in ,

ആസ്പയര്‍ ടോര്‍ച്ച് സ്‌റ്റെയര്‍കേസ് റണ്ണിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

ദോഹ: ആസ്പയര്‍ ടോര്‍ച്ച് ടവര്‍ സ്റ്റെയര്‍കേസ് ഓടിക്കയറാനുള്ള മല്‍സരത്തിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ആസ്പയര്‍ സോണിന്റെ നേതൃത്വത്തില്‍ ഇതു തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ആസ്പയര്‍ സോണ്‍ ടോര്‍ച്ച് ഹോട്ടലില്‍ ഒക്ടോബര്‍ 25ന് ഉച്ചക്ക് ഒന്നു മുതല്‍ വൈകുന്നേരം ആറുവരെയാണ് മത്സരം.

300 മീറ്റര്‍ ഉയരമുള്ള ടവറിന്റെ 51-ാം നിലയിലേക്ക് ഓടിക്കയറുന്ന വിധത്തിലാണ് മല്‍സരം ക്രമീകരിച്ചിരിക്കുന്നത്. 1304 പടികളാണ് പിന്നിടേണ്ടത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ ലഭിക്കും.

എട്ടു വയസിനു മുകളിലുള്ളവര്‍ക്കാണു പങ്കെടുക്കാന്‍ അവസരം. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി വിവിധ വിഭാഗങ്ങളിലായാണ് മത്സരം. ജൂനിയര്‍(എട്ടിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ളവര്‍) വിഭാഗത്തില്‍ 19-ാം നില വരെ ഓടിക്കയറണം.

18നും 39വയസിനുമിടയില്‍ പ്രായമുള്ളവരാണ് രണ്ടാം വിഭാഗത്തില്‍. 40വയസിനു മുകളില്‍ പ്രായമുള്ളവര്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍. ഈ രണ്ടു വിഭാഗങ്ങളില്‍ മത്സരിക്കുന്നവരും 51 നിലകളും ഓടിക്കയറണം. പുരുഷ, വനിതാ മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ചു കൂടിയാണ് ഇത്തവണത്തെ മത്സരം. ദി ടോര്‍ച്ചിനു സമീപത്തായി പ്രത്യേക വാന്‍ സജ്ജമാക്കും. ഇവിടെ സൗജന്യ പരിശോധനക്കുള്ള സൗകര്യമുണ്ടാകും.

വിനോദ പ്രവര്‍ത്തനങ്ങളും ഭക്ഷണപാനീയങ്ങളും ഉള്‍ക്കൊള്ളുന്ന കമ്യൂണിറ്റി ഫാന്‍ സോണുണ്ടാകും. താല്‍പര്യമുള്ളവര്‍ക്ക് ആസ്പയര്‍ സോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. അംബര ചുംബികളായ കെട്ടിടങ്ങളിലേക്ക് ഓടിക്കയറുന്ന മല്‍സര ഇനമായ ടവര്‍ റണ്ണിങ് ഇതിനോടകം ലോകശ്രദ്ധ നേടിക്കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.

യൂറോപ്, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന വിവിധ മല്‍സരങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് കണക്ക്. ആസ്പയര്‍ ടോര്‍ച്ച് ടവര്‍ റണ്ണില്‍ ഇത്തവണ നല്ല പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2012ലാണ് ടോര്‍ച്ച് ടവര്‍ സ്റ്റെയര്‍കേസ് റണ്ണിന് തുടക്കംകുറിക്കുന്നത്. ന്യുയോര്‍ക്കിലെ എംപയര്‍ സ്‌റ്റേറ്റ് ബില്‍ഡിങ് റണ്‍-അപ്പ്, ജര്‍മനിയിലെ ബെര്‍ലിന്‍ സ്‌കൈ ടൈവര്‍ എന്നിവയോട് കിടപിടിക്കുന്നവിധത്തില്‍ ജനപ്രീതിയും സ്വീകാര്യതയും നേടിയിട്ടുണ്ട് ആസ്പയര്‍ ടോര്‍ച്ച് സ്‌റ്റെയര്‍കേസ് റണ്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയം പൂര്‍ത്തീകരണ ഘട്ടത്തില്‍

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഒസാക സര്‍വീസ് 2020ല്‍