in , ,

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍ വിപുലമായ വേനല്‍ക്കാല പരിപാടികള്‍

കായികപ്രേമികള്‍ക്കായി സ്പ്ലാഷ് ആന്റ് ഡാഷ് പ്രോഗ്രാം ജൂലൈ മൂന്നു മുതല്‍

ദോഹ: ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍ വിപുലമായ വേനല്‍ക്കാല പരിപാടികള്‍ സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാംതവണയാണ് ആസ്പയര്‍ സോണ്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറു മുതല്‍ പതിനാല് വയസുവരെ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

കുട്ടികള്‍ക്ക് വേനല്‍അവധിദിനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനുതകുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ആസ്പയറിന്റെ ആറാമത് സ്പ്ലാഷ് ആന്റ് ഡാഷ് പരിപാടിയും ഇക്കാലയളവില്‍ ക്രമീകരിച്ചിട്ടുണ്ട്. വിവിധങ്ങളായ കായികപരിപാടികളാണ് സ്പ്ലാഷ് ആന്റ് ഡാഷില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ ലോകനിലവാരത്തിലുള്ള വേദികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താം.

കായികപ്രേമികള്‍ക്കായാണ് സ്പ്ലാഷ് ആന്റ് ഡാഷ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജൂലൈ മൂന്നു മുതല്‍ ഓഗസ്റ്റ് 25വരെയായിരിക്കും സ്പ്ലാഷ് ആന്റ് ഡാഷ്. കായികപ്രേമികള്‍ക്ക് ആസ്പയര്‍ ഡോമിന്റെ സ്വിമ്മിങ് പൂള്‍, ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ട്രാക്ക് എന്നിവയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഓഗസ്റ്റ് അവസാനം വരെ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മുതല്‍ രാത്രി ഒന്‍പതുവരെ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.

ആറു വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ആസ്പയര്‍ ഡോമിന്റെ പ്രധാന കവാടത്തിലാണ് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു ദിവസത്തേക്ക് 25 റിയാലും ഒരുമാസത്തേക്ക് 400 റിയാലുമാണ് ഫീസ്.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളെ ശാരീരികവ്യായാമങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേനലില്‍ ഫിറ്റായി ഇരിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആസ്പയര്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഇന്‍ഡോര്‍ ഫിറ്റ്‌നസ് പരിപാടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോഴത്തെ സ്പ്ലാഷ് ആന്റ് ഡാഷ് പ്രോഗ്രാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍് ആസ്പയര്‍ സോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങി സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും ലഭ്യമാണ്. കുട്ടികള്‍ക്കായുള്ള സമ്മര്‍ക്യാമ്പ് ജൂലൈ ഏഴു മുതല്‍ ജൂലൈ 31വരെ നടക്കും.

ആസ്പയര്‍ ഡോം, ലേഡീസ് സ്‌പോര്‍ട്‌സ് ഹാള്‍, ആസ്പയര്‍പാര്‍ക്ക് എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നടക്കുന്നത്. ആഴ്ചയില്‍ നാലു ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയായിരിക്കും പരിപാടികള്‍. വിവിധ തരം കായിക ഇനങ്ങള്‍, പ്രത്യേകിച്ചും ഫുട്‌ബോള്‍, തായ്‌ക്വോണ്ടോ, നീന്തല്‍, ജിംനാസ്റ്റിക്‌സ്, എയ്‌റോബിക്‌സ് തുടങ്ങിയവയുടെയെല്ലാം ഭാഗമാകാനുള്ള അവസരമുണ്ടാകും.

നിരവധി വിനോദ പരിപാടികളില്‍ പങ്കെടുക്കാനും വെല്ലുവിളികള്‍ തരണം ചെയ്യാനും അവസരമുണ്ട്. ഖത്തറിലെ വിവിധ ആകര്‍ഷക കേന്ദ്രങ്ങളിലേക്ക് വിദ്യാഭ്യാസ സന്ദര്‍ശനത്തിനും അവസരമുണ്ട്. കത്താറയിലെ അല്‍തുറായ പ്ലാനറ്റേറിയം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, കിഡ്‌സാനിയ എന്നിവിടങ്ങളിലുള്‍പ്പടെയാണ് സന്ദര്‍ശനം നടത്തുന്നത്.

വിവിധ വിഷയങ്ങളില്‍ നിരവധി പ്രഭാഷണങ്ങളും സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 200ലധികം കുട്ടികളാണ് ക്യാമ്പില്‍ പങ്കാളികളായത്. ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ആസ്പയര്‍ സോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കമ്യൂണിറ്റി കോളേജ് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു