in ,

ആസ്പയര്‍ സോണ്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു; 250ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു

ആസ്പയര്‍ സോണ്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ സമ്മര്‍ ക്യാമ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ദോഹ: ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ വേനല്‍ക്കാല പരിപാടികള്‍ക്ക് സമാപനമായി. പരിപാടികളില്‍ വിദ്യാര്‍ഥികളുടെ വര്‍ധിച്ച പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. നാലാഴ്ചകളിലായി നീണ്ട പരിപാടികളില്‍ ആറു മുതല്‍ 13 വയസുവരെ പ്രായമുള്ള 250ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയം, കത്താറയുടെ തുറായ പ്ലാനറ്റേറിയം, കിഡ്‌സാനിയ ദോഹ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മ്യൂസിയം സന്ദര്‍ശനത്തിനിടെ ഖത്തറിന്റെ 700 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭൂമിശാസ്ത്ര ചരിത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പൂര്‍വികരെക്കുറിച്ചും പഴയ നഗരങ്ങളുടെ സ്ഥാപനത്തെക്കുറിച്ചും അടുത്തറിയാന്‍ സന്ദര്‍ശനം സഹായകമായി.

ഖത്തരി സമൂഹത്തിന്റെയും ജനങ്ങളുടെയും ദ്രുതഗതിയിലുള്ള നവീകരണം മനസിലാക്കാനും സന്ദര്‍ശനം സഹായകമായി. ഖത്തറിന്റെ ചരിത്ര, പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള ഫീല്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ട്രിപ്പ്.

കുട്ടികള്‍ക്ക് സമ്പന്നമായ വിദ്യാഭ്യാസ സാംസ്‌കാരിക അവസരങ്ങളാണ് സന്ദര്‍ശനത്തിലൂടെ തുറന്നുകിട്ടിയത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് ആസ്പയര്‍ സോണ്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് വേനല്‍അവധിദിനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനുതകുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചതെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ വെന്യൂസ് ആന്റ് ഈവന്റ്‌സ് ഡയറക്ടര്‍ അബ്ദുല്ല അമാന്‍ അല്‍ഖാതിര്‍ പറഞ്ഞു.

വരാനിരിക്കുന്ന ശൈത്യകാല സ്‌കൂള്‍ അവധിയോടനുബന്ധിച്ചും ക്യാമ്പ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അല്‍ഖാതിര്‍ പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ആസ്പയറിന്റെ ആറാമത് സ്പ്ലാഷ് ആന്റ് ഡാഷ് പരിപാടിയും സംഘടിപ്പിച്ചിരുന്നു.

ആസ്പയര്‍ ഡോം, ലേഡീസ് സ്‌പോര്‍ട്‌സ് ഹാള്‍, ആസ്പയര്‍പാര്‍ക്ക് എന്നിവിടങ്ങളിലായിട്ടായിരുന്നു സമ്മര്‍ക്യാമ്പിന്റെ ഭാഗമായ കായിക പരിപാടികള്‍ നടന്നത്. ആഴ്ചയില്‍ നാലു ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയായിരുന്നു പരിപാടികള്‍.

വിവിധ തരം കായിക ഇനങ്ങള്‍, പ്രത്യേകിച്ചും ഫുട്‌ബോള്‍, തായ്‌ക്വോണ്ടോ, നീന്തല്‍, ജിംനാസ്റ്റിക്‌സ്, എയ്‌റോബിക്‌സ്, വോളിബോള്‍, അത്‌ലറ്റിക്‌സ്, ലോങ്ജമ്പ്, ടെന്നീസ് ബാഡ്മിന്റണ്‍ തുടങ്ങിയവയുടെയെല്ലാം ഭാഗമാകാനുള്ള അവസരമൊരുക്കി.നിരവധി വിനോദ പരിപാടികളില്‍ പങ്കെടുക്കാനും വെല്ലുവിളികള്‍ തരണം ചെയ്യാനുമുള്ള അവസരം കുട്ടികള്‍ ഫലപ്രദമായി ഉപയോഗിച്ചു.

വിവിധ വിഷയങ്ങളില്‍ നിരവധി പ്രഭാഷണങ്ങളും സെഷനുകളും സംഘടിപ്പിച്ചു. കത്താറ കള്‍ച്ചറല്‍ വില്ലേജ്, കിഡ്‌സാനിയ, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, കേജ് സ്‌പോര്‍ട്ട്, പ്ലാനറ്റ് മെഡിക്കല്‍ സെന്റര്‍, സ്റ്റെം എക്‌സ്‌പ്ലോറേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 200ലധികം കുട്ടികളാണ് ക്യാമ്പില്‍ പങ്കാളികളായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

രാജ്യാന്തര ഒളിമ്പ്യാഡ്: ഖത്തരി വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ക്യുഎന്‍ആര്‍എഫ്

മൊറോക്കോ ഫെസ്റ്റിവലിലെ ഗന്നാസ് സൊസൈറ്റിയുടെ പങ്കാളിത്തം സമാപിച്ചു