in ,

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കിത്തുടങ്ങി

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നു

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിനു തുടക്കമായി.

മന്ത്രാലയത്തിലെ മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പ്, ദോഹ മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെയും പൊതു ശുചിത്വ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍. മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവും ശുചിത്വവും ഉറപ്പുവരത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കഴിഞ്ഞദിവസമാണ് സംയുക്ത കാമ്പയിന് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുടക്കംകുറിച്ചത്.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റി വൈസ് ചെയര്‍മാനും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്റ്ററേറ്റ്‌സ് വകുപ്പ് ഡയറക്ടര്‍ സാലേഹ് ഹസന്‍ അല്‍കുവാരി, മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ മര്‍സൂഖ് മുബാറക്ക് അല്‍മിസ്ഫിരി, ദോഹ മുനിസിപ്പാലിറ്റി ജനറല്‍ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ഗാനിം നാസര്‍ അല്‍ഖുബൈസി, ആഭ്യന്തരമന്ത്രാലയം, ആഭ്യന്തര സുരക്ഷാസേന(ലഖ്‌വിയ) എന്നിവയിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 16 മുതല്‍ 52വരെയുള്ള ഭാഗങ്ങളിലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന എല്ലാ വാഹനങ്ങളും നീക്കം ചെയ്യുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച മാത്രം ഏകദേശം 75 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തുകയും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

കാമ്പയിന്റെ ഭാഗമായി 7000നും 10000നുമിടയില്‍ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കാമ്പയിന്‍ മൂന്നു മാസം വരെ തുടര്‍ന്നേക്കും. നീക്കം ചെയ്യുന്ന വാഹനങ്ങള്‍ അല്‍മഷാഫിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ സൂക്ഷിക്കുന്ന യൂണിറ്റിലേക്ക മാറ്റിയിട്ടുണ്ട്.

ഈ യൂണിറ്റില്‍ 25000 വരെ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. 3000 വാഹനങ്ങള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉംസലാലിലും യൂണിറ്റ് തുറന്നിട്ടുണ്ട്. അല്‍മഷാഫിലെയും അബുഹമൂറിലെയും യൂണിറ്റുകളിലെ ജോലിഭാരം കുറയ്ക്കുകയാണ് ഉംസലാല്‍ യൂണിറ്റ് തുറന്നതിലൂടെ ലക്ഷ്യമിടുന്നത്.

ദോഹ മുനിസിപ്പാലിറ്റി, അല്‍ഷഹാനിയ, ദായേന്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയ കാമ്പയിന്റെ തുടര്‍ച്ചയായാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം ഇതുവരെയായി 4950 വാഹനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നീക്കംചെയ്തത്.

2017ലെ 18-ാം നമ്പര്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണിത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 18,000 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡരികുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്‍ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളെയാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.

മുനിസിപ്പാലിറ്റിയിലെ ജനറല്‍ സൂപ്പര്‍വിഷന്‍ വകുപ്പും മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പും യോജിച്ചാണ് പ്രവര്‍ത്തനം. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ലഖ്‌വിയയുടെയും വാഹനങ്ങളും ഉപകരണങ്ങളും ക്യാമ്പയ്‌നില്‍ പങ്കാളിയായി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ആറുമാസം വരെ അബുഹമൂര്‍, ഉംസലാല്‍, മഷാഫ് യാര്‍ഡുകളില്‍ സൂക്ഷിക്കും.

അതിനുശേഷം ഈ വിഷയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കൈമാറും. റോഡ് പെര്‍മിറ്റും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനുള്ള നടപടികള്‍ക്കായാണിത്. തുടര്‍ന്ന് പൊളിച്ചുമാറ്റി വില്‍ക്കുന്നതിനായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് കൈമാറും.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ 184 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൗരന്‍മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും വിവരമറിയിക്കാം. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റിയെ നേരിട്ടും വിവരമറിയിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡിഎഫ്‌ഐ സഹായത്തോടെ നിര്‍മിച്ച 11 ചിത്രങ്ങള്‍ സരയാവോ ഫെസ്റ്റിവലില്‍

സ്‌കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ശ്രദ്ധേയമായി