
ദോഹ: ദോഹ ഫയര്‍ സ്റ്റേഷനില്‍ ആര്‍ട്ട്‌സിറ്റ് ഇന്‍ റസിഡന്‍സ് പദ്ധതിയിലെ 2019-2020 എഡിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഖത്തര്‍ മ്യൂസിയംസ് പുറത്തുവിട്ടു.
ലഭിച്ച അപേക്ഷകള്‍ വിശദമായി വിലയിരുത്തി 18പരെയാണ് അഞ്ചാം എഡീഷനിലേക്ക് തെരഞ്ഞെടുത്തത്. ഈ പദ്ധതിപ്രകാരം ഫയര്‍ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ താമസിച്ചു ചിത്രരചന നടത്തുന്നതു ഖത്തറിനകത്തെയും പുറത്തെയും കലാപ്രതിഭകള്‍ക്ക് അവസരം ലഭിക്കും. ഒന്‍പത് മാസമാണ് റസിഡന്‍സി കാലാവധി.
ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരവധി കലാകാരന്‍മാരുടെ അപേക്ഷകള്‍ ഇത്തവണ ലഭിച്ചിരുന്നു. ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, പെയിന്റിങ്, ശില്‍പ്പകല തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച 18 പേരെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.
ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ കാഴ്ചപ്പാടുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമനുസൃതമായി 2015ലാണ് ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. ഇവിടെയുള്ള 20 സ്റ്റുഡിയോകളില്‍ ഒന്‍പതു മാസം താമസിച്ചാണ് ചിത്രംവര ഉള്‍പ്പടെ കലാസൃഷ്ടികളുടെ നിര്‍മാണത്തിലേര്‍പ്പെടേണ്ടത്.
ഫയര്‍സ്റ്റേഷനില്‍ താമസിച്ച് സ്റ്റുഡിയോ സൗകര്യം പ്രയോജനപ്പെടുത്തി കലാസൃഷ്ടികള്‍ വരയ്ക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടുന്നതിനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.
കൂടാതെ മാസം നിശ്ചിത തുക സ്റ്റൈപ്പന്റും ലഭിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കലാപ്രതിഭകള്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ ക്ഷണപ്രകാരം എത്തുന്ന ലോകപ്രശസ്ത ആര്‍ട്ടിസ്റ്റുകള്‍, കുറേറ്റര്‍മാര്‍, കലാചരിത്രകാരന്‍മാര്‍ തുടങ്ങിവരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും.
ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ് പദ്ധതിയുമായി സഹകരിക്കാന്‍ ഒട്ടനവധി ആര്‍ട്ടിസ്റ്റുകളുടെ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നാണ് വിദഗ്ദ്ധ ജൂറി യോഗ്യരായവരെ തിരഞ്ഞടുത്തത്. ഖത്തറിലെ പതിനൊന്നു പേരും ഈജിപ്ത്, വെനസ്വേല, ഓസ്‌ട്രേലിയ, ജോര്‍ദാന്‍, ജര്‍മ്മനി, കുവൈത്ത്, സിറിയ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും യോഗ്യത നേടി.
ഖത്തരികള്‍- അയിഷ അല്‍മുഹന്നദി, അമീറ അല്‍അജി, അമേന അല്‍യൂസുഫ്, ഇബ്തിസം ഇബി അല്‍ഹോതി, ഹിന്ദ് അല്‍സാദ്, ലത്തീഫ അല്‍കുവാരി, മറിയം അല്‍മാദാദി, മഷേല്‍ അല്‍ഹിജാസി, മുന അല്‍ബാദെര്‍, നെയ്‌ല അല്‍താനി, നൂര്‍ യൂസുഫ്, ഈജിപ്തില്‍നിന്നും ഹദീര്‍ ഉമര്‍, വെനസ്വേലയിലെ ഹൈഥം ഷറൗഫ്, ഓസ്‌ട്രേലിയയിലെ ജാസര്‍ അലഗ, ജോര്‍ദാനിലെ മജ്ദുലിന്‍ നസ്‌റല്ലാഹ്, ജെര്‍മനിയിലെ മറിയം റഫേഹി, കുവൈത്തിലെ മയാസ അല്‍മുമൈന്‍, സിറിയയിലെ സൂസന്ന ജുമാ.
പുതിയ എഡിഷനിലേക്ക് കലാപ്രതിഭകളെ സ്വാഗതം ചെയ്യുന്നതായി ഫയര്‍സ്റ്റേഷന്‍ ഡയറക്ടര്‍ ഖലീഫ അല്‍ഒബൈദി പറഞ്ഞു. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 21 വയസിലധികം പ്രായമുള്ള കലാകാരന്‍മാര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കുന്നതിന് യോഗ്യതയുള്ളത്.