in , , , , , ,

ആവേശപ്പോരാട്ടത്തില്‍ യുഎഇയെ പരാജയപ്പെടുത്തി ഖത്തര്‍ സെമിയില്‍

യുഎഇക്കെതിരെ ഗോള്‍ നേടിയ അക്രം അഫീഫിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

ദോഹ: അവസാന നിമിഷംവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് യുഎഇയെ തോല്‍പ്പിച്ച് ഖത്തര്‍ 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമിഫൈനലില്‍. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 43,780 കാണികള്‍ക്കു മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഖത്തര്‍ പുറത്തെടുത്തത്. 20, 28 മിനുട്ടുകളില്‍ അക്രം അഫീഫ്, 53-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ഹയ്‌ദോസ്, ഇഞ്ച്വറി ടൈമില്‍(94-ാം മിനുട്ട്) ബൗലേം ഖൗഖി എന്നിവരാണ് ഖത്തറിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 33, 77 മിനുട്ടുകളില്‍ അലി മബ്കൗതാണ് യുഎഇയുടെ ആശ്വാസ ഗോളുകള്‍ നേടിയത്.
ഈ വര്‍ഷം ആദ്യം യുഎഇയില്‍ നടന്ന ഏഷ്യന്‍കപ്പ് സെമിഫൈനലിലാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഖത്തര്‍ വിജയിച്ചിരുന്നു. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മറ്റൊരു ഗ്രൂപ്പ് എ മത്സരത്തില്‍ യമന്‍ ഇറാഖിനെ സമനിലയില്‍ തളച്ചു. ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി ഇറാഖ് സെമിയിലെത്തി. ആറു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഖത്തര്‍. അക്രം അഫീഫിന്റെ മികവ് ഇന്നലെ യുഎഇക്കെതിരായ ഖത്തര്‍ വിജയത്തില്‍ നിര്‍ണായകമായി.
20ാം മിനുട്ടില്‍ ഒറ്റക്കുള്ള മുന്നേറ്റത്തില്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കെയുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോളിയെ മറികടന്ന്് ഖത്തറിന്റെ ആദ്യ ഗോള്‍ അക്രം അഫീഫ് നേടി. 27-ാംമിനുട്ടിലെ ഖത്തര്‍ താരത്തെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാലിറ്റിയെടുത്ത അക്രമിന് പിഴച്ചില്ല.
രണ്ടാം പകുതിയില്‍ പക്ഷെ യുഎഇ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. ഇതിനിടയില്‍ ഹസന്‍ ഹയ്‌ദോസ്് ഖത്തറിന്റെ ലീഡുയര്‍ത്തി. ഖത്തരി ഗോളി സാദ് അല്‍ഷീബിന്റെ പിഴവില്‍നിന്നാണ് യുഎഇ രണ്ടാം ഗോള്‍ നേടിയത്. ഒരു കോര്‍ണറില്‍ നിന്നും അലി മബ്കൗതിനു ലഭിച്ച പാസ് ഗോള്‍പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു സഅദ് അല്‍ഷീബ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൈകള്‍ക്കിടയിലൂടെ വഴുതി പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്ക് കയറുകയായിരുന്നു.
മത്സരത്തിന്റെ തുടക്കംമുതല്‍ ഖത്തര്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ചില നിമിഷങ്ങളില്‍ കയ്യാങ്കളിയിലേക്ക് വഴുതാനൊരുങ്ങിയ സന്ദര്‍ഭങ്ങളില്‍ ഹസന്‍ ഹയ്‌ദോസും അല്‍മോയെസ് അലിയും അബ്ദുല്‍കരീം ഹസനുമെല്ലാം നടത്തിയ ഇടപെടലുകള്‍ ഖത്തറിന്റെ ഉയര്‍ന്ന സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ പ്രതിഫലനമായി. ആകെ 16 ഷോട്ടുകളാണ് ഖത്തര്‍ ഉതിര്‍ത്തത്.
ഇതില്‍ ലക്ഷ്യത്തിലേക്ക് ഏഴെണ്ണമായിരുന്നു. നാലെണ്ണം ഫലം കണ്ടു. ഇരുപക്ഷത്തുമായി രണ്ടു വീതം പേര്‍ മഞ്ഞക്കാര്‍ഡുകള്‍ കണ്ടു. ഡിസംബര്‍ അഞ്ച് വ്യാഴാഴ്ചയാണ് സെമിഫൈനല്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എക്‌സോണ്‍ മൊബീല്‍ ടെന്നീസ് ആറു മുതല്‍

ഏഷ്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി ഖത്തറിന്റെ അക്രം അഫീഫ്