
ദോഹ: ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ വേനല്‍ക്കാല പരിപാടികള്‍ക്ക് ആകര്‍ഷകമാകുന്നു. പരിപാടികളില്‍ വിദ്യാര്‍ഥികളുടെ വര്‍ധിച്ച പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി.
ഖത്തറിന്റെ 700 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭൂമിശാസ്ത്ര ചരിത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പൂര്‍വികരെക്കുറിച്ചും പഴയ നഗരങ്ങളുടെ സ്ഥാപനത്തെക്കുറിച്ചും അടുത്തറിയാന്‍ സന്ദര്‍ശനം സഹായകമായി. ഖത്തരി സമൂഹത്തിന്റെയും ജനങ്ങളുടെയും ദ്രുതഗതിയിലുള്ള നവീകരണം മനസിലാക്കാനും സന്ദര്‍ശനം സഹായകമായിട്ടുണ്ട്. ഖത്തറിന്റെ ചരിത്ര, പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള ഫീല്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ട്രിപ്പ്.

കുട്ടികള്‍ക്ക് സമ്പന്നമായ വിദ്യാഭ്യാസ സാംസ്‌കാരിക അവസരങ്ങളാണ് സന്ദര്‍ശനത്തിലൂടെ തുറന്നുകിട്ടിയത്. സംവേദനാത്മക കാലക്രമ പ്രദര്‍ശനങ്ങളിലൂടെ ഖത്തറിന്റെ പൈതൃകത്തെക്കുറിച്ച് കുട്ടികള്‍ മനസിലാക്കുകയും ചെയ്തു.
തുടര്‍ച്ചയായ രണ്ടാംതവണയാണ് ആസ്പയര്‍ സോണ്‍ സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറു മുതല്‍ പതിനാല് വയസുവരെ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കുട്ടികള്‍ക്ക് വേനല്‍അവധിദിനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനുതകുന്ന വിധത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ആസ്പയറിന്റെ ആറാമത് സ്പ്ലാഷ് ആന്റ് ഡാഷ് പരിപാടിയും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്കായുള്ള സമ്മര്‍ക്യാമ്പ് ജൂലൈ 31വരെ നടക്കും. ആസ്പയര്‍ ഡോം, ലേഡീസ് സ്‌പോര്‍ട്‌സ് ഹാള്‍, ആസ്പയര്‍പാര്‍ക്ക് എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നടക്കുന്നത്. ആഴ്ചയില്‍ നാലു ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ് പരിപാടികള്‍.
വിവിധ തരം കായിക ഇനങ്ങള്‍, പ്രത്യേകിച്ചും ഫുട്‌ബോള്‍, തായ്‌ക്വോണ്ടോ, നീന്തല്‍, ജിംനാസ്റ്റിക്‌സ്, എയ്‌റോബിക്‌സ്, വോളിബോള്‍, അത്‌ലറ്റിക്‌സ്, ലോങ്ജമ്പ്, ടെന്നീസ് ബാഡ്മിന്റണ്‍ തുടങ്ങിയവയുടെയെല്ലാം ഭാഗമാകാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. നിരവധി വിനോദ പരിപാടികളില്‍ പങ്കെടുക്കാനും വെല്ലുവിളികള്‍ തരണം ചെയ്യാനും അവസരമുണ്ട്.
ഖത്തറിലെ വിവിധ ആകര്‍ഷക കേന്ദ്രങ്ങളിലേക്ക് വിദ്യാഭ്യാസ സന്ദര്‍ശനത്തിനും അവസരമുണ്ട്. കത്താറയിലെ അല്‍തുറായ പ്ലാനറ്റേറിയം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, കിഡ്‌സാനിയ എന്നിവിടങ്ങളിലുള്‍പ്പടെയാണ് സന്ദര്‍ശനം.
വിവിധ വിഷയങ്ങളില്‍ നിരവധി പ്രഭാഷണങ്ങളും സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. കത്താറ കള്‍ച്ചറല്‍ വില്ലേജ്, കിഡ്‌സാനിയ, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, കേജ് സ്‌പോര്‍ട്ട്, പ്ലാനറ്റ് മെഡിക്കല്‍ സെന്റര്‍, സ്റ്റെം എക്‌സ്‌പ്ലോറേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 200ലധികം കുട്ടികളാണ് ക്യാമ്പില്‍ പങ്കാളികളായത്.