in ,

ആവേശക്കടലായി ഖലീഫ സ്റ്റേഡിയം: കായിക ലോകത്തിന്റെ നെറുകെയില്‍ ബര്‍ഷിം

ലോക അത്‌ലറ്റിക്‌സ് ഹൈജമ്പ് കിരീടം ബര്‍ഷിം നിലനിര്‍ത്തി

ആര്‍.റിന്‍സ്

ദോഹ

ലോക അത്‌ലറ്റിക്‌സ് ഹൈജമ്പ് ഫൈനലില്‍ മുതാസ് ബര്‍ഷിമിന്റെ പ്രകടനത്തില്‍ നിന്ന്

സ്‌റ്റേഡിയം നിറഞ്ഞ കാണികളുടെ ആവേശാരവങ്ങളെ സാക്ഷിയാക്കി മുതാസ് ബര്‍ഷിം ബാറിനു മുകളിലൂടെ ഒരുപറവയെപോലെ പറന്നിറങ്ങിയപ്പോള്‍ ഖത്തറിനത് പുതുചരിത്രമായി. ലോക അത്‌ലറ്റിക്‌സ് ഹൈജമ്പില്‍ രാജ്യത്തിന്റെ അഭിമാനതാരം ബര്‍ഷിം ലോകചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. അസാധാരണമായ ഫോമിലായിരുന്നു ഇന്നലെ ബര്‍ഷിം. ഖത്തരികളും പ്രവാസികളും അടങ്ങുന്ന തിങ്ങിനിറഞ്ഞ കാണികളുടെ കയ്യടികളില്‍നിന്നും ആര്‍പ്പുവിളികളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടായിരുന്നു താരത്തിന്റെ കുതിപ്പ്.

സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ഖത്തറിന്റെ ലോകചാമ്പ്യന്‍ സ്വര്‍ണത്തിലേക്ക്് കുതിച്ചിറങ്ങിയത്. 2.37 മീറ്റര്‍ ഉയരമാണ് ബര്‍ഷിം മറികടന്നത്. മിന്നുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലും 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിട്ടുള്ള ബര്‍ഷിമിന്റെ ലോക അത്‌ലറ്റിക്‌സിലെ രണ്ടാം സുവര്‍ണനേട്ടമാണിത്. തകര്‍പ്പന്‍ ഫോമിലായിരുന്നു ഖത്തര്‍ താരം. 2.19 മുതല്‍ 2.30മീറ്റര്‍ വരെയുള്ള ഉയരങ്ങള്‍ ബര്‍ഷിം ആദ്യശ്രമത്തില്‍തന്നെ മറികടന്നു. 2.19, 2.24, 2.27, 2.30 മീറ്റര്‍ ഉയരം ആദ്യശ്രമത്തില്‍ തന്നെ മറികടന്നെങ്കിലും 2.33 മീറ്ററില്‍ ബര്‍ഷിമിന്റെ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു.

അതോടെ കാണികളുടെ മുഖത്തും പിരിമുറുക്കം. എന്നാല്‍ സമ്മര്‍ദ്ദമില്ലാതെയായിരുന്നു മൂന്നാം ചാട്ടത്തിനായി ബര്‍ഷിമെത്തിയത്. കാണികളെ അഭിവാദ്യം ചെയ്ത് കയ്യടിക്കാന്‍ ആഹ്വാനം ചെയ്തു. സ്റ്റേഡിയത്തിലുയര്‍ന്ന ആരവങ്ങള്‍ക്കിടയിലൂടെ അസാധാരണമായ കുതിപ്പിലൂടെ പറന്നിറങ്ങുകയായിരുന്നു. കാണികളൊന്നടങ്കം ആരവങ്ങളോടെ ഖത്തരി ചാമ്പ്യനെ വരവേറ്റു. തുടര്‍ന്ന് 2.35മീറ്ററും 2.37 മീറ്ററും ആദ്യശ്രമത്തില്‍തന്നെ മറികടന്ന് സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു. ആദ്യ റൗണ്ട്് മുതല്‍ ബര്‍ഷിമിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന ന്യൂട്രല്‍ അത്‌ലറ്റുകളായ മിഖായില്‍ അഖിമെന്‍കോയ്ക്കും ഇലിയ ഇവാന്യുക്കിനും 2.37 മീറ്റര്‍ ഉയരം പിന്നിടാനായില്ല.

ബര്‍ഷിമിന്റെ നാലാം ലോക അത്‌ലറ്റിക്‌സാണ് ഇത്തവണത്തേത്. 2011ല്‍ ഏഴാം സ്ഥാനവും 2013ലെ ലോക അത്‌ലറ്റിക്‌സില്‍ വെള്ളിയും 2015ല്‍ ബീജിങില്‍ നാലാം സ്ഥാനവുമായിരുന്നു. 2017ല്‍ ലണ്ടനില്‍ സ്വര്‍ണം നേടി. ലണ്ടനില്‍ 2.35 മീറ്റര്‍ ഉയരം മറികടന്നാണ് ബര്‍ഷിം സ്വര്‍ണം നേടിയത്. ബര്‍ഷിം ഇത്തവണ യോഗ്യതാ റൗണ്ടില്‍ 2.29 മീറ്റര്‍ ഉയരം മറികടന്നാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഹൈജമ്പില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവാണ്. കണങ്കാലിനേറ്റ പരുക്കു മൂലം കഴിഞ്ഞ സീസണ്‍ നഷ്ടമായ ബര്‍ഷിം ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം ലോക അത്‌ലറ്റിക്‌സ് ഫൈനലിലേക്കു മാറ്റിവെക്കുകയായിരുന്നു.

ചാമ്പ്യന്‍ഷിപ്പിലെ ഖത്തറിന്റെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുല്‍ റഹ്മാന്‍ സാംബ വെങ്കലം നേടിയിരുന്നു.ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തറിന്റെ ഒന്‍പതാമത്തെ മെഡല്‍ കൂടിയാണ് ബര്‍ഷിമിലൂടെ യാഥാര്‍ഥ്യമായത്. 2003, 2005 ചാമ്പ്യന്‍ഷിപ്പുകളില്‍ സെയ്ഫ് സഈദ് ഷഹീന്‍ (രണ്ടു സ്വര്‍ണം), 2007ല്‍ മുബാറക് ഹസ്സന്‍ ഷാമി (വെള്ളി), 2009ല്‍ ജെയിംസ് ക്വാലിയ (വെങ്കലം), 2013ല്‍ മുതാസ് ബര്‍ഷിം (വെള്ളി), 2017ല്‍ ബര്‍ഷിം(സ്വര്‍ണം), ഹാറൂണ്‍(വെങ്കലം), 2019ല്‍ സാംബ(വെങ്കലം), ബര്‍ഷിം(സ്വര്‍ണം) എന്നിങ്ങനെയാണു ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ മെഡല്‍ നേട്ടങ്ങള്‍.

വ്യക്തിഗത നേട്ടം 2.43 മീറ്റര്‍. സ്വര്‍ണം ഉറപ്പിച്ചശേഷം 2.45 മീറ്ററിന്റെ ലോകറെക്കോര്‍ഡ് മറികടക്കുന്നതിനുള്ള ശ്രമങ്ങള്‍ ബര്‍ഷിം നടത്തിയില്ല. ഹൈജമ്പിന്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച രണ്ടാമത്തെ പ്രകടനത്തിനുടമയായ ബര്‍ഷിം സ്വന്തം കാണികളുടെ മുന്നില്‍ ഒരിക്കല്‍കൂടി അസാധാരണമായ പ്രകടനം പുറത്തെടുത്ത് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി.

വേള്‍ഡ് ലീഡ് പ്രകടനത്തോടെയാണ് ബര്‍ഷിമിന്റെ സുവര്‍ണനേട്ടം.ലോക ഹൈജമ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യത്തെ അത്ലറ്റെന്ന നേട്ടവും ഇതോടെ ബര്‍ഷിം സ്വന്തമാക്കി. ഈ സ്വര്‍ണത്തോടെ മെഡല്‍പട്ടികയില്‍ പതിമൂന്നാംസ്ഥാനത്തെത്താനും ഖത്തറിനായി. ഒരു സ്വര്‍ണവും ഒരു വെങ്കലവുമാണ് ആതിഥേയര്‍ക്ക്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘തര്‍ഷീദിനോടു ചോദിക്കുക’ പുതിയ സംരംഭത്തിന് തുടക്കമായി

ഖത്തര്‍ യൂണിവേഴ്സിറ്റി വനിതാ എന്‍ജിനീയര്‍മാര്‍ അഗ്‌നിശമന റോബോട്ട് വികസിപ്പിച്ചു