Thursday, January 23

ആസ്പയറില്‍ പരിശീലനത്തിനായി പത്ത് ലോകോത്തര ഫുട്‌ബോള്‍ ടീമുകള്‍

Spread the love
ആസ്പയറില്‍ 2019ല്‍ ശൈത്യകാല പരിശീലനം നടത്തുന്ന ബയേണ്‍ മ്യൂണിച്ച് താരങ്ങള്‍(ഫയല്‍ ചിത്രം)

ദോഹ: ആസ്പയര്‍ അക്കാഡമിയില്‍ ശൈത്യകാല പരിശീലനത്തിനായി പത്ത് ലോകോത്തര ഫുട്‌ബോള്‍ ടീമുകള്‍ ജനുവരിയിലെ വരുംദിവസങ്ങളിലായെത്തും. ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ലോകോത്തര സൗകര്യങ്ങളാണ് ആസ്പയറില്‍ ഒരുക്കിയിരിക്കുന്നത്.
മികച്ച പരിശീലന സൗകര്യങ്ങള്‍, താമസ കേന്ദ്രങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയെല്ലാം സജ്ജമാണ്. ആദ്യമെത്തുന്നത് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിലെ വമ്പന്‍മാരായ ബയേണ്‍ മ്യൂണിച്ച് ടീമാണ്. ബുണ്ടസ്‌ലിഗ മത്സരങ്ങള്‍ക്കു മുന്നോടിയായിട്ടാണ് ടീമിന്റെ ദോഹ സന്ദര്‍ശനം. ജനുവരി പത്തുവരെ ക്യാമ്പ് തുടരും. തോമസ് മുള്ളര്‍, മാന്വല്‍ ന്യൂയര്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, തിയാഗോ അല്‍കാന്റര ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്. മികച്ച പരിശീലന സൗകര്യങ്ങളും അനുയോജ്യമായ കാലാവസ്ഥയും മികച്ച സാങ്കേതിക സംവിധാനങ്ങളുമാണ് പരിശീലനത്തിനായി ദോഹയെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ബയേണ്‍ മ്യൂണിച്ച് അധികൃതര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലും ബയേണ്‍ മ്യൂണിച്ച് ടീം ശൈത്യകാല പരിശീലനത്തിനായി ദോഹയിലെത്തിയിട്ടുണ്ട്. ഇത്തവണ പത്താം തവണയാണ് ബയേണ്‍ മ്യൂണിച്ച് സാന്നിധ്യമറിയിക്കുന്നത്. ഹോളണ്ടിന്റെ പിഎസ്‌വി ഇന്‍ദോവന്‍ ക്ലബ്ബും ബെല്‍ജിയത്തിന്റെ ക്ലബ്ബ് ബ്രഗിയും എഎഫ്‌സി അജാക്‌സും ജനുവരി 12 വരെയും ഖത്തറിന്റെ കൂടി ഓഹരിപങ്കാളിത്തമുള്ള കാസ് യൂപെന്‍ ഏഴു മുതല്‍ 14 വരെയും എഫ്‌സി സെനിറ്റ് ജനുവരി 13 മുതല്‍ 25വരെയും റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ജനുവരി 16 മുതല്‍ 26വരെയും ആസ്പയറില്‍ പരിശീലനം നടത്തും. ആസ്പയറിലെ പരിശീലന ക്യാമ്പുകളില്‍ മിഡില്‍ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, രാജ്യങ്ങളിലെ അത്‌ലറ്റുകളുടെ തുടര്‍ച്ചയായ പങ്കാളിത്തമുണ്ടാകാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ മള്‍ട്ടിപര്‍പ്പസ് ഡോം ആസ്പയറിലാണ്. ലോകനിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സൗകര്യങ്ങളാണ് കായികതാരങ്ങള്‍ക്ക് ആസ്പയര്‍ നല്‍കുന്നതെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.