
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇക്വഡോറിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് ചര്‍ച്ചയായത്. നിലവിലെ സാഹചര്യങ്ങള്‍ ഇക്വഡോറിയന്‍ പ്രസിഡന്റ് അമീറിനോടു വിശദീകരിച്ചു. രാജ്യത്ത് സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ പിന്തുണ അമീര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെയും സഹകരണത്തിന്റെയും ആഴവും അമീര്‍ സ്ഥിരീകരിച്ചു. ടുണീഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡോ.കെയ്‌സ് സെയിദുമായും അമീര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ഡോ.കെയ്‌സ് സെയിദിനെ അമീര്‍ അഭിനന്ദിച്ചു.
വിപ്ലവത്തിന്റെ തുടക്കംമുതല്‍ ടുണീഷ്യയുമായുള്ള ഖത്തറിന്റെ നിലപാടും സഹോദര ടുണീഷ്യന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്കുള്ള പിന്തുണയും അമീര്‍ സ്ഥിരീകരിച്ചു. ടുണീഷ്യയുടെ ജനാധിപത്യ അനുഭവത്തിന്റെ വിജയത്തെ അമീര്‍ പ്രശംസിച്ചു. അമീറിനും ഖത്തര്‍ ഭരണനേതൃത്വത്തിനും ജനങ്ങള്‍ക്കും ഡോ.കെയിസ് സെയ്ദ് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി.