
ദോഹ: ആസ്പയര്‍ പാര്‍ക്കില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഖത്തറിലെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവലിന് മികച്ച പ്രതികരണം. ഉദ്ഘാടനദിവസത്തില്‍ തന്നെ 3000ലധികം പേരാണ് മേള വീക്ഷിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കെടുക്കാനുമെത്തിയത്. 13 രാജ്യങ്ങളില്‍നിന്നുള്ള 33 ഹോട്ട് എയര്‍ ബലൂണുകള്‍ ഖത്തറിന്റെ ആകാശത്ത് വിസ്മയകാഴ്ചകള്‍ സമ്മാനിക്കുന്ന മേള ഡിസംബര്‍ 18വരെ തുടരും. കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നതാണ് ബലൂണ്‍ മേള.
ഖത്തറിനു പുറമെ യുകെ, ഇന്ത്യ, അമേരിക്ക, ഇറ്റലി, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ഫ്രാന്‍സ് രാജ്യങ്ങള്‍ മേളയില്‍ പങ്കാളികളാകുന്നുണ്ട്. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ സംഗീതവും കുട്ടികള്‍ക്ക് വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്നും ഒഴിവുസമയം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് മേള പ്രദാനം ചെയ്യുന്നതെന്നും സംഘാടകര്‍ പറഞ്ഞു. അറേബ്യന്‍ ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, ഖത്തര്‍ ദേശീയദിനാഘോഷങ്ങള്‍ എന്നീ മൂന്നു സുപ്രധാന പരിപാടികള്‍ക്കിടെയാണ് ബലൂണ്‍ മേളയെന്നത് ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതായി സംഘാടകസമിതിയംഗം നൂഫ് അല്‍സഫര്‍ വിശദീകരിച്ചു. ഹോട്ട് എയര്‍ ബലൂണുകള്‍ 45 മുതല്‍ 60 മിനുട്ട് സമയംവരെ ആകാശത്ത് വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കും. ആകാശത്തിന് ഛായം പകരുന്നവിധത്തിലാണ് ബലൂണുകളെ വിന്യസിക്കുന്നത്.
മേളയുടെ ഭാഗമായി നിരവധി സ്റ്റാളുകളില്‍ ആസ്വാദ്യമായ ഭക്ഷണരുചി പരിചയപ്പെടുത്തുന്നു. സേഫ് ഫ്‌ളൈറ്റ് സൊലൂഷന്‍സാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ എയര്‍വേയ്‌സ്, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഹെര്‍ട്ട്‌സ്, ഔറ ഹോസ്പിറ്റാലിറ്റി എന്നിവയുടെ സഹകരണവുമുണ്ട്.
മികച്ച അനുഭവമായിരിക്കും മേളയെന്ന് സേഫ് ഫ്‌ളൈറ്റ് സൊലൂഷന്‍സ് സിഇഒ ക്യാപ്റ്റന്‍ ഹസന്‍ അല്‍മൗസാവി പറഞ്ഞു. ഇത്തരം പരിപാടികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ പ്രതിനിധി ജവഹര്‍ അല്‍ഖുസൈ പറഞ്ഞു. ഖത്തറില്‍ നടക്കുന്ന നിരവധി വിനോദ പരിപാടികള്‍ക്ക് മുതല്‍കൂട്ടാണ് ബലൂണ്‍ മേള. ആസ്പയറിന്റെ വിനോദപരിപാടികളുടെ കലണ്ടറിലെ പുതിയ കൂട്ടിച്ചേര്‍ക്കലാണ് മേളയെന്ന് ആസ്പയര്‍ സോണ്‍ ഇവന്റ്‌സ് ആന്റ് ഫെസിലിറ്റീസ് ഡയറക്ടര്‍ അബ്ദുള്ള അമാന്‍ അല്‍ഖാതിര്‍ പറഞ്ഞു.