in ,

ആര്‍.എസ്.എസിനെ നേരിടാന്‍ വിവേകപൂര്‍ണ്ണമായ മുന്നേറ്റം ആവശ്യം: സി കെ സുബൈര്‍

ദോഹ: ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആര്‍ എസ് എസിനെ നേരിടാന്‍ വിവേക പൂര്‍ണ്ണവും മികച്ച ആസൂത്രണത്തിലുമുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും കേവലം കവല പ്രസംഗങ്ങള്‍കൊണ്ടും റോഡ് ഷോകള്‍ കൊണ്ടും സംഘപരിവാര്‍ രാഷ്ട്രീയത്തെ നേരിടാമെന്നത് മിഥ്യാധാരണയാണെന്നും മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍. 

നാദാപുരം മണ്ഡലം ഖത്തര്‍ കെഎംസിസി സമ്മേളനത്തില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് പിന്നണിയിലിരിക്കുന്ന ആര്‍.എസ്.എസ് ആണ്. മോദിയും അമിത് ഷായുമൊക്കെ ആര്‍.എസ്.എസിന്റെ ഉപകരണങ്ങള്‍ മാത്രമാണ്.

കൃത്യമായതും മികച്ച ആസൂത്രണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളും ബുദ്ധിപരമായ മുന്നേറ്റങ്ങളുമാണ് ഈ ശക്തിയെ നേരിടാന്‍ ഇന്ത്യയില്‍ ആവശ്യമെന്നും ആശയ പരമായ ചര്‍ച്ചകളും സംവാദങ്ങളും താഴെ തട്ടില്‍ നിന്ന് ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ വിളിച്ചുകൂട്ടി ചെറുപ്രായത്തില്‍ തന്നെ ചിട്ടയായി ഹിന്ദുത്വ ആശയം തലച്ചോറില്‍ തിരുകി കയറ്റിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിച്ചുവരുന്നത്.

നാഗ്പൂരിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും സന്ദര്‍ശിച്ചപ്പോള്‍ ഇത് നേരിട്ടു ബോധ്യപ്പെട്ട കാര്യമാണ്. അക്രമത്തിന്റെയും ഉന്‍മൂലനത്തിന്റെയും ആശയങ്ങള്‍ക്കെതിരെ നന്മയുടെ ബദല്‍ ആശയങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള കൂട്ടായ ശ്രമമാണ് നമ്മുടെ രാജ്യത്ത് ഇന്ന് ആവശ്യം. വര്‍ഗീയമായി ദ്രുവീകരിക്കപ്പെട്ട ഒരു പ്രദേശത്ത് ബി.ജെ.പിക്ക് തങ്ങളുടെ അജണ്ടകള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയും.

ഇത്തരം ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മതേതരത്വ ആശയം പുലര്‍ത്തുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാന്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മനസ്സ് വര്‍ഗീയതെ സ്വീകരിച്ചു കഴിഞ്ഞുവെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.

മോദിക്ക് വോട്ടുചെയ്തവര്‍ പോലും അത്തരം വര്‍ഗീയതയെയോ ഉന്‍മൂലന രാഷ്ട്രീയത്തെയോ അനുകൂലിക്കുന്നവരല്ല എന്നാണ് നേരിട്ടുള്ള അനുഭവം. താല്‍ക്കാലികമായുണ്ടായ ചില കാരണങ്ങളുടെ പുറത്താണ് അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ആത്മാര്‍ഥതയോടെ പരിശ്രമിച്ചാല്‍ ഇന്ത്യയുടെ ഭരണം വര്‍ഗീയ ശക്തികളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും സുബൈര്‍ പറഞ്ഞു. 

മൂസ്്‌ലിം യൂത്ത് ലീഗ് ദേശീയ തലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം നിരവധി ഇടപെടലുകള്‍ നടത്താന്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്്. അക്രമത്തിനും പീഡനത്തിനും ഭരണകൂട അതിക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് സാന്ത്വനവും സഹായവും നല്‍കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടിയെത്താന്‍ ഞങ്ങള്‍ക്കു സാധിച്ചു.

രാജ്യം മുഴുക്കെ ഫാസിസ്റ്റുകളുടെ കൈപ്പിടിയില്‍ അകപ്പെട്ട് ഭീതതമായി നില്‍ക്കുന്ന അവസരത്തിലാണ് ‘നിങ്ങള്‍ക്ക് ഞങ്ങളുണ്ട്’ എന്ന് വിളിച്ചുപറയാന്‍ സധൈര്യം മുസ്്‌ലിം യൂത്ത് ലീഗ് മുന്നോട്ടു വന്നത്. മോദിയെ എതിര്‍ത്തത് കൊണ്ടു മാത്രം ജയിലിലടക്കപ്പെട്ട സജ്ജീവ് ഭട്ടിന്റെ കുടുംബത്തിനു പിന്തുണ നല്‍കാനും ഭാര്യ ശ്വേതാ ഭട്ടിന് ധൈര്യം പകരാനും കഴിഞ്ഞതാണ് ഇതില്‍ അവസാനത്തേത്. കത്‌വ കേസില്‍ മുസ്്‌ലിം യൂത്ത് ലീഗിന്റെ ഇടപെടല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

കേരളത്തിന് പുറത്തുള്ള മുസ്്‌ലിം ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനകരമായ അസ്ഥിത്വത്തിനാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  കേരളത്തിന് പുറത്ത് 70ശതമാനം മുസ്്‌ലിംകളും നിരക്ഷരരും വളരെ ശോചനീയ അവസ്ഥയില്‍ ജീവിക്കുന്നവരുമാണ്.

മുസ്്‌ലിംകളെ എന്നും വൈകാരികമായി പ്രതികരിക്കുന്ന ഒരുവിഭാഗമാക്കി  മറ്റു മതസ്ഥരില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് ബി.ജെ.പി എന്നും ശ്രമിച്ചു വരുന്നത്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യാവകശമോ സര്‍ക്കാര്‍ സഹായങ്ങളോ പലപ്പോഴും നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഭീകരരും തീവ്രവാദികളുമാക്കാനാണ് ബി.ജെ.പി സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ വിവിധ ജാതി മതങ്ങള്‍ക്കിടയില്‍ ഒത്തൊരുമയോടെ കേരളത്തിന് സമാനമായി ഇന്ത്യ മുഴുവന്‍ പരസ്പര സഹകരണത്തോടെ ജീവിക്കാന്‍ മുസ്്‌ലിം സമൂഹത്തെ പ്രാപ്തമാക്കാനാണ് തങ്ങള്‍ പരിശ്രമിച്ചുവരുന്നതെന്നും അതിനായി എല്ലാവരുടെയും പിന്തുണയും സഹായവും ആവശ്യമാണെന്നും സുബൈര്‍ പറഞ്ഞു.  

നിലവില്‍ മുസ്്‌ലിം യൂത്ത് ലീഗിന് കേരളത്തിന് പുറമെ മഹാരാഷ്ട്ര, യുപി, ഹരിയാന, ജാര്‍ഖണ്ഡ്, ബംഗാള്‍, കാര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേരളത്തിന് പുറത്ത് നിന്നുള്ള ആളുകളെ വിളിച്ച് വലിയൊരു പ്രക്ഷോഭം സംഘടിപ്പിക്കാനാവുന്ന തരത്തിലേക്ക് യൂത്ത് ലീഗ് ദേശീയ തലത്തില്‍ വളര്‍ന്നുവെന്നും ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ.

ഫൈസല്‍ ബാബു പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍, നാദാപുരം മണ്ഡലം പ്രസിഡന്റ് ഉബൈദ് സി കെ, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വാണിമേല്‍ പങ്കെടുത്തു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വഖ്‌റയിലെ അല്‍ജനൂബ് സ്‌റ്റേഡിയത്തില്‍ അത്യാധുനിക ഐസിടി സൗകര്യങ്ങള്‍

റാസ് അബുഅബൗദ് സ്‌റ്റേഡിയം നിര്‍മാണം; ആദ്യ ബാച്ച് കണ്ടെയ്‌നറുകള്‍ എത്തി