സ്മാര്‍ട്ട്ഫോണുകള്‍ക്കും അനുയോജ്യമാണ്.