
ദോഹ: ആസ്പയര് അക്കാഡമിയില്‍ നിന്നും 42 ബിരുദധാരികള്‍ പുറത്തിറങ്ങി. 12-ാമത് ബിരുദദാന ചടങ്ങ് കഴിഞ്ഞദിവസം ആസ്പയര് ഡോമില്‍ നടന്നു. അത്ലറ്റിക്സ്, ജിംനാസ്റ്റിക്സ്, ഫുട്ബോള്‍, ഫെന്‍സിങ്, ടേബിള്‍ടെന്നീസ്, സോക്കര്‍, സ്ക്വാഷ്, ആര്‍ച്ചറി, ഗോള്‍ഫ് എന്നിവയിലായാണ് ഇത്രയധികം പ്രതിഭാധനരായ കായികതാരങ്ങള്‍ ബിരുദംനേടി പുറത്തിറങ്ങിയത്.
ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി സലേം അഫീഫ, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്കന്റ് വൈസ് പ്രസിഡന്റും ഖത്തര്‍ അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റുമായ ഡോ.താനി ബിന്‍ അബ്ദുല്റഹ്മാന് അല്‍കുവാരി എന്നിവരും കായികമേഖലയിലെ വിദഗ്ദ്ധരും താരങ്ങളും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്തു. ഫുട്ബോളില്‍ പതിനാല്, അത്ലറ്റിക്സില് പത്ത്, ഫുട്ബോള്‍ റഫറീയിങില് നാല്, ഫെന്‍സിങ്, ജിംനാസ്റ്റിക്സ്, ഗോള്‍ഫ്, സ്ക്വാഷ് എന്നിവയില്‍ മൂന്ന് വീതം, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ് ഒന്നു വീതം ബിരുദധാരികളാണ് പുറത്തിറങ്ങിയത്.
ഇത്തരം ബിരുദം നേടി മുന്‍പ് പുറത്തിറങ്ങിയ വിദ്യാര്‍ഥികളില്‍ പലരും ഇതിനോടകം പ്രാദേശിക രാജ്യാന്തര മീറ്റുകളില്‍ പങ്കെടുത്ത് കഴിവുതെളിയിച്ചവരാണ്. യുഎഇയില്‍ നടന്ന ഏഷ്യന്‍കപ്പ് ഫുട്ബോളില്‍ കിരീടം നേടിയ ഖത്തര്‍ ടീമിലെ 70ശതമാനം പേരും ആസ്പയര് അക്കാഡമിയില്‍ നിന്നുള്ളവരാണ്. 2004ലാണ് ആസ്പയര് അക്കാഡമി പ്രവര്‍ത്തനം തുടങ്ങിയത്. മിഡില്‍ഈസ്റ്റിലെ ഏറ്റവും പ്രമുഖ കായിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്.
ഹൈജമ്പ് താരം മുതാസ് ബര്‍ഷിം, ഹാമര്‍ ത്രോ താരം അഷ്റഫ് അല്സീഫി, ജാവലിന്‍ത്രോ താരം അഹമദ് ബെദിര് മാഗൗര്, ഫുട്ബോളര് ഫഹദ് അലി ഷനൈന് അല്അബ്ദുല്റഹ്മാന്, സ്്വാഷ് താരം അബ്ദുല്ല അല്‍തമീമി എന്നിവരെല്ലാം ആസ്പയറിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു.