
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) ആംബുലന്‍സ് സര്‍വീസ് ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങി. അപകട, അത്യാഹിത മേഖലകളില്‍ നിരീക്ഷണശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്താന്‍ ഡ്രോണുകള്‍ ആംബുലന്‍സ് സര്‍വീസ് ടീമുകളെ സഹായിക്കും. കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ സംഭവങ്ങളോടു മികച്ച രീതിയില്‍ പ്രതികരിക്കാനും ഏറ്റവും മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കാനുമാകും.
കഴിഞ്ഞ സെപ്തംബറില്‍ ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇവ ആവശ്യാനുസരണം ഉപയോഗിച്ചുവരുന്നു. ഖത്തറിലെ ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് സര്‍വീസിന്റെ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മറ്റൊരു ചുവടുവയ്പ്പാണ് ഡ്രോണുകളുടെ സേവനമെന്ന് എച്ച്എംസി ആംബുലന്‍സ് സര്‍വീസ് ഹെല്‍ത്ത്‌കെയര്‍ കോര്‍ഡിനേഷന്‍ ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തോമസ് റെയ്ന്‍മാന്‍ വിശദീകരിച്ചു. വൈവിധ്യമാര്‍ന്ന ഘടകങ്ങളെ നന്നായി മനസിലാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ സങ്കീര്‍ണമായ രംഗത്തിന്റെ വിശദമായ അവലോകനം ഡ്രോണുകളിലൂടെ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടമാണെങ്കില്‍ പരിക്കേറ്റവരുടെ എണ്ണം, ഏതു തരത്തിലുള്ള അപകടമാണെന്നതും അപകടത്തിന്റെ വ്യാപ്തിയും, ആംബുലന്‍സ് യൂണിറ്റുകളുടെ കൃത്യമായ സ്ഥാനം, പ്രവേശന, നിര്‍ഗമന റൂട്ടുകള്‍ തുടങ്ങിയവയെല്ലാം കൃത്യമായി മനസിലാക്കാനാകും.സംഭവ സ്ഥലത്തിനടുത്തുള്ള ആംബുലന്‍സ് സര്‍വീസ് ഉദ്യോഗസ്ഥരായിരിക്കും ഡ്രോണുകള്‍ നിയന്ത്രിക്കുന്നത്.
എന്നിരുന്നാലും നേരത്തെ തയാറാക്കിയ പ്രോഗ്രാമിങ് മുഖേന നിശ്ചിത പറക്കല്‍പാതയിലൂടെ ഓപ്പറേറ്ററില്‍നിന്നും വളരെ ദൂരം പറക്കാന്‍ ഡ്രോണിന് സാധിക്കും. നിലവിലെ സേവനങ്ങളിലെ മൂല്യമേറിയ കൂട്ടിച്ചേര്‍ക്കലാണ് ഡ്രോണുകളെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അവയുടെ സേവനം വിലപ്പെട്ടതാണെന്നും എച്ച്എംസി ആംബുലന്‍സ് സര്‍വീസ് കമ്യൂണിക്കേഷന്‍ ടെക്‌നോളജീസ് സീനിയര്‍ മാനേജര്‍ റാഷിദ് ആന്‍ദൈല വിശദീകരിച്ചു. ഞങ്ങള്‍ ഇപ്പോഴും ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, പക്ഷേ സംഭവ രംഗങ്ങള്‍ പൂര്‍ണ്ണമായി വിലയിരുത്താനുള്ള ശേഷി വര്‍ധിപ്പിക്കാനാകുന്നുണ്ട്. ഡ്രോണ്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ പ്രാദേശികമായി ഒരു ബെസ്‌പോക്ക് വ്യൂവിംഗ് കേസ് വഴി കാണാം. അല്ലെങ്കില്‍ മൊബൈല്‍ കമാന്‍ഡ്് കണ്‍ട്രോള്‍ വാഹനം മുഖേനയോ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും എച്ച്എംസി കമ്പ്യൂട്ടര്‍ മുഖേനയോ സ്ട്രീം ചെയ്യാം.
സീലൈന്‍ പോലെ എത്താന്‍ പ്രയാസമുള്ള മേഖലകളില്‍ അപകടരംഗങ്ങള്‍ വിലയിരുത്തുന്നതില്‍ ശേഷി മെച്ചപ്പെടുത്തുന്നതിനും ഡ്രോണുകള്‍ സഹായകമാണ്. വേഗത്തിലുള്ള വിലയിരുത്തലുകളിലൂടെ ഏതു പ്രതികരണയൂണിറ്റുകളാണ് സാഹചര്യത്തിന് ഏറ്റവും യോജിച്ചതെന്ന് വേഗത്തിലും കൃത്യമായും നിര്‍ണയിക്കാനാകുമെന്നും ആന്‍ദൈല കൂട്ടിച്ചേര്‍ത്തു. റോഡപകടങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള ഇടപെടലിന് പൈലറ്റ് ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്രോണുകള്‍ ഉപയോഗിച്ച് വ്യക്തികളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റാനാകും. അടിയന്തരഘട്ടങ്ങളില്‍ ഗതാഗതക്കുരുക്കിന്റയും മറ്റും പ്രശ്‌നങ്ങളും ഇതോടെ ഉണ്ടാവില്ല.